Connect with us

Kozhikode

വീട്ടമ്മയുടെ കൊല: പ്രതി റിമാന്‍ഡില്‍

Published

|

Last Updated

ബാലുശ്ശേരി: തലയാട് മണിച്ചേരി മലയില്‍ പനയുള്ള കണ്ടി സുരേന്ദ്രന്റെ ഭാര്യ ലീല (43)യെ കൊലപ്പെടുത്തിയത് ഭര്‍തൃപിതാവിനെ കൊല്ലാന്‍ ലീല വാഗ്ദാനംചെയ്ത തുക ലഭിക്കാത്തതിനാലാണെന്ന് പിടിയിലായ നവീന്‍ യാദവ് (24) പോലീസിനോട് പറഞ്ഞു. ബാലുശ്ശേരി സി ഐ കെ ആര്‍ അനില്‍കുമാര്‍, എസ് ഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊലപാതകം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ സ്വദേശിയായ നവീന്‍ യാദവ് മൂന്നര വര്‍ഷം മുമ്പാണ് തലയാട്ടുള്ള സുരേന്ദ്രന്റെ ത്രിവേണി ഹോട്ടലില്‍ ജോലി ചെയ്തുതുടങ്ങിയത്. ഏറെ കഴിയും മുമ്പുതന്നെ സുരേന്ദ്രന്റെയും കുടുംബത്തിന്റെയും വിശ്വാസം പിടിച്ചെടുക്കുകയും ചെയ്തു.
ഭര്‍ത്താവ് സുരേന്ദ്രന്റെ വൃദ്ധനും മാനസിക രോഗിയുമായ അച്ഛന്‍ ഗോപാലന്റെ മാനസിക പീഡനങ്ങളെക്കുറിച്ച് ലീല പ്രതിയോട് പറഞ്ഞു. ഗോപാലനെ വകവരുത്തിയാല്‍ താന്‍ മൂന്ന് ലക്ഷം രൂപ നല്‍കാമെന്ന് ലീല പറഞ്ഞതനുസരിച്ച് കഴിഞ്ഞ മാര്‍ച്ച് നാലിന് ലീലയുടെ വീട്ടിലെത്തിയ പ്രതി ബ്ലേഡുപയോഗിച്ച് ഗോപാലനെ കൊലപ്പെടുത്തി. ഹിന്ദി ക്രൈം സിനിമകളുടെ സി ഡികളാണ് വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകത്തിന് ഇയാള്‍ക്ക് പ്രേരണയായതത്രേ. ഇത്തരം ധാരാളം സി ഡികള്‍ ഇയാളുടെ താമസസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു.
ഗോപാലന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ആത്മഹത്യയാണെന്ന നിഗമത്തിലായിരുന്നു പോലീസ്. ഗോപാലനെ വിദഗ്ധമായി കൊലപ്പെടുത്തിയെങ്കിലും ലീല വാഗ്ദാനം ചെയ്ത മൂന്ന് ലക്ഷം രൂപ നവീന്‍ യാദവിന് ലഭിച്ചില്ല. ഇതേ തുടര്‍ന്ന് ഹോട്ടലില്‍ ജോലിക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകാറുണ്ടത്രെ. കഴിഞ്ഞ ആഴ്ച ലീലയോട് അമ്പതിനായിരം രൂപ നല്‍കാന്‍ നവീന്‍ ആവശ്യപ്പെട്ടെങ്കിലും ഗോപാലനെ കൊന്നത് നവീനാണെന്ന് പോലീസില്‍ പരാതി നല്‍കുമെന്നും പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുമെന്നും ലീല ഭീഷണി മുഴക്കി. ഇതിലുള്ള വൈരാഗ്യമാണ് ലീലയുടെ കൊലക്ക് പിന്നിലെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി.
പണത്തെ ചൊല്ലി വാക്തര്‍ക്കമുണ്ടാക്കുകയും കറിക്കത്തി ഉപയോഗിച്ച് കഴുത്തിന് പിറകില്‍ വെട്ടുകയുമായിരുവത്രേ. കനത്ത മഴയില്‍ ഇതൊന്നും സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. തുടര്‍ന്ന് കൈയിലെ വള ഊരി മാറ്റാന്‍ ശ്രമിച്ചു. വള ലഭിക്കാതായപ്പോള്‍ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു. കഴുത്തിലെ ചെയിനും വളകളും കൈക്കലാക്കി. ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ടതാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ മൃതദേഹത്തില്‍ നിന്ന് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി.
തെളിവ് നശിപ്പിക്കാനായി കൈയുറയും കാലില്‍ സോക്‌സും അണിഞ്ഞാണ് പ്രതി കൃത്യം നടത്തിയത്. താമസിക്കുന്ന മുറിയിലെത്തി, വെട്ടാന്‍ ഉപയോഗിച്ച കത്തിയും കൈയുറയും സോക്‌സും സമീപത്തെ പുഴയിലേക്ക് വലിച്ചെറിഞ്ഞു.
സംഭവം പുറത്തറിയുമെന്ന് ഭയന്ന് കോഴിക്കോട്ടേക്ക് മുങ്ങിയ പ്രതിയെ മറ്റൊരു അന്യസംസ്ഥാന തൊഴിലാളിയെ കൊണ്ട് ഫോണില്‍ വിളിച്ചുവരുത്തി തലയാട് ജംഗ്ഷനില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ഇന്നലെ രാവിലെ ഒന്‍പതരയോടെ സംഭവം നടന്ന മണിച്ചേരിമലയിലെ വീട്ടിലും തലയാട് ടൗണിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.
താമസിച്ചിരുന്ന മുറിയില്‍ നിന്ന് കൃത്യം നിര്‍വഹിച്ച സമയത്ത് ധരിച്ച വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണ്‍, ചെയിന്‍, വളകള്‍ എന്നിവയും പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും മൊബൈല്‍ ഫോണിലെ കോളുകളുടെ വിവരങ്ങളും ശേഖരിച്ച് വരികയാണെന്ന് സി ഐ അനില്‍കുമാര്‍ സിറാജിനോട് പറഞ്ഞു.

---- facebook comment plugin here -----

Latest