Connect with us

Kerala

യു ഡി എഫില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് മുസ്ലിം ലീഗ്

Published

|

Last Updated

കോഴിക്കോട്: യു ഡി എഫില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് മുസ്ലിം ലീഗ്. കോണ്‍ഗ്രസും ഘടകക്ഷികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മുസ്ലിം ലീഗ് സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ മുന്നണിയെ ബാധിക്കുന്നുണ്ട്. സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ പലതും ജനങ്ങളിലെത്തുന്നില്ല. അതുകൊണ്ട് തന്നെ ഈ പ്രശനങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണം. മുസ്ലിം ലീഗിനെതിരെ കോണ്‍ഗ്രസ് നിരന്തരമായി പരാതികള്‍ ഉന്നയിക്കുകയാാണ്. ലീഗിനെതിരായ പ്രവര്‍ത്തനങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറം എത്തിക്കഴിഞ്ഞു. ഇങ്ങനെ മുന്നോട്ടുപോകാനാകില്ല. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം.

ഉപമുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് രമേശ് ചെന്നിത്തലക്ക് എതിരായി നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ഇ ടി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ലീഗ് പറഞ്ഞത് ലീഗിന്റെ അഭിമാനപ്രശനമാണ്. ചെന്നിത്തലക്ക് ഒരു സ്ഥാനവും നല്‍കുന്നതിന് ലീഗ് എതിരല്ല. എന്നാല്‍ അത് തങ്ങളെ ബാധിക്കുന്ന രീതിയിലാകരുതെന്നാണ് പറഞ്ഞത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ വലിച്ചിഴക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ നിര്‍ഥകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Latest