പാക്കിസ്ഥാനിലെ യൂട്യൂബ് നിരോധം തുടരും

Posted on: July 5, 2013 10:36 pm | Last updated: July 5, 2013 at 11:38 pm

youtubeലാഹോര്‍: പാക്കിസ്ഥാനില്‍ യൂട്യൂബിനുള്ള നിരോധം തുടരും. യൂട്യൂബിനുള്ള നിരോധം നീക്കണമെന്ന ഹരജിയില്‍ ഇടക്കാല വിധി പുറപ്പെടുവിക്കാന്‍ ലാഹോര്‍ ഹൈക്കോടതി വിസമ്മതിച്ചു. മതനിന്ദാപരവും അപകീര്‍ത്തിപരവുമായ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്യാത്ത സാഹചര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കാനാകുമെന്ന് കോടതി വിവരസാങ്കേതിക വിദ്യാ മന്ത്രാലയത്തിലെ വിദഗ്ധരോട് ചോദിച്ചു. ഇത് സംബന്ധിച്ച് ഈ മാസം 25നകം റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് സയ്യിദ് മന്‍സൂര്‍ അലി ഷാ ഉത്തരവിട്ടു.
നിരോധം നീക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടന നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കഴിഞ്ഞ സെപ്തംബറിലാണ് രാജ്യത്ത് യൂട്യൂബ് നിരോധിച്ചത്. മതനിന്ദാ വീഡിയോ നീക്കം ചെയ്യാന്‍ യൂട്യൂബ് വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. പ്രവാചക നിന്ദ സംബന്ധിച്ച വീഡിയോ നീക്കാന്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടെങ്കിലും ഗൂഗിള്‍ തയ്യാറായിരുന്നില്ല. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാറാണ് നിരോധം കൊണ്ടുവന്നത്.
നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പി എം എല്‍- എന്‍ സര്‍ക്കാര്‍ നിരോധം പിന്‍വലിക്കാനാണ് ഉദ്ദേശിക്കുന്നത്. ഡെപ്യൂട്ടി അറ്റോര്‍ണി ജനറലും നിരോധം നീക്കുന്നതിനെ എതിര്‍ത്തു. മൗലികാവകാശ ലംഘനമാണ് നിരോധമെന്നും ഇത് നിരവധി പേരെ ബാധിക്കുന്നുണ്ടെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.