മഅ്ദിന്‍ വിജയരേഖ, വിത്തും കൈക്കോട്ടും പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

Posted on: July 6, 2013 6:00 am | Last updated: July 5, 2013 at 10:56 pm

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വിജയ രേഖ, വിത്തും കൈക്കോട്ടും പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് സ്വലാത്ത് നഗര്‍ മഅ്ദിന്‍ ക്യാമ്പസില്‍ നടക്കും.

ഉച്ചക്ക് 12.30ന് കൃഷി മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. കാല്‍ ലക്ഷം കുടുംബങ്ങള്‍ക്ക് പച്ചക്കറി വിത്തുകളും വളവും വൃക്ഷത്തൈകളും നല്‍കുന്ന പദ്ധതിയാണിത്. പയര്‍, വെണ്ട, ചീര, മുളക്, വഴുതന എന്നിവയുടെ മുന്തിയ ഇനം വിത്തുകളും അതിനാവശ്യമായ വളവും വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷം മികച്ച അടുക്കളത്തോട്ടം നിര്‍മിച്ച നൂറ് പേര്‍ക്ക് കൈകോട്ടും വിതരണം ചെയ്യുന്നുണ്ട്. ചടങ്ങില്‍ മലപ്പുറം മുനിസിപ്പാലിറ്റി, പൂക്കോട്ടൂര്‍-ആനക്കയം പഞ്ചായത്തുകളിലെ മികച്ച കര്‍ഷകരെ ആദരിക്കും.
1.30ന് കേന്ദ്ര മാനവ ശേഷി സഹ മന്ത്രി ശശി തരൂര്‍ വിജയ രേഖ പദ്ധതിക്ക് തുടക്കം കുറിക്കും. മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠന-പഠനേതര വിഷയങ്ങളില്‍ മികവുണ്ടാക്കാനും വിവിധ തുറകളില്‍ കഴിവു തെളിയിച്ചവരെ ആദരിക്കുന്നതിനും വേണ്ടിയുള്ളതാണ് വിജയരേഖ. മഅ്ദിന്‍ പബ്ലിക് സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂം സ്വിച്ച് ഓണ്‍ കര്‍മവും മന്ത്രി നിര്‍വഹിക്കും.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. ഡോ. കെ കെ എന്‍ കുറുപ്പ്, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഇ മുഹമ്മദ് കുഞ്ഞി, സ്വബാഹ് പുല്‍പ്പറ്റ, ഇബ്രാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി സംബന്ധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447516253, 9567612312.