‘സാന്ത്വനം സംഗമം 2013’ റിലീഫ് വിതരണം ഇന്ന് വൈത്തിരിയില്‍

Posted on: July 7, 2013 9:03 am | Last updated: July 7, 2013 at 9:03 am

കല്‍പ്പറ്റ: തളിയപ്പാടത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ‘സാന്ത്വനം സംഗമം 2013’ റിലീഫ് വിതരണം ഇന്ന് വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കല്‍പ്പറ്റ ദാറുല്‍ഫലാഹില്‍ ഇസ്‌ലാമിയ്യ,സമസ്ത കേരള സുന്നീ യുവജന സംഘം ജില്ലാ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തി വരുന്ന അഞ്ചാമത് റിലീഫ് സംഗമമാണിത്.
6000 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ്, 1000ത്തോളം കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസ-ഭവന-ചികിത്സാ-വിവാഹ സഹായങ്ങളുടെ വിതരണം, ശുദ്ധജല വിതരണ പദ്ധതി സമര്‍പ്പണം, അവാര്‍ഡ് ദാനം എന്നിവയാണ് ഇത്തവണ സാന്ത്വന സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. കര്‍ഷകരും ആദിവാസികളും ഉള്‍പ്പെടെ പിന്നാക്ക കുടുംബങ്ങള്‍ താമസിക്കുന്ന വയനാട് ജില്ലയിലെ കാരുണ്യ സേവനങ്ങള്‍ക്ക് കല്‍പറ്റ ദാറുല്‍ ഫലാഹ് ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ സയ്യിദ് അഹ്ദല്‍ അവാര്‍ഡ് ട്രസ്റ്റ് ചെയര്‍മാന്‍ കരീം ടി അബ്ദുല്ലക്ക് അഖിലേന്ത്യാസുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംഗമത്തില്‍ സമ്മാനിക്കും.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ജാതി-മത ഭേദമന്യേ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് തളിയപ്പാടത്ത് ട്രസ്റ്റിന്റെ സാന്ത്വനം പദ്ധതിയിലൂടെ വിവിധ സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. വര്‍ഷത്തില്‍ നടക്കുന്ന റിലീഫ് സംഗമങ്ങള്‍ക്ക് പുറമെ കല്‍പ്പറ്റ ടൗണിലുള്ള അല്‍ഫലാഹ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം ഓഫീസില്‍ നിന്നും സ്ഥിരമായി സഹായങ്ങള്‍ നല്‍കി വരുന്നു. ട്രസ്റ്റ് വക കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച ആംബുലന്‍സ് സര്‍വീസ് നിരവധി നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസമേകിയിട്ടുണ്ട്.
ഒരുവര്‍ഷത്തിനിടെ ഒരു ലക്ഷം രൂപയുടെ സൗജന്യ സര്‍വീസ് ആംബുലന്‍സ് നടത്തിയതായും അവര്‍ പറഞ്ഞു.
ഇന്ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ചടങ്ങില്‍ സയ്യിദ് ഖലീലുല്‍ ബുഖാരി പ്രാര്‍ഥന നടത്തും. ട്രസ്റ്റ് ചെയര്‍മാന്‍ കരീം ടി അബ്ദുല്ലയുടെ അധ്യക്ഷതയില്‍ സാന്ത്വനം സംഗമം എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്യും. വിവിധ സഹായങ്ങളുടെ വിതരണോദ്ഘാടനം എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ, കെ എം ഷാജി എം എല്‍ എ, എളമരം കരീം എം എല്‍ എ, പി ഐ ഹസന്‍ ഹാജി എന്നിവര്‍ നിര്‍വഹിക്കും.
കെ എല്‍ പൗലോസ്, സി കെ ശശീന്ദ്രന്‍, വിജയന്‍ ചെറുകര, കെ സദാനന്ദന്‍, പി പി എ കരീം, എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, നീലിക്കണ്ടി പക്കര്‍ ഹാജി എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് കണ്‍വീനര്‍ എം എ അബ്ദുല്‍ഗഫൂര്‍ സഖാഫി, ഫലാഹ് സെക്രട്ടറി കെ എസ് മുഹമ്മദ് സഖാഫി, സ്വാഗത സംഘം കണ്‍വീനര്‍ കെ കെ മുഹമ്മദലി ഫൈസി, മീഡിയ സെല്‍ കണ്‍വീനര്‍ സൈദലവി കമ്പളക്കാട്, പി ബീരാന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.