റൊണാള്‍ഡോമാരില്ലാതെ ഡ്രീം ഇലവന്‍

Posted on: July 6, 2013 7:35 am | Last updated: July 6, 2013 at 7:35 am

WorldXI030713V2പാരിസ്: ലോകഫുട്‌ബോളിലെ ഇതിഹാസ താരങ്ങളെ അണിനിരത്തി ലോക ഇലവനെ വേള്‍ഡ് സോക്കര്‍ മാഗസിന്‍ വോട്ടിംഗിലൂടെ തിരഞ്ഞെടുത്തു. ലോകമെമ്പാടുമുള്ള പത്രപ്രവര്‍ത്തകരും പരിശീലകരും മുന്‍ താരങ്ങളുമൊക്കെ ചേര്‍ന്നാണ് ലോക ഇലവനെ തിരഞ്ഞെടുത്തത്. പോര്‍ച്ചുഗലിന്റെ ഇതിഹാസ താരങ്ങളായ യൂസേബിയോ, ലൂയിസ് ഫിഗോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്ക് ഇടമില്ലാത്ത ടീമില്‍ നിലവില്‍ കരിയര്‍ തുടരുന്നവരില്‍ ലയണല്‍ മെസി മാത്രമാണുള്ളത്. 4-4-2 ശൈലിയില്‍ വിന്യസിക്കുന്ന ടീമില്‍ മെസിക്കൊപ്പം സ്‌ട്രൈക്കിംഗ് പാര്‍ട്ണറായെത്തുന്നത് ബ്രസീലിന്റെ ഫുട്‌ബോള്‍ രാജാവ് പെലെയാണ്. അര്‍ജന്റൈന്‍ മാന്ത്രികന്‍ ഡീഗോ മറഡോണ, ഫ്രഞ്ച് താരം സിനദിന്‍ സിദാന്‍, ഹോളണ്ടിന്റെ ടോട്ടല്‍ ഫുട്‌ബോള്‍ വക്താവ് യൊഹാന്‍ ക്രൈഫ്, റയലിന്റെ എല്ലാം തികഞ്ഞ ഫുട്‌ബോളര്‍ ആല്‍ഫ്രഡോ ഡിസ്റ്റെഫാനോ എന്നിവരാണ് മധ്യനിരയില്‍. ഇവര്‍ക്ക് പിറകിലായി പ്രതിരോധം തീര്‍ക്കുന്ന സെന്റര്‍ ഡിഫന്‍ഡര്‍മാര്‍ ഇംഗ്ലണ്ടിന്റെ ബോബി മൂറും ജര്‍മനിയുടെ ഫ്രാന്‍സ് ബെക്കന്‍ബൊവറുമാണ്. റൈറ്റ് വിംഗ് ബാക്കായി ബ്രസീലിന്റെ മുന്‍ ക്യാപ്റ്റന്‍ കഫു. ലെഫ്റ്റ് വിംഗ് ബാക്കില്‍ ഇറ്റലിയുടെ വിശ്വസ്തന്‍ പോളോ മാള്‍ഡീനി.
1963ല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ യാഷിന്‍ കരിയറില്‍ 150ലേറെ പെനാല്‍റ്റി കിക്കുകള്‍ തടഞ്ഞിട്ടിട്ടുണ്ട്. 22 സീസണുകളിലായി 270 മത്സരങ്ങളില്‍ ഗോളൊന്നും വഴങ്ങാത്ത യാഷിനെ വിശേഷിപ്പിക്കുന്നത് ‘കറുത്ത ചിലന്തി’ യെന്നാണ്.
കൈസര്‍ എന്നറിയപ്പെടുന്ന ബെക്കന്‍ബോവര്‍ ജര്‍മനി കണ്ട ഏറ്റവും മികച്ച താരമായാണ് വിലയിരുത്തപ്പെടുന്നത്. കളിക്കാരനായും കോച്ചായും ലോകകപ്പ് നേടിയ ഏക വ്യക്തിയാണദ്ദേഹം. ബയേണ്‍ മ്യൂണിക്കിനൊപ്പം 1970കളില്‍ നാലു ബുണ്ടസ് ലീഗ, മൂന്നു യൂറോപ്യന്‍ കപ്പ് കിരീടനേട്ടങ്ങളില്‍ പങ്കാളിയായിരുന്നു. മൂര്‍ ലോകകപ്പ് ജയിച്ച ഏക ഇംഗ്ലണ്ട് നായകനാണ്.
1994ലും 2002ലും ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയായിരുന്ന കഫു ബ്രസീലിനുവേണ്ടി 142 മത്സരങ്ങളില്‍ ബൂട്ടുകെട്ടി റെക്കോര്‍ഡിട്ട താരമാണ്. എ.സി മിലാനുവേണ്ടി 25 വര്‍ഷം പന്തുതട്ടിയ മാല്‍ഡീനി ക്ലബിനൊപ്പം അഞ്ചു യൂറോപ്യന്‍ കപ്പും ഏഴു സീരീ ‘എ’ ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ 26 കിരീടനേട്ടങ്ങളില്‍ പങ്കാളിയായി. ഇറ്റലിക്കുവേണ്ടി 126 മത്സരങ്ങളില്‍ ജഴ്‌സിയണിഞ്ഞു.
അര്‍ജന്റീനയുടെ ഇതിഹാസ നായകന്‍ സാക്ഷാല്‍ ഡീഗോ മറഡോണ പടനയിക്കുന്ന മിഡ്ഫീല്‍ഡ് ഭാവനാ സമ്പന്നവും ആക്രമണോത്സുകവുമാണ്. പന്തടക്കത്തിന്റെ പൂര്‍ണതയില്‍ കളം നിറഞ്ഞാടിയ ഡീഗോ വിസ്മയിപ്പിക്കുന്ന ഡ്രിബഌങ്പാടവത്തിനുടമയായിരുന്നു. 1986 ലോകകപ്പില്‍ അര്‍ജന്റീനയുടെ ശരാശരി ടീമിനെ കിരീടത്തിലെത്തിച്ച് അദ്ഭുതം കാട്ടിയ മറഡോണ ഇറ്റലിയില്‍ നാപ്പോളി ക്ലബിനൊപ്പവും മാജിക് തുടര്‍ന്നു. ഇംഗ്ലണ്ടിനെതിരെ 86 ലോകകപ്പില്‍ നൂറ്റാണ്ടിന്റെ അതിശയഗോളും നേടി.
റയലിനുവേണ്ടി 307 ഗോള്‍ നേടിയ ഡി സ്റ്റിഫാനോ തുടരെ അഞ്ചു യൂറോപ്യന്‍ കപ്പ് നേട്ടത്തിനുടമയാണ്. അര്‍ജന്റീനക്കാരനായ അദ്ദേഹം പിന്നീട് സ്‌പെയിനിനുവേണ്ടിയും കളിച്ചു. സിദാന്‍ 1998 ലോകകപ്പ്, 2000 യൂറോകപ്പ് ജയങ്ങളിലേക്ക് ഫ്രാന്‍സിനെ നയിച്ചു. 2006ല്‍ ടീമിനെ ഫൈനലിലെത്തിച്ച് ടൂര്‍ണമെന്റിന്റെ താരമായി. ടോട്ടല്‍ ഫുട്ബാളിന്റെ മാസ്മരികതയില്‍ കളം വാണ ഡച്ചുതാരം യോഹാന്‍ െ്രെകഫാണ് മറ്റൊരു മിഡ്ഫീല്‍ഡ് താരം. 1971, 73, 74 വര്‍ഷങ്ങളില്‍ െ്രെകഫ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.
മുന്നേറ്റനിരയില്‍ ഫുട്‌ബോളിലെ രാജാവ് പെലെക്ക് എതിരില്ല. ബ്രസീലിനുവേണ്ടി മൂന്നു ലോകകപ്പ് നേട്ടങ്ങളുടെ വലയിലേക്ക് (1958, 1962, 1970) പന്തടിച്ചു കയറ്റിയ ഇതിഹാസ താരം, സാന്‍േറാസ് ക്ലബിനുവേണ്ടി 619 ലീഗ് ഗോളുകള്‍ ഉള്‍പ്പെടെ ആയിരത്തിലധികം തവണയാണ് വല കുലുക്കിപ്രകടനം കാഴ്ചവെച്ചത്.
നാലു തവണ ലോക ഫുട്ബാളര്‍ പട്ടം ചൂടിയ മെസി ഈ പ്രായത്തിനകം ആറു ലാ ലീഗ കിരീടങ്ങളും മൂന്നു ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും സ്വന്തമാക്കി. ബാഴ്‌സലോണാതാരം ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ഗോളെന്നതുള്‍പ്പെടെ ഒട്ടേറെ റെക്കോഡുകളും ഇതിനകം സ്വന്തമാക്കി.