സോളാര്‍ തട്ടിപ്പ്: ശാലു മേനോന്‍ ജയിലില്‍

Posted on: July 6, 2013 6:06 pm | Last updated: July 7, 2013 at 8:48 am

05tvgad02-shalu_06_1509638eതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലു മേനോനെ തിങ്കളാഴ്ച വരെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഉച്ചയോടെയാണ് ശാലുവിനെ ഹാജരാക്കിയത്. ശാലുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം തിങ്കളാഴ്ച കോടതി പരിഗണിക്കും. റിമാന്‍ഡിലായ ശാലുവിനെ അട്ടക്കുളങ്ങര വനിതാ ജയിലിലടച്ചു.

 

ശനിയാഴ്ച ഒരു മണിയോടെയാണ് അതീവ സുരക്ഷയില്‍ ശാലുവിനെ കോടതിയില്‍ ഹാജരാക്കിയത്. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറക്കണ്ണുകളെ വെട്ടികൊണ്ടാണ് പോലീസ് ശാലുവിനെ കൊണ്ടുവന്നത്. ശാലുവിന് വേണ്ടി അഭിഭാഷകനായ വി ജിനചന്ദ്രന്‍ ഹാജരായി.

 

സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാംപ്രതി ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് വിന്‍ഡ്മില്‍ സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയായ റാസിഖ് അലിയില്‍ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ശാലുവിനെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാംപ്രതിയാണ് ശാലു.

 

വെള്ളിയാഴ്ചയാണ് ചങ്ങനാശ്ശേരി സി ഐ വി ഐ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശാലുവിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരത്ത് പ്രത്യേക അന്വേഷണ സംഘം മേധാവി എ ഡി ജി പി ഹേമചന്ദ്രന്റെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു.