Connect with us

Malappuram

പൊന്നാനിയില്‍ ആറ് മത്സ്യ ബന്ധന വളളങ്ങള്‍ ചുഴലിക്കാറ്റില്‍ പെട്ടു; തൊഴിലാളികളെ രക്ഷപ്പെടുത്തിയത് സാഹസികമായി

Published

|

Last Updated

പൊന്നാനി: മത്സ്യബന്ധനത്തിനുപോയ ആറ് വളളങ്ങള്‍ ചുഴലിക്കാറ്റില്‍ പെട്ടു. ശക്തമായ ഉള്‍കടലാക്രമണത്തിന് ചുഴലിക്കാറ്റിലും പെട്ട് മൂന്ന് മത്സ്യതൊഴിലാളികള്‍ കടലിലേക്ക് തെറിച്ചുവീണു. ആറ് വളളങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി.

പൊന്നാനി സ്വദേശികളായ ആലിയമാക്കാനകത്ത് അഷറഫ് (34), അക്ബര്‍ മരക്കടവ് (30), അലി പുതുപൊന്നാനി എന്നിവരാണ് ശക്തമായ ചുഴലിയിലും കടല്‍ത്തിരയിലും പെട്ട് പിടിച്ചു നല്‍ക്കാനാവാതെ വളളങ്ങളില്‍ നിന്നും കടലിലേക്ക് തെറിച്ചുവീണത്. ഇവരെ മറ്റു വളളങ്ങളിലുളള തൊഴിലാളികള്‍ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. പൊന്നാനി അഴിമുഖത്ത് നിന്നും ആഴക്കടലില്‍ മുപ്പത്ത് കിലോമീറ്റര്‍ അകലെ ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവമുണ്ടായത്. പൊന്നാനി ഫിഷിംഗ് ഹാര്‍ബറില്‍ നിന്നും ഇന്നലെ ഇരുനൂറോളം വളളങ്ങളാണ് മത്സ്യബന്ധനത്തിന് കടലില്‍ പോയിരുന്നത്.
ഉള്‍ക്കടലില്‍ മീന്‍ പിടിക്കുന്നതിനിടെ പ്രത്യേകതരം ചുഴലിക്കാറ്റ് വീശുകയായിരുന്നുവെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. വളരെ പെട്ടെന്ന് വീശിയ ചുഴലിയോടൊപ്പം ശക്തമായ മൂടല്‍ മഞ്ഞുണ്ടായി. കടല്‍ തിരിമാലകള്‍ അതിശക്തമായി ഉയര്‍ന്നുപൊന്തി. ആടിയുലഞ്ഞ് നിയന്ത്രണം വിട്ട വളളങ്ങളിലൊന്ന് പൊന്നാനിയിലെ സുല്‍ത്താന്‍ എന്ന പേരിലുളള വളളമായിരുന്നു. ഈ വളളത്തിലെ തൊഴിലാളികളാണ് അഷറഫും അക്ബറും അലിയും. ഉയര്‍ന്നു പൊന്തുകയും ആടിയുലയുകയും ചെയ്ത വളളത്തില്‍ നിന്ന് ഇവര്‍ കടലിലേക്ക് തെറിക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ട ആറുവളളങ്ങളുടെയും മുകളില്‍ ഘടിപ്പിച്ച പന്തലുകളെല്ലാം നശിച്ചു. വലകള്‍ മുറിഞ്ഞ് കടലില്‍ തന്നെ നഷ്ടപ്പെട്ടു. മിക്ക വളളങ്ങള്‍ക്കും അന്‍പതിനായിരം മുതല്‍ ഒന്നര ലക്ഷം രൂപ വരെയുളള നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുളളത്. അപകടത്തില്‍പ്പെട്ട വളളങ്ങള്‍ ഉച്ചക്ക്‌ശേഷം തിരൂര്‍ പടിഞ്ഞാറക്കര അഴിമുഖത്ത് മറ്റു വളളങ്ങള്‍ വലിച്ചെത്തിച്ചു.

Latest