Connect with us

Editorial

സി ബി ഐയെ കൂട്ടില്‍ നിന്ന് മോചിപ്പിക്കണം

Published

|

Last Updated

സി ബി ഐയെ സ്വതന്ത്ര അന്വേഷണ ഏജന്‍സിയാക്കി മാറ്റുന്നതിന് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെക്കുറിച്ചു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നു. പ്രധാനമന്ത്രി അധ്യക്ഷനും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും അംഗങ്ങളുമായുള്ള കൊളീജിയത്തിനായിരിക്കും സി ബി ഐ ഡയറക്ടറെ നിയമിക്കാനുള്ള അധികാരമെന്നതാണ്് പ്രധാന നിര്‍ദേശം. ഐ പി എസ് പശ്ചാത്തലമുള്ള വ്യക്തിയായിരിക്കും ഡയറക്ടറെന്നും രാഷ്ട്രപതിയുടെ അനുവാദത്തോടെ മാത്രമേ അദ്ദേഹത്തെ നീക്കുകയുള്ളുവെന്നും ഇന്നലെ സമര്‍പ്പിച്ച 41 പേജുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സി ബി ഐ സര്‍ക്കാര്‍ ചട്ടുകമായി തരംതാഴുന്നതിനാല്‍ ഈ അനേഷണ ഏജന്‍സിയെ സ്വതന്ത്രമാക്കണമെന്നുള്ള മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സര്‍ക്കാറിന് ദോഷകരമായി ഭവിക്കുന്ന സി ബി ഐ അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെടുന്നതായി പലപ്പോഴും വിമശമുയര്‍ന്നതാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും തിരുത്തലുകള്‍ക്ക് ശേഷം മാത്രമേ ഇത്തരം കേസുകളില്‍ സി ബി ഐ തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരാറുള്ളു. കല്‍ക്കരിപ്പാടം അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ ഓഫീസും നിയമ മന്ത്രാലയവും തിരുത്തലുകള്‍ വരുത്തിയ കാര്യം സി ബി ഐ തന്നെ സുപ്രീം കോടതി മുമ്പാകെ സമ്മതിച്ചതിനെ തുടര്‍ന്ന് സര്‍ക്കാറിനെയും സി ബി ഐയെയും രൂക്ഷമായി വിമര്‍ശിച്ചു കഴിഞ്ഞ മേയ് എട്ടിന് കോടതി നടത്തിയ പ്രസ്താവനയില്‍ സി ബി ഐയെ സ്വതന്ത്രമാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. ഇതടിസ്ഥാനത്തില്‍ രൂപവത്കൃതമായ ധനമന്ത്രി പി ചിദംബരത്തിന്റെ നേതൃതത്തിലുള്ള മന്ത്രിസഭാ ഉപസമിതിയാണ് സി ബി ഐക്ക് സ്വയംഭരണം നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകള്‍ തയാറാക്കിയത്.
സ്വതന്ത്ര അന്വേഷണ ഏജന്‍സിയാക്കി മാറ്റുന്നത് കേസന്വേഷണ പരിധിയുള്‍പ്പടെയുള്ള കാര്യങ്ങളെ ബാധിക്കുമെന്നതിനാല്‍ സി ബി ഐക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം നല്‍കിയാല്‍ മതിയെന്നായിരുന്നു ഉപസമിതിയുടെ ആദ്യ തീരുമാനം. 1946ലെ ഡല്‍ഹി പോലീസ് പ്രത്യേക സ്ഥാപന നിയമപ്രകാരമാണ് സി ബി ഐ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഭേദഗതി വരുത്തേണ്ടതില്ലെന്നും സമിതി വിലയിരുത്തി. ഇതനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന കേസുകള്‍ മാത്രമേ സി ബി ഐക്ക് അന്വേഷിക്കാനാകൂ. സിബിഐയുടെ ഘടനയും ഡയറക്ടറുള്‍പ്പെടെയുള്ളവരുടെ നിയമനവും തീരുമാനിക്കാനുള്ള അധികാരവും കേന്ദ്രസര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കും. എന്നാല്‍ ഇത്തരമൊരു നിര്‍ദേശവുമായി സുപ്രീംകോടതിയെ സമീപിച്ചാല്‍ പ്രതികരണമെന്തായിരിക്കുമെന്ന ആശങ്കയാണ് ഭാഗികമായെങ്കിലും സ്വയംഭരണത്തിന് സഹായകമായ ചില വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഉപസമിതി നിര്‍ബന്ധിതമായത്. 1946ലെ ഡല്‍ഹി പോലീസ് പ്രത്യേക സ്ഥാപന നിയമം ഭേദഗതി ചെയ്യുമെന്നും കേസുകളുടെ അന്വേഷണത്തിലോ തീര്‍പ്പ് കല്‍പ്പിക്കുന്നതിലോ സര്‍ക്കാര്‍ ഇടപെടില്ലെന്നും സത്യവാങ്മുലത്തില്‍ ഉറപ്പ് നല്‍കുന്നുണ്ട്. സി ബി ഐ ഏറ്റെടുക്കുന്ന കേസുകള്‍ കോടതിയിലെത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ അഡീഷനല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഡയറക്ടര്‍ ഓഫ് പ്രൊസിക്യൂഷനായി നിയമിക്കുന്നതിന് പുറമെ സി ബി ഐയുട പ്രവര്‍ത്തനങ്ങളുടെ പൊതുവായ നിരീക്ഷണത്തിന് സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരെ ഉള്‍പ്പെടുത്തി കമ്മീഷനെ നിയമിക്കുമെന്നും സത്യാവാങ്മുലം ബോധിപ്പിക്കുന്നു.
ഇത് കൊണ്ടായോ? സി ബി ഐയെ പ്രധാന മന്ത്രിയുടെ നിയന്ത്രണത്തില്‍ നിന്ന് മുക്തമാക്കുന്നതിനെക്കുറിച്ച് സത്യവാങ്മൂലത്തില്‍ പരാമര്‍ശമില്ല. സി ബി ഐയെ കൂട്ടിലടച്ച തത്ത എന്ന് വിശേഷിപ്പിച്ച കോടതി കൂട്ടില്‍ നിന്ന് മോചിപ്പിച്ചു സ്വതന്ത്യമായി വിഹരിക്കാനുള്ള അധികാരം നല്‍കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. അന്വേഷണോദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദ്ദങ്ങളില്‍ മുക്തമായി സത്യസന്ധതയോടെ പ്രവര്‍ത്തിക്കാനുള്ള തന്റേടവും ആര്‍ജ്ജവവും കൈവരണമെങ്കില്‍ അതാവശ്യമാണ്.