ഈജിപ്തില്‍ നടന്നത് സൈനിക അട്ടിമറിയോ?

Posted on: July 7, 2013 6:00 am | Last updated: July 7, 2013 at 2:15 am

egypt‘ഈജിപ്തില്‍ ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചു’ എന്നാണ് തലക്കെട്ട്. ഈ തലക്കെട്ടും ഈ നിലയില്‍ മുന്നേറുന്ന വാര്‍ത്തയും എത്രമാത്രം യഥാര്‍ഥമാണ്? ഈജിപ്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയത് ആരാണ്? മുഹമ്മദ് മുര്‍സി സര്‍ക്കാര്‍ എത്രമാത്രം ജനാധിപത്യപരമായിരുന്നു? രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ കറുത്ത നാളുകളിലേക്ക് നീങ്ങുന്ന ഈജിപ്തിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഈ ചോദ്യങ്ങളെ അഭിസംബോധന ചെയ്‌തേ തീരൂ. ചരിത്രത്തിന്റെ ആവര്‍ത്തനങ്ങളും മധുരതരമായ പകരംവീട്ടലുകളും കാണാതെ പോകുന്നത് വലിയ പാതകമായിരിക്കും.
ടുണീഷ്യ ഈജിപ്തിലേക്കുള്ള കവാടമായിരുന്നു. ജനകീയ വിപ്ലവത്തിനും വിപ്ലവത്തെ അപഹരിച്ച് ഇസ്‌ലാമിസ്റ്റുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രീയ ഗ്രൂപ്പുകള്‍ അധികാരം പിടിച്ചതിനും മാതൃക ടുണീഷ്യയായിരുന്നു. സമാനതകളേറെയുണ്ട് ടുണീഷ്യക്കും ഈജിപ്തിനുമിടയില്‍. അതുകൊണ്ട് ഈജിപ്തില്‍ നിന്ന് ടുണീഷ്യയിലേക്കും സിറിയയിലേക്കും ലിബിയയിലേക്കുമൊക്കെ പ്രവണതകള്‍ പറന്നു ചെല്ലും. മുല്ലപ്പൂ വിപ്ലവമെന്ന് ആഘോഷിക്കപ്പെട്ട ഭരണമാറ്റ പരമ്പരകള്‍ക്കാകെ സംഭവിക്കാന്‍ പോകുന്ന ദയനീയമായ പരിണാമത്തിന്റെ ആദ്യ മാതൃകയുമാണ് ഈജിപ്ത്. അതുകൊണ്ട് ഒരു വര്‍ഷം മുമ്പ് ഈജിപ്തില്‍ സംഭവിച്ചതും ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ സംഗതികള്‍ മുന്നോട്ടും പിന്നോട്ടും ഒരേപോലെ സഞ്ചരിച്ച് വിശകലനവിധേയമാക്കേണ്ടതുണ്ട്. അങ്ങനെ അടുത്തു നിന്നും അകലെ നിന്നും നോക്കുമ്പോള്‍ ഒരു വസ്തുത അംഗീകരിച്ചേ തീരൂ. ഇഖ്‌വാനുല്‍ മുസ്‌ലിമീന്റെ രാഷ്ട്രീയ രൂപമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ നേതാവ് മുഹമ്മദ് മുര്‍സിയെ അധികാരത്തില്‍ നിന്ന് വലിച്ചു താഴെയിട്ടത് ജനങ്ങളാണ്.
‘ജനം’ എന്ന പദം തീര്‍ച്ചയായും തീര്‍ത്തും അവ്യക്തമാണ്. വസ്തുനിഷ്ഠമായി തീര്‍ച്ചയില്ലാത്ത സംജ്ഞയാണ് അത്. ഇപ്പോള്‍ ഈജിപ്തില്‍ അക്രമം അഴിച്ചുവിടുന്ന മുര്‍സി അനുകൂലികളും ‘ജന’ത്തിന്റെ പട്ടികയിലാണ്. മുര്‍സിയെ പുറത്താക്കിയത് പട്ടാളമല്ല. മുര്‍സി രാജിവെക്കണമെന്ന് തെരുവില്‍ ആര്‍ത്തു വിളിച്ചത് സൈന്യമായിരുന്നില്ല. വിചാരണ നേരിടുന്ന ഹുസ്‌നി മുബാറക്കിന്റെ അനുയായികള്‍ മാത്രമാണ് തെരുവില്‍ മുദ്രാവാക്യം വിളിച്ചതും പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞതുമെന്നും ബ്രദര്‍ഹുഡും ലോകത്താകെയുള്ള അവരുടെ ആശയബന്ധുക്കളും പറയുമ്പോഴും അവര്‍ക്ക് തന്നെയറിയാം അത് വസ്തുതയല്ലെന്ന്. ഒരു വര്‍ഷം മുമ്പ് മുബാറക്കിനെ താഴെയിറക്കിയ ജനകീയ മുന്നേറ്റത്തിന് സമാനമായിരുന്നു ഇത്തവണത്തേതും. കൃത്യമായ നേതൃത്വം ഉണ്ടായിരുന്നില്ല. സാല്‍വേഷന്‍ ഫ്രണ്ട് പോലുള്ള പ്രതിപക്ഷ കൂട്ടായ്മകള്‍ അതിനെ പിന്തുണച്ചുവെന്ന് മാത്രം. അല്‍ബറാദിയെപ്പോലുള്ള നേതാക്കള്‍ ഒരു ഘട്ടത്തില്‍ പ്രക്ഷോഭകര്‍ക്കൊപ്പം വരികയും ചെയ്തു. തംറദ് (ദി റിബല്‍) എന്ന് വിളിക്കപ്പെട്ട ഒരുതരം അയഞ്ഞ പ്രസ്ഥാനമായാണ് ഇത്തവണത്തെ ഭരണവിരുദ്ധ ക്യാമ്പയിന്‍ തുടങ്ങിയത്. മുര്‍സി സ്ഥാനമൊഴിഞ്ഞ് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് താഴെ അവര്‍ രണ്ട് കോടിയിലേറെ ഒപ്പ് ശേഖരിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുര്‍സി നേടിയ വോട്ടിനേക്കാള്‍ കൂടുതലാണ് ഈ ഒപ്പുകളെന്നതിനാല്‍ അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് തംറദുകാര്‍ വാദിച്ചു. ഈ യുക്തി യുവാക്കള്‍ ഏറ്റെടുത്തു. അല്‍ അസ്ഹറില്‍ നിന്നുള്ള പിന്തുണയുണ്ടായിരുന്നു അവര്‍ക്ക്. അല്‍നൂര്‍ പോലുള്ള സലഫിസ്റ്റ് ഗ്രൂപ്പുകള്‍ മുര്‍സിയുടെ കാവലിനുണ്ടായിട്ടും പിടിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കാതിരുന്നത് ഒരു ഗ്രൂപ്പിലും പെടാത്ത മനുഷ്യര്‍ തെരുവിലിറങ്ങിയതു കൊണ്ടാണ്.
തഹ്‌രീര്‍ ചത്വരം തന്നെയായിരുന്നു ഇത്തവണയും മുന്നേറ്റത്തിന്റെ കേന്ദ്ര സ്ഥാനം. ലക്ഷങ്ങള്‍ അവിടെ തമ്പടിച്ചു. തൊട്ടപ്പുറത്ത് മുര്‍സി അനുകൂലികളും. രാജ്യത്താകെ ഇരു പക്ഷവും ഏറ്റുമുട്ടി. നിരവധി പേര്‍ മരിച്ചു വീണു. 48 മണിക്കൂറിനകം അധികാരമൊഴിഞ്ഞില്ലെങ്കില്‍ സമ്പൂര്‍ണ നിയമലംഘന സമരത്തിലേക്ക് നീങ്ങുമെന്ന് പ്രക്ഷോഭകര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം സൈന്യവും അന്ത്യശാസനവുമായി രംഗത്തു വന്നു. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ 48 മണിക്കൂര്‍ അവരും കൊടുത്തു. കൃത്യം ആ സമയപരിധി കഴിയുമ്പോള്‍ മൂന്നാം തീയതി മുര്‍സി വീണു. എന്തൊരു സമാനത. മുബാറക് പതനത്തിന്റെ സമയത്തും പ്രക്ഷോഭകര്‍ ഒരു ഭാഗത്തും പ്രസിഡന്റ് അനുകൂലികള്‍ മറുവശത്തും സംഘടിച്ചിരുന്നു. അന്നും അന്ത്യശാസനകള്‍ ഉണ്ടായിരുന്നു. അധികാരം സംരക്ഷിക്കാന്‍ അന്നും ഇന്നും അണിയറയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടന്നു. അന്നും ഇന്നും ഈ ചര്‍ച്ചകള്‍ക്ക് അമേരിക്കയടക്കമുള്ള വന്‍ ശക്തികള്‍ ഇടനിലക്കാരായി. അധികാരമൊഴിയുന്നതാണ് നല്ലതെന്ന് തങ്ങളുടെ അടുത്ത ചങ്ങാതിയായ മുബാറക്കിനെ സാമ്രാജ്യത്വം ഉപദേശിച്ചു. സൈന്യത്തിന് അധികാരം കൈമാറാന്‍ നിര്‍ദേശിച്ചു. മുര്‍സിയുടെ പതനം ഉറപ്പായപ്പോള്‍ ഇത്തവണയും അമേരിക്കന്‍ പ്രസിഡന്റ് ഈജിപ്തിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഈ സമാനതകള്‍ക്കിടയില്‍ ആ ചോദ്യത്തിന് ഉത്തരം പിറക്കുന്നു. മുര്‍സിയെ പുറത്താക്കിയത് ഈജിപ്തിലെ ജനതയാണ്. തഹ്‌രീര്‍ ചത്വരത്തില്‍ ആര്‍ത്തിരമ്പിയവരില്‍ ജനതയുടെ എത്ര ശതമാനം വരുമെന്ന ലളിത ഗണിതം മാത്രമാണ് തര്‍ക്കിക്കുന്നവര്‍ക്ക് ഉന്നയിക്കാനുള്ളത്. മുബാറക്കിനെ പുറത്താക്കിയത് ജനങ്ങളും മുര്‍സിയെ അട്ടിമറിച്ചത് സൈന്യവുമാകുന്നതെങ്ങനെ? ഇരുവരുടെയും വിധി നിര്‍ണയിച്ചത് തെരുവിലെ കൊടുങ്കാറ്റ് തന്നെയാണ്. വേരറ്റ് മറിഞ്ഞുവീണ വന്‍മരത്തിന്റെ ശൂന്യതയിലേക്ക് സൈന്യം കയറിയിരിക്കുക മാത്രമാണ് ചെയ്തത്.
ഒരു ചെറു കാറ്റ് മതി കടപുഴകി വീഴാന്‍ എന്ന നിലയിലേക്ക് മുര്‍സി സര്‍ക്കാര്‍ അധഃപതിച്ചത് എങ്ങനെ? നേരിട്ട് ഭരണം ഏറ്റെടുക്കാന്‍ ബ്രദര്‍ഹുഡ് തീരുമാനിച്ചതില്‍ നിന്ന് തുടങ്ങുന്നു പിഴവ്. ലിബറലുകളെ ഉള്‍പ്പെടുത്തി പ്രത്യക്ഷത്തില്‍ ഇറങ്ങാതെ കളിച്ചിരുന്നുവെങ്കില്‍ തുടര്‍ച്ചയിലേക്ക് കുതിക്കാന്‍ ഇഖ്‌വാന് സാധിക്കുമായിരുന്നു. അപാരമായ പ്രതീക്ഷകളാണ് മുര്‍സി നല്‍കിയത്. അത് അധികാരവൃക്ഷത്തിന് താങ്ങാവുന്നതില്‍ അധികമായിരുന്നു. തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയാണല്ലോ അദ്ദേഹത്തിന്റെ കൈയില്‍ വന്നു ചേര്‍ന്നത്. രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, വിദേശനാണ്യ പ്രതിസന്ധി, തകര്‍ന്നടിഞ്ഞ അടിസ്ഥാന സൗകര്യ മേഖല. എല്ലാത്തിനും ഉപരി ഇന്ധന ക്ഷാമം. ഐ എം എഫ് വായ്പ തരപ്പെടുത്താനായി വരുത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി ഇന്ധന സബ്‌സിഡി പിന്‍വലിക്കാന്‍ മുര്‍സി നിര്‍ബന്ധിതനായി. മുര്‍സിയെ തകര്‍ക്കാന്‍ വെച്ച ടൈം ബോംബെന്നാണ് ഇന്ധന പ്രതിസന്ധിയെ വിദഗ്ധര്‍ വിശേഷിപ്പിച്ചത്. വിദേശത്ത് അദ്ദേഹം നേടിയ വിജയങ്ങള്‍ സ്വദേശത്തെ പരാജയങ്ങളില്‍ ഒലിച്ചു പോയി.
ക്രൂരമായ പരിഷ്‌കരണങ്ങള്‍ക്ക് മുതിര്‍ന്നിട്ടും ആവശ്യത്തിന് ഐ എം എഫ് വായ്പ ലഭിച്ചില്ല. ആയിരക്കണക്കിന് വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. പമ്പുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കുകയെന്നത് പൗരന്‍മാരുടെ ദിനചര്യയായി മാറി. ഓരോ ക്യൂവും ഓരോ രാഷ്ട്രീയ സംവാദ വേദിയായിരുന്നു. സര്‍ക്കാറിനെതിരായ അമര്‍ഷം അവിടെ ഒഴുകിപ്പരന്നു. ശക്തമായി ആഞ്ഞടിക്കണമെന്ന ധാരണ രൂപപ്പെടുന്നത് ഇത്തരം അനൗപചാരിക മണ്ഡലങ്ങളില്‍ നിന്നാണ്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇതിന്റെ സൂചനകളാണ്. കോപ്റ്റിക് ക്രിസ്ത്യാനികളുടെ ആസ്ഥാന മന്ദിരത്തിന് നേരെ നടന്ന ആക്രമണം ഒരു വഴിത്തിരിവായിരുന്നു. പൊതു ബോധത്തെ ആഴത്തില്‍ സ്വാധീനിക്കാവുന്ന ഇടപെടലാണ് കോപ്റ്റിക് വിഭാഗം നടത്തിയത്. ഇതെല്ലാം കാണുമ്പോഴും ജനങ്ങളുടെ സാമ്പത്തിക ആധി പരിഹരിക്കാനല്ല മുര്‍സി ശ്രമിച്ചത്. മറിച്ച് ഭരണഘടനാ ഭേദഗതിയിലൂടെ തന്റെ അധികാരം ഭദ്രമാക്കാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം. നീതിന്യായ വിഭാഗത്തിനും മുകളില്‍ തന്നെ പ്രതിഷ്ഠിക്കുന്നതായിരുന്നു ആ ഭേദഗതി. പുതിയ ഭരണഘടനക്ക് അംഗീകാരം തേടി ഹിതപരിശോധനക്കായി പിന്നെ ശ്രമം. ശ്രദ്ധ മുഴുവന്‍ അങ്ങോട്ടു പോയി. തണുത്ത പ്രതികരണമാണ് ഹിതപരിശോധനക്ക് ജനം നല്‍കിയത്. പകുതി പേരും പങ്കെടുത്തതേയില്ല. അപ്പോഴെങ്കിലും രോഗമറിഞ്ഞ് ചികിത്സിക്കണമായിരുന്നു. കൈവന്ന അധികാരം ഊട്ടിയുറപ്പിക്കുന്ന മുര്‍സിയെ ഹുസ്‌നി മുബാറക്കിനേക്കാള്‍ കഷ്ടമെന്ന് വിശേഷിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. അങ്ങനെ മുര്‍സിയെ മുര്‍സി തന്നെ അട്ടിമറിച്ചു. (മുല്ലപ്പൂ വിപ്ലവം ഒരു രാഷ്ട്രീയ മുന്നേറ്റമായിരുന്നില്ല, സാമ്പത്തിക പ്രതികരണമായിരുന്നുവെന്ന സത്യം ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണ് ഈജിപ്ത് അനുഭവം. നവ ലിബറല്‍ സാമ്പത്തിക നയം വരുത്തിവെച്ച തൊഴില്‍ പ്രതിസന്ധിയായിരുന്നല്ലോ ടുണീഷ്യയില്‍ പ്രക്ഷോഭത്തിന് തിരികൊളുത്തിയത്)
ഇനി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എന്ന പ്രയോഗത്തിന്റെ സത്യാവസ്ഥയിലേക്ക് വരാം. ഒന്നാം തഹ്‌രീര്‍ പ്രക്ഷോഭത്തിന് ശേഷം മുബാറക്കിന്റെ പതനത്തോടെ അധികാരം ചെന്നെത്തിയത് സൈനിക കൗണ്‍സിലിലായിരുന്നുവല്ലോ. അന്ന് അധികാരം കൈമാറാനും തിരഞ്ഞെടുപ്പ് നടത്താനും ജനറല്‍ തന്‍ത്വാവി തയ്യാറായില്ല. അങ്ങനെയാണ് ജനം രണ്ടാമതും തഹ്‌രീറിലേക്ക് കുതിച്ചത്. പക്ഷേ, ആ പ്രക്ഷോഭത്തെ ബ്രദര്‍ഹുഡ് പിന്തുണച്ചില്ല. അവര്‍ സൈന്യവുമായി സമവായത്തിലായിരുന്നു. തങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടുമെന്നുറപ്പുള്ള തിരഞ്ഞെടുപ്പ് നീണ്ടുപോകുമോയെന്ന ആശങ്ക അവര്‍ പരിഹരിച്ചത് സൈന്യവുമായി കൈകോര്‍ത്തുകൊണ്ടാണ്. ഇന്ന് സൈന്യത്തിനെതിരെ രംഗത്തിറങ്ങുന്ന ‘ഇസ്‌ലാമിസ്റ്റുകള്‍’ മറവിരോഗം ബാധിച്ചവരാണെന്ന് പറയുന്നത് അതുകൊണ്ടാണ്. പിന്നീട് തിരഞ്ഞെടുപ്പുകളില്‍ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് വിജയം വരിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ രാഷ്ട്രീയ സംവിധാനത്തിന്റെ വിജയം മാത്രമാണ്. വിപ്ലവ ഗ്രൂപ്പുകളിലെ അനൈക്യവും സംഘടനാ സംവിധാനത്തിലെ പിഴവുമാണ് ഇസ്‌ലാമിസ്റ്റുകളെ അധികാരത്തിലേറ്റിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേണ്‍ മാത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. പ്രതിപക്ഷത്ത് സമവായത്തിനുള്ള സാധ്യതകള്‍ അടച്ച് ഡോ. അബ്ദുല്‍ മുനീം അബ്ദുല്‍ ഫത്താഹും ഹംദിന്‍ സ്വബാഹിയും മുര്‍സിക്ക് എതിരാളികളായി രംഗത്തെത്തി. ഒന്നാം ഘട്ടത്തില്‍ സ്വബാഹി 20 ശതമാനം വോട്ട് നേടി. ഫത്തഹ് 17 ശതമാനവും. മുര്‍സി നേടിയത് 20 ശതമാനം വോട്ടായിരുന്നു. ആര്‍ക്കും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കാത്തതിനാല്‍ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങി. ഒരുമിച്ച് നിന്നാല്‍ മുര്‍സിയെ തോല്‍പ്പിക്കാമായിരുന്നുവെന്ന് ഈ കണക്കുകള്‍ കാണിക്കുന്നു. വിപ്ലവാനന്തരം നടന്ന തിരഞ്ഞെടുപ്പകളില്‍ ജനപങ്കാളിത്തം ക്രമാനുഗതമായി കുറയുന്നതാണ് കണ്ടത്. ഒടുവില്‍ മുര്‍സിക്ക് അധികാരം സമ്മാനിച്ച വോട്ടെടുപ്പില്‍ ജനതയുടെ പകുതി പോലും ബൂത്തിലെത്തിയില്ല.
ജനാഭിലാഷത്തെ ഒരു നിലക്കും മുഹമ്മദ് മുര്‍സിയും അദ്ദേഹത്തിന്റെ സംഘടനയും പ്രതിനിധാനം ചെയ്തിരുന്നില്ല. ഒന്നാം തഹ്‌രീര്‍ പ്രക്ഷോഭത്തില്‍ ബ്രദര്‍ഹുഡ് ഉണ്ടായിരുന്നില്ല. ഭരിച്ചു തുടങ്ങിയപ്പോള്‍ അവര്‍ നടപ്പാക്കിയത് വിപ്ലവം മുന്നോട്ടു വെച്ച നയങ്ങളുമായിരുന്നില്ല. ഇസ്‌റാഈലുമായി അന്‍വര്‍ സാദാത്ത് ഒപ്പ് വെക്കുകയും മുബാറക്ക് തുടരുകയും ചെയ്ത ഫലസ്തീന്‍വിരുദ്ധ കരാര്‍ പോലും പുനഃപരിശോധിക്കാന്‍ അവര്‍ക്കായില്ല. കാലൂന്നി നില്‍ക്കും മുമ്പേ അധികാര കേന്ദ്രീകരണത്തിന് ശ്രമിച്ച മുര്‍സി സംഘടനക്കും അപ്പുറത്തേക്ക് സഞ്ചരിക്കുകയായിരുന്നു. അങ്ങനെ തന്റെ കൂടെ നില്‍ക്കുന്ന പകുതി മന്ത്രിമാരും രാജിവെച്ചൊഴിഞ്ഞ് തികച്ചും ഒറ്റപ്പെട്ടാണ് അദ്ദേഹം പടിയിറങ്ങിയിരിക്കുന്നത്.
വരും നാളുകള്‍ ഈജിപ്തിന് നിര്‍ണായകമാണ്. അമേരിക്കയില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ കൈപ്പറ്റുന്ന സൈന്യമാണ് നാട് ഭരിക്കുന്നത്. അദ്‌ലി മന്‍സൂര്‍ മറ്റൊരു ഇസ്സാം ശറഫ് മാത്രമാണ്. യഥാര്‍ഥ ജനായത്ത സര്‍ക്കാറിനായി ഈജിപ്തുകാര്‍ ഇനിയും പ്രക്ഷോഭത്തിനിറങ്ങേണ്ടി വരും. തിരഞ്ഞെടുപ്പ് നടക്കണം. തിരഞ്ഞെടുപ്പില്‍ ചരിത്രത്തിന്റെ ആവര്‍ത്തനമല്ല, തുടര്‍ച്ചയാണ് പുലരേണ്ടത്.

 

[email protected]