ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ മൂക്കുകയര്‍

Posted on: July 5, 2013 1:09 am | Last updated: July 5, 2013 at 1:09 am

കൊച്ചി: നിയമാനുസൃതമല്ലാതെയും മതിയായ സൗകര്യങ്ങള്‍ ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ഡ്രൈവിംഗ് സ്‌കൂളുകളും പരിശോധിക്കും.

നിയമാനുസൃതം ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാതെയും പഠിതാക്കള്‍ക്ക് വേണ്ടവിധം പരിശീലനം നല്‍കാതെയും യോഗ്യതയില്ലാത്ത അധ്യാപകരെ വെച്ച് പരിശീലനം നല്‍കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അത്തരം ഡ്രൈവിംഗ് സ്‌കൂളൂകളുടെ ലൈസന്‍സ് റദ്ദ് ചെയ്യും. ഇതു സംബന്ധിച്ച് കേരളത്തിലെ എല്ലാ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും കമ്മീഷണര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ചില ഡ്രൈവിംഗ് സ്‌കൂളുകള്‍ ആവശ്യമായ പരിശീലകരോ ഉപകരണങ്ങളോ ഇല്ലാതെയാണ് പരിശീലനം നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇവ കൂടാതെ രജിസ്റ്ററുകള്‍ പോലും ഇല്ലാതെയും ലൈസന്‍സില്‍ പറയുന്ന സ്ഥലത്തു നിന്ന് മാറി മറ്റൊരിടത്ത് ഡ്രൈവിംഗ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതായും മറ്റുമുള്ള അപാകതകള്‍ കണ്ടെത്തിയിരുന്നു. ഇങ്ങനെ അപകാതകള്‍ കണ്ടെത്തിയ ഡ്രൈവിംഗ് സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദാക്കിയിരിക്കുകയാണ്. ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളെ കുറിച്ച് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത്തരക്കാരെ കണ്ടെത്തി പൂട്ടിടുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യാപകമായി കര്‍ശന പരിശോധന നടത്താനും അപാകം കാണുന്നപക്ഷം ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള ശിക്ഷാനടപടി സ്വീകരിക്കാനും തീരുമാനിച്ചതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. കുറ്റകരമായി പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളെ കണ്ടെത്തി നടപടി എടുക്കുന്നതില്‍ വീഴ്ച വരുത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.
അതേസമയം, അംഗീകാരമില്ലാതെയും അനധികൃതമായും ‘ബീക്കണ്‍ ലൈറ്റ്’ ഉപയോഗിക്കുകയും ‘കേരള സ്റ്റേറ്റ്’ എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ കണ്ടെത്തി നടപടിയെടുക്കാന്‍ കേരളത്തിലെ എല്ലാ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍/ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കി. ആവര്‍ത്തിച്ചു നിര്‍ദേശം നല്‍കിയിട്ടും ബീക്കര്‍ ലൈറ്റും കേരള സ്‌റ്റേറ്റ് ബോര്‍ഡും ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നു മുതല്‍ ഇത്തരം വാഹനങ്ങള്‍ പിടികൂടാനാണ് തീരുമാനം.