എസ് വൈ എസ് റമസാന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ഇന്ന്

Posted on: July 6, 2013 6:00 am | Last updated: July 6, 2013 at 11:49 am

sysFLAGകോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം റമസാന്‍ ക്യാമ്പയിനിന് ഇന്ന് മലപ്പുറത്ത് തുടക്കമാവും. സമൂഹത്തിന്റെ ആത്മീയ പുരോഗതി ലക്ഷ്യമാക്കി ബഹുമുഖ പദ്ധതികളോടെ ക്യാമ്പയിനിന്റെ ഭാഗമായി യൂനിറ്റുകളില്‍ മുന്നൊരുക്കം നടന്നുവരികയാണ്. 125 സോണുകളില്‍ ആത്മീയ പരിശീലന സദസ്സുകളും 500 സര്‍ക്കിളുകളില്‍ സംസ്‌കരണ ക്യാമ്പുകളും സംഘടിപ്പിക്കും.

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 15 കേന്ദ്രങ്ങളില്‍ റമസാന്‍ പ്രഭാഷണങ്ങള്‍ നടക്കും. പ്രമുഖ പ്രസംഗകരും പണ്ഡിതരും നേതൃത്വം നല്‍കുന്ന പ്രഭാഷണങ്ങള്‍ക്ക് വന്‍ ഒരുക്കമാണ് നടന്നുവരുന്നത്. ഈമാസം 19ന് സംസ്ഥാനത്തെ മുഴുവന്‍ പള്ളികളും കവലകളും കേന്ദ്രീകരിച്ച് വ്യാപകമായ സാന്ത്വന നിധി സ്വരൂപിക്കും. എസ് വൈ എസ് നടത്തിവരുന്ന ചികിത്സ, ഭവന നിര്‍മ്മാണം, വിവാഹം തുടങ്ങിയ സഹായങ്ങള്‍ക്കുള്ള ഫണ്ട് ഇതുവഴി സമാഹരിക്കും.
ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറം വാരിയന്‍ കുന്നത്ത് ടൗണ്‍ഹാളില്‍ സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ പ്രമേയ പ്രഭാഷണം നടത്തും.
ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് യൂസുഫുല്‍ ബുഖാരി, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍. അലി അബ്ദുല്ല, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍ സംബന്ധിക്കും.