Connect with us

Kannur

ആറാട്ടുകാവ് കോളനി വെള്ളത്തില്‍

Published

|

Last Updated

ചെറുപുഴ: കനത്ത മഴയെ തുടര്‍ന്ന് ചെറുപുഴ പഞ്ചായത്തിലെ ആറാട്ടുകടവ് കോളനിയിലെ 30ഓളം കുടുംബങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. രണ്ട് ദിവസമായി പെയ്ത കനത്ത മഴയിലാണ് കോളനി വെള്ളത്തിനടിയിലായത്. മലയോര മേഖലയിലെ താഴ്ന്ന പ്രദേശങ്ങളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലാണ്. വീടുകളും വെള്ളത്തിനടിയിലായതോടെ ചെറുപുഴ പഞ്ചായത്തില്‍ അഞ്ച് വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചു. കാര്യംങ്കോട് പുഴ കരകവിഞ്ഞതോടെ നിര്‍ദിഷ്ട ഏഴിമല വാഗമണ്ഡലം ഹൈവേയില്‍ കോലുവള്ളി പ്രദേശത്ത് വെള്ളം കയറിയതോടെ വാഹന ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ചെറുതോടുകളും പുഴകളും കരകവിഞ്ഞു. നിരവധി പാലങ്ങള്‍ വെള്ളത്തിനടിയിലായി. മുളപ്ര പാലം, തിരുമേനി പാലം, പാക്കഞ്ഞിക്കാട് പാലം, ഏണിച്ചാല്‍ പാലം പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
പുഴകളും തോടുകളും കരകവിഞ്ഞതോടെ നിരവധി കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. ജോസ്ഗിരി-പയ്യന്നൂര്‍ റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. നിരവധി വൈദ്യുതി തൂണുകളും തകര്‍ന്ന് വീണു. കനത്ത മഴയില്‍ കോലുവള്ളിയിലെ കാവുംപുറത്ത് മുജീബിന്റെ വീട് പൂര്‍ണമായും തകര്‍ന്നു. കോലുവള്ളിയിലെ കാഞ്ഞിരങ്ങാടന്‍ ശ്രീധരന്‍, കാര്‍ത്യായനി, തമ്പാന്‍, തൈപ്പറമ്പില്‍ എന്‍സമ്മ, കാറ്റിക്കാരന്‍ രാജന്‍ എന്നിവരുടെ വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇവരെ പഞ്ചായത്ത് അധികൃതര്‍ മാറ്റിത്താമസിപ്പിച്ചു. ചെറുപുഴ ടൗണിലെ വ്യാപാരസ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. ചെറുതോടുകളും പുഴകളും കരകവിഞ്ഞൊഴുകിയതോടെ നിരവധി ചെറുപാലങ്ങള്‍ ഒലിച്ചുപോയി. ഇതോടെ മലയോര മേഖലയിലെ ചെറുഗ്രാമങ്ങളെല്ലാം ഒറ്റപ്പെട്ടു. മരങ്ങള്‍ കടപുഴകി റോഡ് ഗതാഗതം സ്തംഭിച്ചു. വൈദ്യുതി ടെലഫോണ്‍ ബന്ധങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചു. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തുണ്ടെങ്കിലും മിക്ക സ്ഥലങ്ങളിലും കാര്യക്ഷമമായ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ല. ഒറ്റപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ കന്നികളം കോളജില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയതായി പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ് അറിയിച്ചു.

Latest