Connect with us

Editors Pick

ഫോണ്‍കോളുകള്‍ ചോര്‍ന്നതിന് പിന്നില്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോര്

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരെ വിളിച്ച മന്ത്രിമാരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നീണ്ട നിര പുറത്ത് വന്നതിന്റെ പിന്നില്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരെന്ന് സൂചന. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഫോണ്‍ രേഖകളാണ് ആദ്യം ചോര്‍ന്നത്. തിരുവഞ്ചൂരിന്റെ പി എ ഒന്‍പത് തവണ സരിതയെ വിളിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. സരിതയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞിരുന്ന ആഭ്യന്തര മന്ത്രി ഈ ആരോപണത്തിന് മുന്നില്‍ ആദ്യം പകച്ചു പോയിരുന്നു. പിന്നീടാണ് വിശദീകരണവുമായി അദ്ദേഹം രംഗത്ത് വന്നത്.

തിരുവഞ്ചൂരിന്റെ ഫോണ്‍ വിളി സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സരിതയെ വിളിച്ച കെ പി സി സി പ്രസിഡന്റ് അടക്കമുള്ള നേതാക്കളുടെ പേര് പുറത്ത് വന്നത്. കേന്ദ്രമന്ത്രിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍, സംസ്ഥാന മന്ത്രിമാരായ അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, കെ.സി.ജോസഫ്, ആര്യാടന്‍ മുഹമ്മദ്, പി.കെ. ജയലക്ഷ്മി, ഷിബു ബേബിജോണ്‍ എന്നിവരേയും കോണ്‍ഗ്രസ് എംഎല്‍എമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, എ പി.അബ്ദുള്ളകുട്ടി, പിസി വിഷ്ണുനാഥ് തുടങ്ങിയവരേയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, ഷാനിമോള്‍ ഉസ്മാന്‍, ലതിക സുഭാഷ്, ടി. സിദ്ദഖ്, എം.ഐ ഷാനവാസ് എംപി തുടങ്ങിയവരേയും സരിത വിളിച്ചുവെന്നാണ് ഇന്ന് പുറത്ത് വന്ന രേഖകള്‍ പറയുന്നത്.

തിരുവഞ്ചൂരിന്റെ ഫോണ്‍ വിവരങ്ങള്‍ പുറത്തുവന്നതിന്റെ പ്രതികാരമായാണ് ഐ ഗ്രൂപ്പുകാരായ രമേശ് ചെന്നിത്തലയടക്കമുള്ളവരുടെ പേരുകള്‍ പുറത്ത് വിട്ടതെന്നാണ് സൂചന. പോലീസിലെ ഉന്നതര്‍ അറിയാതെയാണ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നത്. ഇതില്‍ പോലീസ് തലപ്പത്ത് അതൃപ്തിയുണ്ട്. അവരത് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ തിരുവഞ്ചൂരിനെതിരെ എ ഗ്രൂപ്പിലും ശക്തമായ പടയൊരുക്കമാണ് നടക്കുന്നത്. സോളാര്‍ കേസിന്റെ അന്വേഷണത്തില്‍ ഗ്രൂപ്പിനുള്ളില്‍ വലിയ അതൃപ്തിയാണ് നിലനില്‍ക്കുന്നത്. ജോപ്പന്റെ അറസ്റ്റ അസമയത്തായിപ്പോയി എന്ന് ഗ്രൂപ്പിനുള്ളില്‍ വിമര്‍ശനമുണ്ട്. ബെന്നി ബെഹനാന്റെ നേതൃത്വത്തിലാണ് തിരുവഞ്ചൂരിനെതിരെ പടയൊരുക്കം നടക്കുന്നത്. ഇതാണ് എ ഗ്രൂപ്പില്‍ പെട്ടവരുടെ ഫോണ്‍ വിവരങ്ങളും ചോര്‍ന്നതിന് പിന്നിലെന്നാണ് സൂചന.

മുഖ്യമന്ത്രിയേയും താങ്കളേയും തമ്മില്‍ തെറ്റിക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ആര് ശ്രമിച്ചാലും നടക്കില്ലെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. ഐ ഗ്രൂപ്പുകാരാണോ ഈ നീക്കം നടത്തുന്നതെന്ന് ചോദിച്ചപ്പോള്‍ എ ഗ്രൂപ്പായാലും ഐ ഗ്രൂപ്പായാലും നടക്കില്ലെന്നും ഇരു ഗ്രൂപ്പിലും പെട്ട ചിലര്‍ അതിന് ശ്രമിക്കുന്നുണ്ടെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി.

സരിതയെ തങ്ങളെന്തിന് വിളിച്ചുവെന്ന് യു ഡി എഫിന്റെ കേന്ദ്ര സംസ്ഥാന മന്ത്രിമാരടക്കമുള്ള നേതാക്കള്‍ നിരന്നു നിന്ന് വിശദീകരിക്കുന്ന കാഴ്ച്ചയായിരുന്നു ഇന്ന് വാര്‍ത്താചാനലുകളില്‍ കണ്ടത്‌. പോലീസിനെ ഉപയോഗിച്ച് ഗ്രൂപ്പ് കളിക്കുന്നുവെന്ന ആരോപണം തിരുവഞ്ചൂരിനെതിരെ ഐ ഗ്രൂപ്പ് ഉന്നയിക്കുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വൈകീട്ടോടെ കെ പി സി സി പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു. നാളെ മുഖ്യമന്ത്രി രമേശ് ചെന്നിത്തലയുമായും പി പി തങ്കച്ചനുമായും ചര്‍ച്ച നടത്തുന്നുണ്ട്. രാവിലെ പത്ത് മണിക്കാണ് ചര്‍ച്ച.

Latest