Connect with us

Malappuram

സൂക്ഷിക്കുക! കാലൊന്ന് തെറ്റിയാല്‍ തോട്ടിലാ...

Published

|

Last Updated

വണ്ടൂര്‍: “റോഡുവഴി പോകാം. പക്ഷെ സൂക്ഷിച്ചു നടക്കണമെന്ന് മാത്രം. കാലൊന്ന് തെറ്റിയാല്‍ തോട്ടിലായിരിക്കും വീഴുക”.റോഡിലൂടെ പോകുന്ന വാഹനയാത്രക്കാരോടും കാല്‍നടയാത്രക്കാരോടും കുട്ടശ്ശേരിക്കാര്‍ക്ക് പറയുന്ന പ്രധാന മുന്നറിയിപ്പാണിത്. താത്കാലികമായി നിര്‍മിച്ച പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതിനാല്‍ ഏത് നിമിഷവും തോട്ടിലായിരിക്കും പതിക്കുക. തൃക്കലങ്ങോട് പഞ്ചായത്തിലെ കുട്ടശ്ശേരി-പേലേപ്പുറം ഭാഗങ്ങളെ ബന്ധിപ്പിച്ച് നിര്‍മിച്ച രണ്ട് പുതിയ റോഡുകള്‍ക്ക് കുറുകെയുള്ള താത്കാലിക പാലങ്ങളാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്.
റോഡ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനപ്രതിനിധികളെയും കണ്ടിറങ്ങിയിട്ടും ഫലമുണ്ടാകാത്തതിനെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നാട്ടുകാര്‍ പണപ്പിരിവ് നടത്തിയാണ് ഇവിടെ റോഡ് നിര്‍മിച്ചത്.അമ്പലപ്പടി-മണ്ടത്തുംകള്ളി-കുട്ടശ്ശേരി ഭാഗങ്ങളെയും, പേലേപ്പുറം-കുട്ടശ്ശേരി ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതുമായ രണ്ട് റോഡുകളാണ് നിര്‍മിച്ചത്. ഇതോടെ കാലങ്ങളായി പരിസര പ്രദേശത്തുള്ളവര്‍ അനുഭവിക്കുന്ന യാത്രാ ക്ലേശത്തിന് പരിഹാരമായിരുന്നു.കാല വര്‍ഷം കനത്തതോടെ തോട്ടിലൂടെയും വയലുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം റോഡിന് മുകളിലൂടെ ഒഴുകിയതോടെ താത്കാലിക പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.
ഒരാള്‍ക്ക് താഴേക്ക് ചാടാന്‍ പറ്റുന്ന തരത്തിലുള്ള വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്.കമുകു തടികൊണ്ടാണ് ഈ പാലങ്ങള്‍ നിര്‍മിച്ചത്. മഴ കനത്തതോടെ മുകളിലുള്ള മണ്ണും ഒലിച്ചുപോയതോടെ താഴെയുള്ള കമുകു തടികളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.പ്രദേശത്ത് റോഡ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടും നടപടിയൊന്നുമുണ്ടാകാത്തതിനെ നാട്ടുകാര്‍ മുന്നിട്ടിറങ്ങി റോഡ് നിര്‍മിക്കുകയായിരുന്നു.