Connect with us

Wayanad

തൊഴിലുറപ്പ് പദ്ധതിയില്‍ ഗണ്‍ ബൂട്ടും കൈയുറയും വാങ്ങിയതില്‍ 3.5 ലക്ഷത്തിന്റെ അഴിമതിയെന്ന്

Published

|

Last Updated

കല്‍പ്പറ്റ: പൂതാടി പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ മഴക്കാല ശുചീകരണം നടത്തുന്ന തൊഴിലാളികളുടെ സുരക്ഷിതത്വത്തിനായി 1000 ജോഡി ഗണ്‍ ബൂട്ടും കയ്യുറയും വാങ്ങിയതില്‍ മൂന്നര ലക്ഷം രൂപയുടെ അഴിമതിയുണ്ടെന്ന് പഞ്ചായത്ത് ഭരണസമിതിയിലെ എല്‍ ഡി എഫ് അംഗങ്ങളായ എ വി ജയന്‍, എ ഡി പാര്‍ത്ഥന്‍, ഒ കെ മണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.പാരഗണ്‍ കമ്പനിയുടെ ബൂട്ടാണ് ജോഡിക്ക് 455 രൂപ നിരക്കില്‍ വാങ്ങിയത്. ഇതിനു 4.55 ലക്ഷം രൂപ വനിയോഗിച്ചതായാണ് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി രേഖകളില്‍. 230 രൂപ നിരക്കില്‍ ആയിരം കയ്യൂറ വാങ്ങിയതിന് 2.3 ലക്ഷം രൂപയണ് ചെലവ്.

തൊഴിലറുപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ അതേ ബൂട്ടിന് 340 രൂപയാണ് ചില്ലറ വില്‍പന വില. മേത്തരം കയ്യുറ ജോഡിക്ക് 58 രൂപ മുതല്‍ 100 രൂപ വരെയാണ് വില. എന്നിരിക്കെ ഗണ്‍ ബൂട്ട്, കയ്യുറ ഇടപാടില്‍ വന്‍ വെട്ടിപ്പ് നടന്നുവെന്ന് വ്യക്തമാണ്.ഗണ്‍ബൂട്ടും കയ്യുറയും വാങ്ങുന്നതിനു പൊഴുതനയിലെ ഗോള്‍ഡന്‍ ഏജന്‍സീസിന്റെ ക്വട്ടേഷനാണ് പഞ്ചായത്ത് അംഗീകരിച്ചത്. മത്സരസ്വഭാവമുള്ള മുന്ന് ക്വട്ടേഷനുകളെങ്കിലും വേണമെന്നിരിക്കെ രണ്ട് ക്വട്ടേഷനുകളാണ് ആകെ ലഭിച്ചത്. രണ്ടാമത്തെ ക്വട്ടേഷന്‍ മറ്റൊരാളുടെ പേരില്‍ ഗോള്‍ഡന്‍ ഏജന്‍സീസ് തന്നെ തയാറാക്കി നല്‍കിയതാണെന്നാണ് സൂചന. ഒരേപോലെയാണ് രണ്ട് ക്വട്ടേഷനുകളിലെയും കൈപ്പട.
ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം മൂന്ന് പത്രങ്ങളിലെങ്കിലും കൊടുക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഗണ്‍ബൂട്ടും കയ്യുറയും വാങ്ങുന്നതിനു ക്വട്ടേഷന്‍ ക്ഷണിച്ച് വീക്ഷണം പത്രത്തില്‍ മാത്രമാണ് പരസ്യം നല്‍കിയത്. അഴിമതി നടന്നവെന്ന് വ്യക്തമായിരിക്കെ സംഭവം വിജിലന്‍സ് അന്വേഷണത്തിനു വിധേയമാക്കണം. തട്ടിപ്പില്‍ പങ്കാളികളായ മുഴുവന്‍ ആളുകളെയും നിയമത്തിനു മുന്നില്‍ നിര്‍ത്തണം. ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും-എല്‍ ഡി എഫ് അംഗങ്ങള്‍ പറഞ്ഞു.

Latest