കാനഡയില്‍ വന്‍ ടാങ്കര്‍ ദുരന്തം; നിരവധി പേര്‍ മരിച്ചു

Posted on: July 7, 2013 12:17 am | Last updated: July 7, 2013 at 12:17 am

imageഒട്ടാവ: കാനഡയിലെ ക്യുബേക് പ്രവിശ്യയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി വന്‍ ടാങ്കര്‍ ദുരന്തം. ക്രൂഡ് ഓയില്‍ കയറ്റിയ ട്രെയിന്‍ അപകടത്തില്‍ പെട്ടതോടെ ക്യുബേക് നഗരം തീഗോളങ്ങള്‍ക്കൊണ്ടു നിറഞ്ഞു. അപകടത്തില്‍ മുപ്പത് കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. നിരവധി പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചവരുടെ എണ്ണത്തെ കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തീപ്പിടിത്തം കണക്കിലെടുത്ത് അപകടം നടന്ന നഗരത്തിന് സമീപത്ത് നിന്ന് ആറായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. അന്തരീക്ഷത്തില്‍ ഇന്ധനം കലര്‍ന്നത് വ്യാപക നാശനഷ്ടങ്ങള്‍ക്ക് കാരണമായി. നഗരത്തിലുണ്ടായിരുന്ന വാഹനങ്ങള്‍ പൊട്ടിത്തെറിച്ചു.
ക്യൂബേക് നഗരത്തിന്റെ മധ്യഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ടെന്ന് മേയര്‍ കൊലേറ്റ് റോയി ലാറോക് വ്യക്തമാക്കി. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. അപകട സ്ഥലത്തേക്ക് നൂറു കണക്കിന് രക്ഷാ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ടെന്ന് കാനഡ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മേഖലയില്‍ കനത്ത ഭീതി പടര്‍ന്നിരിക്കുകയാണെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശവാസികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. തീവണ്ടി പാളം തെറ്റിയതിനെ കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലിറ്റര്‍ കണക്കിന് ഇന്ധനം നഗരവീഥിയിലൂടെയും മറ്റും ഒഴുകിക്കൊണ്ടിരിക്കുകയാണ്. സമീപത്തെ തടാകത്തിലേക്കും ഇന്ധനം നിറഞ്ഞിട്ടുണ്ട്.
അന്തരീക്ഷത്തില്‍ വാതകം പരന്നത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണ്. വാഹനങ്ങളില്‍ നിന്നും മറ്റും ഉണ്ടാകുന്ന ചെറിയ തീപ്പൊരി പോലും വന്‍ തീപ്പിടിത്തത്തിന് കാരണമാകുമെന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. അപകടം നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മേയര്‍ കാനേഡിയന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.