ദുരിതപ്പെയ്ത്ത്

Posted on: July 4, 2013 12:39 am | Last updated: July 4, 2013 at 12:39 am

കണ്ണൂര്‍: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ജില്ലയില്‍ കനത്ത നാശനഷ്ടം. ജില്ലയില്‍ ഇന്നലെ പെയ്ത കനത്ത മഴയിലും കാറ്റിലും 40ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. 2.1 ഹെക്ടറിന്റെ കാര്‍ഷികനഷ്ടമുണ്ടായി. മലയോരമേഖലയില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടി. വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. മഴ തിമിര്‍ത്ത് പെയ്തതോടെ കൃഷിയിടങ്ങളും റോഡുകളും വെള്ളത്തിലായി.
തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. ആലക്കോട് ഫര്‍ലോംഗ് കം ആദിവാസി കോളനിക്ക് സമീപം ഉരുള്‍പ്പൊട്ടി. ഫര്‍ലോംഗ് കരയിലെ തോമച്ചന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഗുഡ്‌സ് ഓട്ടോക്ക് മുകളില്‍ പാറക്കല്ല് വീണ് ഗുഡ്‌സ് തകര്‍ന്നു. രണ്ട് ദിവസമായി കനത്ത മഴ തുടരുന്നതിനാല്‍ മലയോരത്ത് വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. മലയോരത്ത് ഇന്നലെ രാവിലെയോടെ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. കേളകത്ത് ഒരാളെ മലവെള്ളപ്പാച്ചിലില്‍ കാണാതായി. ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്.
ജില്ലയില്‍ ഇരിക്കൂര്‍ മേഖലയിലാണ് ശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തില്ലങ്കേരി ഭാഗങ്ങളില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശമുണ്ടായി. മരം കടപുഴകി വീണ് പലേടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. നെടുംപൊയില്‍-മാനന്തവാടി റൂട്ടില്‍ 28ാം മൈലിന് സമീപം മണ്ണിടിച്ചലിനെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പോലീസും ഫയര്‍ഫോഴ്‌സും ജെ സി ബിയുടെ സഹായത്തോടെ മണ്ണ് നീക്കം ചെയ്തു. ഇന്നലെ രാവിലെയോടെയാണ് ഇവിടെ മണ്ണിടിച്ചിലുണ്ടായത്. കനത്തമഴ തുടരുന്നതിനാല്‍ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.