Connect with us

Palakkad

സ്വകാര്യ ബസുകള്‍ ഒമ്പതിന് സൂചനാ പണിമുടക്ക് നടത്തും

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്തെ ആറ് ബസുടമാ സംഘടനകളുടെ കൂട്ടായ്മയായ ആള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈമാസം 9ന് സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് നടത്തും. ബസ് ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

കഴിഞ്ഞ ബസ് ചാര്‍ജ് വര്‍ധനവിന് ശേഷം ഡീസല്‍ വിലയില്‍ മാത്രം അഞ്ച് രൂപയോളം വര്‍ധനവുണ്ടായി. ടയര്‍, സ്‌പെയര്‍പാര്‍ട്‌സ്, ഓയില്‍, ഇന്‍ഷ്വറന്‍സ് തുടങ്ങി ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ എല്ലാ മേഖലകളിലും ഭീമമായ വില വര്‍ധനവ് ഉണ്ടായ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് ഏഴ് രൂപയാക്കി കിലോമീറ്ററിന് 65 പൈസ വര്‍ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.
വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കാലോചിതമായി വര്‍ധിപ്പിക്കുക, ബസുകളുടെ കാലാവധി 20 വര്‍ഷമാക്കുക, ഡീസല്‍ സബ്‌സിഡിയും വാഹനനികുതിയില്‍ ഇളവും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചാണ് സമരം.
നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും. യോഗത്തില്‍ ടി ഗോപിനാഥന്‍, പി കെ മൂസ, ബാബുരാജ്, ജോസ് കുഴുപ്പില്‍, പി കെ പവിത്രന്‍, മനാഫ്, അശോകന്‍, പി ടി ജോയ്, എന്‍ വിദ്യാധരന്‍, ജെയ്‌സണ്‍, ഹരി, ചന്ദ്രശേഖരന്‍ പങ്കെടുത്തു.