Connect with us

Articles

ഒരു ജില്ലയെ വിഭജിക്കാനുള്ള ന്യായങ്ങള്‍

Published

|

Last Updated

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും ഭൂവിസ്തൃതിയില്‍ മൂന്നാം സ്ഥാനമുള്ളതുമായ ജില്ലയാണ് മലപ്പുറം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 12 ശതമാനവും മലപ്പുറത്താണ്. പാലക്കാടിനും ഇടുക്കിക്കുമാണ് മലപ്പുറത്തേക്കാള്‍ ഭൂവിസ്തൃതിയുള്ളത്. എന്നാല്‍ ഇവിടെ ധാരാളം വന ഭൂമിയാണ്. തിരൂര്‍, പൊന്നാനി ഭാഗത്തുള്ള തീരദേശ മേഖല മുതല്‍ നിലമ്പൂര്‍ മലയോര മേഖല വരെ ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും ഭാഷ ശൈലിയിലും ഏറെ വ്യത്യസ്തമായ വിശാലമായ ഭൂപ്രദേശം ഉള്‍ക്കൊള്ളുന്നതാണ് മലപ്പുറം ജില്ല. കാസര്‍കോട്, വയനാട്, പത്തനംതിട്ട, ഇടുക്കി, എന്നീ നാല് ജില്ലകളിലെ മൊത്തം ജനസംഖ്യക്ക് തുല്യം ആണ് മലപ്പുറത്തെ മാത്രം ജനസംഖ്യ. അതായത് മൂന്നോ നാലോ ജില്ലയാകാന്‍ മാത്രം ഭൂവിസ്തൃതിയും ജനസംഖ്യയും ഇവിടെയുണ്ട്. ഇത്രയും വിശാലമായതാണ് വികസന കാര്യങ്ങളിലും മറ്റും ജില്ല പിറകില്‍ നില്‍ക്കാന്‍ കാരണം.

സ്‌കൂളുകളും കോളജുകളും കോഴ്‌സുകളും മറ്റും അനുവദിക്കുന്നതിലെല്ലാം മാനദണ്ഡം ജില്ലയാണ്. ഇങ്ങനെ വരുമ്പോള്‍ ഇതര മറ്റിടങ്ങളിലെതിന്റെ 25 ശതമാനം മാത്രമേ മലപ്പുറത്ത് ലഭിക്കുന്നുള്ളൂ. ജില്ല വിഭജിച്ചിരുന്നെങ്കില്‍ രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ നിര്‍ദേശ പ്രകാരമുള്ള വിദ്യഭ്യാസ പദ്ധതികള്‍ ഇരട്ടി ലഭിക്കുമായിരുന്നു.
ഭരണ സൗകര്യാര്‍ഥം സംസ്ഥാനങ്ങള്‍ മുതല്‍ പഞ്ചായത്ത് വാര്‍ഡ് തലം വരെയുള്ള വിഭജനം ഇവിടെ നടക്കുന്നതാണ്. 1960ലാണ് ബോംബെ സംസ്ഥാനം മഹാരാഷ്ട്രയും ഗുജറാത്തും ആയി വിഭജിച്ചത്. 1963 ല്‍ നാഗാലാന്‍ഡ് രൂപവത്കരിച്ചു. 1966-ല്‍ പഞ്ചാബ് വിഭജിച്ചു ഹരിയാന രൂപവത്കരിക്കുകയും വടക്കന്‍ ജില്ലകള്‍ ഹിമാചല്‍ പ്രാദേശിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 2000ത്തില്‍ മധ്യപ്രദേശില്‍ നിന്ന് ഛത്തീസ്ഗഢ്, ഉത്തരപ്രദേശില്‍ നിന്ന് ഉത്തരാഞ്ചല്‍, ബിഹാറില്‍ നിന്ന് ഝാര്‍ഗണ്ട് എന്നിവ വിഭജിച്ചു. 1956ല്‍ സംസ്ഥാന പുനഃക്രമീകരണ നിയമം പാസ്സാക്കിയ ശേഷം ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃക്രമീകരിച്ചു. അങ്ങനെയാണല്ലോ കേരള സംസ്ഥാനം രൂപവത്കരിച്ചത്. തിരുവതാംകൂര്‍ കൊച്ചിയോടൊപ്പം, പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറും കൂടി കൂട്ടി ചേര്‍ത്താണ് കേരളം രൂപവത്കരിച്ചത്. ദക്ഷിണ കാനറയുടെ ഭാഗം ആയിരുന്ന കാസര്‍കോട് കേരളത്തിലേക്കും തെക്ക് ഭാഗത്തുള്ള ചില താലൂക്കുകള്‍ തമിഴ്‌നാടിനോടും കൂട്ടിച്ചേര്‍ത്തു. ഭരണ സൗകര്യാര്‍ഥം ഓരോ സംസ്ഥാനത്തും പലപ്പോഴായി ജില്ലകള്‍ വിഭജിച്ചു.
മലപ്പുറം വിഭജിക്കുന്നതോടെ ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഒരു ജില്ലകൂടി നിലവില്‍ വരുമെന്നാണ് പലര്‍ക്കും ആശങ്ക. എന്നാല്‍, അത്തരമൊരു ആശങ്കക്ക് യാതൊരു സാധുതയുമില്ല. സംസ്ഥാനത്തെ പല ജില്ലകളും ഇതര വിഭാഗങ്ങള്‍ ഭൂരിപക്ഷം ആണ്. ഒരു ജില്ലയില്‍ ആര് ഭൂരിപക്ഷം എന്ന് ചിന്തിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. കേരളം രൂപവത്കരിക്കുമ്പോള്‍ അകെ നാല് ജില്ലകളാണുണ്ടായിരുന്നത്. ഭരണ സൗകര്യാര്‍ഥം വിവിധ ജില്ലകള്‍ രൂപവത്കരിച്ചപ്പോള്‍ വലിയ വിവാദം ഒന്നും ഉണ്ടായില്ലെങ്കിലും 1969ല്‍ മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോള്‍ തന്നെ ഇപ്പോഴത്തെ പോലെ, അന്നും പലരും അസംബന്ധം പറയാന്‍ ശ്രമിച്ചു. മൂവാറ്റുപുഴ ജില്ല രൂപവത്കരിക്കണം എന്ന ആവശ്യം അടുത്ത കാലത്തായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ആ ആവശ്യത്തില്‍ ഒരു വര്‍ഗീയ നിറം ആരും ആരോപിച്ചു കാണുന്നില്ല. മലപ്പുറം ജില്ലാ രൂപവത്കരണം തന്നെ പഴയ പാകിസ്ഥാന്‍ വാദത്തിന്റ ആവര്‍ത്തനമായി പേക്കിനാവ് കണ്ടു പലരും “ഞെട്ടി വിറച്ചിരുന്നു”. മലപ്പുറം ജില്ല നിലവില്‍ വന്നാല്‍ അന്യ മതസ്ഥരെ കൂട്ടക്കുരുതി നടത്തുമെന്ന് പോലും പറഞ്ഞു. പക്ഷെ, എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ച് രാജ്യത്തെ ഏതു ജില്ലക്കും മാതൃകയായി മതസഹിഷ്ണുതയും സഹോദര്യവും മലപ്പുറം ജില്ല അതിന്റെ മുഖമുദ്രയാക്കി. ബാബരി മസ്ജിദ് തകര്‍ച്ചയുമായി ബന്ധപ്പെട്ടു കേരളത്തില്‍ അല്ലറ ചില്ലറ അസ്വസ്ഥതകള്‍ നിലനിന്ന്വെങ്കിലും മലപ്പുറം സ്തുത്യര്‍ഹം ആയ സഹിഷ്ണുതാ പാരമ്പര്യം മുറുകെ പിടിച്ചു. ഈ മലപ്പുറത്തെ വിഭജിക്കുമ്പോള്‍ ഇനിയും ഇത്തരത്തിലുള്ള വില കുറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ മാനിക്കാതെ ഉടന്‍ യാഥാര്‍ഥ്യമാക്കണം.
ഗള്‍ഫ് പണം മലപ്പുറത്തെ സമ്പന്നമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റൊരു വസ്തുതയുണ്ട്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ആളോഹരി പ്രതിശീര്‍ഷ വരുമാനം മലപ്പുറം ജില്ലക്കാണ്. അതുപോലെ ആരോഗ്യ മേഖലയില്‍ മലപ്പുറം ഏറെ പിന്നിലാണ്. പി എച്ച്് സി, ഹോമിയോ /ആയുര്‍വേദ ഡിസ്‌പെന്‍സറി അടക്കം ജനങ്ങള്‍ക്ക് ആശ്രയിക്കാനുള്ള ആരോഗ്യ സ്ഥാപനം മലപ്പുറത്ത് 18,686 ആളുകള്‍ക്ക് ഒന്ന് മാത്രം ആണ് . ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ യഥാക്രമം 8,584, 5,564 ആളുകള്‍ക്ക് ഒരു ആശുപത്രി വീതമുണ്ട്. മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ 13,611 ആളുകള്‍ക്ക് ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. മലപ്പുറത്ത് ആകെ 11 മൃഗാശുപത്രികള്‍ മാത്രമാണുള്ളത്.
തിരുവനന്തപുരത്തും കൊല്ലത്തും ഏറണാകുളത്തും 23 എണ്ണം വീതവും തൃശൂരില്‍ 22 എണ്ണവും ഉണ്ട്. മലപ്പുറത്തെ നിയമസഭാ മണ്ഡലങ്ങളില്‍ ശരാശി 2,56,934 വോട്ടര്‍മാര്‍ ആണ് ഉള്ളത്. കോട്ടയത്തെ ശരശരി 21, 993ആണ്. കേരളത്തില്‍ ശരാശരി 77 കുട്ടികള്‍ക്ക് ഒരു അങ്കണ്‍വാടി വീതം ഉണ്ടെങ്കില്‍ മലപ്പുറത്ത് 132 കുട്ടികള്‍ക്ക് ഒന്ന് മാത്രം. മലപ്പുറത്ത് 1,356 കുട്ടികള്‍ക്ക് ഒരു ഹൈസ്‌കൂള്‍ ആണെങ്കില്‍ പത്തനംതിട്ടയില്‍ 271 കുട്ടികള്‍ക്കും കോട്ടയത്ത് 334 കുട്ടികള്‍ക്കും ഇടുക്കിയില്‍ 321 കുട്ടികള്‍ക്കും ഓരോ ഹൈസ്‌കൂള്‍ വീതം ഉണ്ട്. മലപ്പുറത്തെ ഒരു വിദ്യാഭ്യാസ ജില്ലകളില്‍ ഉള്ളതിന്റെ മൂന്നിലൊന്നോ നാലിലൊന്നോ കുട്ടികള്‍ മാത്രമാണ് മറ്റു പല ജില്ലയിലെയും വിദ്യാഭ്യാസ ഉപജില്ലയില്‍ ഉള്ളത് .
വൈദ്യുതി ഒരു സെക്ഷനില്‍ മലപ്പുറത്ത് ശരാശരി 63,245 ആളുകളാണ് ഉള്ളത്. മറ്റു ജില്ലകളില്‍ ശരാശരി 45,000 ആളുകള്‍ മാത്രം ആണ് വരുന്നത്. സപ്ലൈകോ മാവേലി സ്റ്റോറുകള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയുടെ കണക്ക് പരിശോധിക്കുമ്പോള്‍ മലപ്പുറത്ത് 3,73,723 ആളുകള്‍ക്ക് ഒരു സ്ഥാപനം മാത്രം. പത്തനം തിട്ടയിലും കോട്ടയത്തും ഇടുക്കിയിലും യഥാക്രമം 99,628, 28,276, 22,149 ആളുകള്‍ക്ക് ഒരു സ്ഥാപനം വീതമുണ്ട്. ഇങ്ങനെ എല്ലാ തലങ്ങളിലും ജില്ല ഏറെ പിന്നാണ്. മലപ്പുറത്തെ വിഭജിക്കുന്നത് ഈ മേഖലയിലെ വികസനങ്ങള്‍ക്ക് വലിയ ഒരാശ്വാസമാകും.