വിശദീകരണം നല്‍കണമെന്ന് ലാറ്റിനമേരിക്കന്‍ നേതാക്കള്‍

Posted on: July 6, 2013 5:00 am | Last updated: July 5, 2013 at 11:36 pm

കൊചാബംബാ(ബൊളീവിയ): ബൊളീവിയന്‍ പ്രസിഡന്റിന്റെ വിമാനം വഴിതിരിച്ചു വിട്ട നിയമവിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ രംഗത്ത്. സംഭവവുമായി ബന്ധപ്പെട്ട് നാല് യൂറോപ്യന്‍ രാജ്യങ്ങളോട് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീന, ഉറൂഗ്വേ, ഇക്വഡോര്‍, സുരിനാം, വെനിസ്വേല എന്നീ രാജ്യങ്ങള്‍ വിശദീകരണം തേടി. ബൊളീവിയന്‍ നഗരമായ കൊചാബാംബയില്‍ നടക്കുന്ന ഉച്ചകോടിയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അമേരിക്കക്കും എതിരെ നേതാക്കള്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന മുന്‍ സി ഐ എ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡനെ ബൊളീവിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് രണ്ട് ദിവസം മുമ്പാണ് ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറേല്‍സിന്റെ വിമാനം വഴിതിരിച്ചു വിടുകയും ഓസ്ട്രിയയില്‍ അടിയന്തര ലാന്‍ഡിംഗിന് വിധേയമാക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളോട് വിശദീകരണം നല്‍കാന്‍ ലാറ്റിനമേരിക്കന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
അതിനിടെ, ബൊളീവിയയിലെ അമേരിക്കന്‍ എംബസി അടച്ചുപൂട്ടുമെന്ന് പ്രസിഡന്റ് ഇവോ മുന്നറിയിപ്പ് നല്‍കി. വിമാനം വഴിതിരിച്ചുവിട്ടതിന് പിന്നില്‍ അമേരിക്കയാണെന്ന് ആരോപിച്ചായിരുന്നു പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ‘ബൊളീവിയക്ക് അമേരിക്കയുടെ പിന്‍ബലം ആവശ്യമില്ല. രാജ്യത്തിന് അന്തസ്സും പരാമാധികാരവും ഉണ്ട്. ജനാധിപത്യപരമായ മുന്നേറ്റം നടത്തുന്ന ബൊളീവിയയില്‍ അമേരിക്കയുടെ എംബസി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.’ -ഇവോ വ്യക്തമാക്കി. ബൊളീവിയന്‍ പ്രസിഡന്റിനോട് യൂറോപ്യന്‍ രാജ്യങ്ങള്‍ കാണിച്ച അനീതി വെനിസ്വേലയോട് കൂടിയുള്ളതാണെന്നും എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ടാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ബൊളീവിയന്‍ പ്രസിഡന്റിനോട് ഇത് ചെയ്തതെന്നും വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ വ്യക്തമാക്കി.