തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് തെറ്റയിലിന്റെ ഹര്‍ജി

Posted on: July 4, 2013 11:00 am | Last updated: July 4, 2013 at 11:31 am

jose thettayilകൊച്ചി: തനിക്കെതിരെയുളള ലൈംഗിക ആരോപണക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് തെറ്റയില്‍ എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ കുടുക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ജോസ് തെറ്റയിലിനെതിരേ ബലാത്സംഗ കുറ്റത്തിനാണ് ആലുവ പോലീസ് കേസെടുത്തിരിക്കുന്നത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ എഫ്‌ഐആര്‍ നിലനില്‍ക്കുന്നതല്ലെന്നാണ് തെറ്റയില്‍ ഹര്‍ജിയില്‍ പറയുന്നത്. എഫ്‌ഐആര്‍ റദ്ദാക്കിയാല്‍ അറസ്റ്റ് ഒഴിവാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

തന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനായി കള്ളക്കേസുണ്ടാക്കിയിരിക്കുകയാണെന്നാണ് തെറ്റയിലിന്റെ ആരോപണം. എട്ടു മാസങ്ങള്‍ക്കു മുമ്പ് നടന്നെന്നു പറയുന്ന സംഭവം ഇപ്പോള്‍ കുത്തിപ്പൊക്കിയത് ഇതിനു തെളിവാണ്. തെറ്റയിലിനും മകനുമെതിരേ പരാതി നല്‍കിയ യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്താന്‍ പോലീസ് തീരുമാനിച്ച സാഹചര്യത്തിലാണ് തെറ്റയിലിന്റെ നീക്കം. യുവതി പിന്നീട് മൊഴി മാറ്റാതിരിക്കാനാണ് മജിസ്‌ട്രേറ്റിനു മുമ്പില്‍ ജോസ് തെറ്റയില്‍ മൊഴി രേഖപ്പെടുത്തുന്നത്.