വിംബിള്‍ഡനില്‍ ഇന്ന്‌ ടോപ് ഫൈനല്‍

Posted on: July 7, 2013 7:26 am | Last updated: July 7, 2013 at 11:55 pm

Wimbledon-Championships-2013-Logoലണ്ടന്‍: പുരുഷ ടെന്നീസ് റാങ്കിംഗ് ശരിവെക്കും വിധം വിംബിള്‍ഡണ്‍ ഫൈനല്‍ ഡ്രോ. ഇന്ന് പുല്‍ക്കോര്‍ട്ടിലെ രാജാവിനെ കണ്ടെത്താനുള്ള കലാശപ്പോരില്‍ നേര്‍ക്കു നേര്‍ വരുന്നത് സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ നൊവാക് ജൊകോവിചും ബ്രിട്ടന്റെ ലോക രണ്ടാം നമ്പര്‍ ആന്‍ഡി മുറെയും. പരുക്ക് കാരണം ഫ്രഞ്ച് ഓപണില്‍ നിന്ന് ആന്‍ഡി മുറെ പിന്‍മാറിയതൊഴിച്ചാല്‍ മുമ്പ് നടന്ന രണ്ട് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിലും ജൊകോവിച്-മുറെ പോരാട്ടമുണ്ടായിരുന്നു. സെപ്തംബറില്‍ യു എസ് ഓപണില്‍ ജൊകോവിചിനെ അഞ്ച് സെറ്റ് നീണ്ട ത്രില്ലറില്‍ തോല്‍പ്പിച്ച് ആന്‍ഡി മുറെ കന്നി ഗ്രാന്‍സ്ലാം സ്വന്തമാക്കി. ഫ്രെഡ് പെറി 1936 ല്‍ വിംബിള്‍ഡണ്‍ ഉയര്‍ത്തിയതിന് ശേഷം ഗ്രാന്‍സ്ലാം കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് പൗരനായി മാറി മുറെ ചരിത്രം സൃഷ്ടിച്ചു.
ജനുവരിയില്‍, ആസ്‌ത്രേലിയന്‍ ഓപണില്‍ വീണ്ടും ഇവര്‍ നേര്‍ക്കുനേര്‍. ഇത്തവണ, ജൊകോവിച് കണക്ക് തീര്‍ത്തു. ഫെഡറര്‍-നദാല്‍ പോരാട്ടം പോലെ ടെന്നീസിലെ ആവേശമാണ് ജൊകോ-മുറെ അങ്കം. ഫ്രഞ്ച് ഓപണില്‍ മുറെ പരുക്കേറ്റ് പിന്‍മാറിയതിനാല്‍ ടെന്നീസ് ആരാധകര്‍ക്ക് നിരാശയായി.
വിംബിള്‍ഡണ്‍ ലക്ഷ്യമിട്ട് മുറെ തയ്യാറെടുപ്പ് ഊര്‍ജിതപ്പെടുത്തുകയായിരുന്നു. ഫ്രെഡ് പെറിക്ക് ശേഷം വിംബിള്‍ഡണ്‍ ഉയര്‍ത്തുന്ന ആദ്യ ബ്രിട്ടീഷുകാരനാവുകയാണ് മുറെയുടെ അടുത്ത ലക്ഷ്യം. ആ ആഗ്രഹം സാര്‍ഥകമാകാന്‍ ഒരു മത്സരത്തിന്റെ അകലം മാത്രം.
കോര്‍ട്ടിന്റെ പരിതാപകരമായ അവസ്ഥ, പരിക്കേറ്റ് കൂട്ടത്തോടെ കളം വിടല്‍, അട്ടിമറി എന്നിങ്ങനെ സംഭവബഹുലമായ വിംബിള്‍ഡണില്‍ സ്ഥിരത പുലര്‍ത്തിയാണ് ജൊകോവിചും മുറെയും അന്തിമ പോരാട്ടത്തിന് യോഗ്യത നേടിയത്. ഇതോടൊപ്പം ടെന്നീസിലെ പോരാട്ട ക്രമത്തിനും മാറ്റം വന്നിരിക്കുകയാണ്. ഫെഡറര്‍-നദാല്‍, ഫെഡറര്‍-ജൊകോവിച്, നദാല്‍-ജൊകോവിച് ത്രയങ്ങളായിരുന്നു കഴിഞ്ഞ 33 ഗ്രാന്‍സ്ലാമുകളില്‍ 31 ലും കിരീടം പങ്കുവെച്ചത്. രണ്ട് തവണ മാത്രമാണ് ഈ ക്രമത്തിനൊരു മാറ്റമുണ്ടായത്. യു എസ് ഓപണിലായിരുന്നു രണ്ട് പുതു അവകാശികളുണ്ടായത്. 2009 ല്‍ അര്‍ജന്റീനയുടെ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയും 2012 ല്‍ ആന്‍ഡി മുറെയും.
വിംബിള്‍ഡണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ സെമിഫൈനല്‍ ജയിച്ചാണ് ജൊകോവിച് ഫൈനലിലെത്തിയത്. അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയ്‌ക്കെതിരായ സെമി യഥാര്‍ഥത്തില്‍ ഫൈനല്‍ തന്നെയായിരുന്നു. 7-5, 4-6, 7-6(2), 6-7(6), 6-3 നായിരുന്നു സെര്‍ബ് താരത്തിന്റെ ജയം.
അഞ്ച് മണിക്കൂറിലേറെ നീണ്ട മത്സരത്തില്‍ അപാരമായ ഫിറ്റ്‌നെസ് കാത്തു സൂക്ഷിച്ചാണ് ജൊകോവിച് അന്തിമജയം സ്വന്തമാക്കിയത്.
ഇരുപത്തിനാലാം സീഡായ പോളണ്ടിന്റെ ജെര്‍സി ജാനോവിചിനെയാണ് മുറെ സെമിയില്‍ മറികടന്നത്. ആദ്യ സെറ്റ് 6-7(2) ടൈബ്രേക്കറില്‍ നഷ്ടമായ മുറെ പിന്നീട് 6-4,6-4,6-3ന് മത്സരം പിടിച്ചെടുത്തു.
മുറെക്ക് കാര്യമായ വെല്ലുവിളിയായില്ല പോളിഷ് താരം.
മാനസികമായും ശാരീരികമായും ഏറെ കരുത്തനായി കാണപ്പെടുന്നു മുറെ. ലണ്ടന്‍ ഒളിമ്പിക്‌സ് സ്വര്‍ണമുള്‍പ്പടെ തുടരെ പതിനേഴ് ഗ്രാസ് കോര്‍ട് മത്സരങ്ങള്‍ ജയിച്ച മുറെ, നൊവാക് ജൊകോവിചിന് കനത്ത വെല്ലുവിളിയാകും.