ബീഹാറിലെ മഹാബോധി ക്ഷേത്രത്തില്‍ സ്‌ഫോടന പരമ്പര; അഞ്ച് പേര്‍ക്ക് പരിക്ക്‌

Posted on: July 7, 2013 8:46 am | Last updated: July 7, 2013 at 2:03 pm

bihar bomb blastപാറ്റ്‌ന: ബിഹാറിലെ ബോധഗയയിലുള്ള മഹാബോധി ക്ഷേത്രത്തിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ രണ്ടു സന്യാസിമാരുള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.

പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ക്ഷേത്രപരിസരത്തെ മഹാബോധി വൃക്ഷത്തിന് സമീപം ആദ്യ സ്‌ഫോടനമുണ്ടായത്. പിന്നീട് പലയിടത്തായി തുടര്‍ച്ചയായി എട്ടു സ്‌ഫോടനങ്ങളുണ്ടായി. ഈ സമയത്ത് ഇരുന്നൂറിലധികം തീര്‍ത്ഥാടകര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സ്ഥലത്തെത്തിയ എന്‍ഐഎ സംഘം പത്താമത്തെ ബോംബ് കണ്ടെടുത്തു നിര്‍വീര്യമാക്കി. നേപ്പാളില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള സന്യാസിമാര്‍ക്കാണ് പരിക്കേറ്റത്. തീര്‍ത്ഥാടകരെ ഒഴിപ്പിച്ച് ക്ഷേത്രത്തില്‍ പരിശോധന നടക്കുകയാണ്.

ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടാകുമെന്ന് രണ്ടുമാസത്തിന് മുമ്പ് തന്നെ ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നു. തീവ്രവാദികളാണോ മാവോവാദികളാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല.

മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പ്രത്യേക ഹെലികോപ്റ്ററില്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.