‘സൊചു രാങ ടേറം’ അഥവാ ഒരു ചായ വേണം

Posted on: July 5, 2013 1:12 am | Last updated: July 5, 2013 at 1:12 am

മലപ്പുറം: സൊചു രാങ ടേറം, മവി ടേറോ, ടേഷ. ഇത് മൈഗുരുഡ് ഭാഷയിലുള്ള ചില സംഭാഷണ രീതികളാണ്. ഒരു ചായ വേണം, കടി വേണോ, വേണ്ട ഇതാണ് ഈ വാക്കുകളുടെ മലയാള ഭാഷാര്‍ഥം. മാപ്പിള ലഹള നടന്നപ്പോള്‍ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന ഗൂഢഭാഷയായിരുന്നുവത്രെ മൈഗുരുഡ്. നഷ്ടപ്പെട്ടുപോയ ഈ ഭാഷ ഉപയോഗിച്ചിരുന്നവരില്‍ അധികവും മാപ്പിള ലഹളക്കാലത്ത് ജീവിച്ചരായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

മലപ്പുറം ജില്ലയിലെ ഇരുമ്പുഴി, എടപ്പാള്‍ എന്നിവിടങ്ങളിലാണ് ഈ ഭാഷക്ക് ഇപ്പോഴും ചെറിയ രീതിയില്‍ വേരോട്ടമുള്ളത്. ഇരുമ്പുഴിയിലെ ചായക്കടക്കാരനായ തോരപ്പ മുഹമ്മദ്, ജയില്‍ വാര്‍ഡനായിരുന്ന കരേകടവത്ത് ഹസന്‍കുട്ടി, ഗവേഷകനും മങ്കട പള്ളിപ്പുറം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ ഡോ. പ്രമോദ് ഇരുമ്പുഴി എന്നിവരെല്ലാം മൈഗുരുഡ് ഭാഷയില്‍ പ്രാവീണ്യമുള്ളവരാണ്. മുന്‍ തലമുറയിലെ ഇരുപതോളം പേര്‍ ഈ ഭാഷ സംസാരിച്ചിരുന്നുവത്രെ. ഇവരെല്ലാവരും മുസ്‌ലിംകളായിരുന്നുവെന്നും ഡോ. പ്രമോദ് പറയുന്നു.
മാപ്പിള ലഹളയില്‍ പങ്കെടുത്തിരുന്ന പലരെയും ബ്രിട്ടീഷുകാര്‍ ജയിലില്‍ അടച്ചപ്പോള്‍ മലയാളികളായ ജയില്‍ വാര്‍ഡന്‍മാര്‍ കേള്‍ക്കാതിരിക്കാന്‍ തടവുകാര്‍ കണ്ടെത്തിയ ഭാഷയാണ് മൈഗുരുഡ്. ജയിലിലേക്ക് പുതിയ തടവുകാര്‍ വരുമ്പോള്‍ പുതിയ വിവരങ്ങളും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള നീക്കങ്ങളുമെല്ലാം സംസാരിക്കുമ്പോള്‍ മലയാളികളായ ജയില്‍ വാര്‍ഡന്‍മാര്‍ കേട്ട് ബ്രിട്ടീഷ് അധികാരികളെ അറിയിക്കാതിരിക്കാന്‍ മറ്റൊരു കോഡ് ഭാഷ കണ്ടെത്തുകയേ ഇവര്‍ക്ക് വഴിയുണ്ടായിരുന്നുള്ളൂ. ഈ ഭാഷ അറിയുന്ന മറ്റുള്ളവരെ കൂടി കണ്ടെത്തുന്നതിനും ഭാഷയുടെ സംരക്ഷണത്തിനുമായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് ഇരുമ്പുഴിയിലെ പ്രമോദ്. മൈഗുരുഡ് ഭാഷ അറിയുന്നവര്‍ 9846308995 നമ്പറില്‍ ബന്ധപ്പെടണം.