ഈജിപ്തില്‍ പട്ടാള അട്ടിമറി: മുര്‍സി വീട്ടു തടങ്കലില്‍

Posted on: July 4, 2013 6:00 am | Last updated: July 4, 2013 at 11:13 am

muhammet-mursi

കെയ്‌റോ: ഈജിപ്തില്‍ പട്ടാള അട്ടിമറി നടത്തിയ സൈന്യം അധികാരം പിടിച്ചെടുത്തു. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ വീട്ടു തടങ്കലിലാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യം വിടരുതെന്ന് സൈന്യം മുര്‍സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭരണഘടന റദ്ദാക്കിയ സൈന്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചു.

പ്രതിസന്ധി പരിഹരിക്കാന്‍ നല്‍കിയ അന്ത്യശാസന സമയ പരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് സൈന്യം മുര്‍സിയെ വീട്ടു തടങ്കലിലാക്കിയത്. മുര്‍സിയുടെ ഓഫീസിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി മുസ്ലിം ബ്രദര്‍ഹുഡ് വക്താവ് അറിയിച്ചു. കൊട്ടാരം സൈന്യം വളഞ്ഞിരിക്കുകയാണ്.

അനിശ്ചിതത്വം തുടരുന്നതിനിടയില്‍ തഹ്‌രീര്‍ ചത്വരത്തില്‍ പതിനായിരങ്ങളാണ് ഒത്തുകൂടിയിരിക്കുന്നത്. സമവായത്തിനായി ഭരണ നേതൃത്വവുമായും പ്രതിഷേധക്കാരുമായും ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തിങ്കളാഴ്ച വൈകീട്ട് പുറപ്പെടുവിച്ച അന്ത്യശാസനത്തിന്റെ 48മണിക്കൂര്‍ സമയ പരിധിയാണ് ഇന്ന് അവസാനിച്ചത്. പ്രസിഡന്റ് മുഹമ്മദ് മുര്‍സി അധികാരം ഒഴിയണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സംഘട്ടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മുഹമ്മദ് മുര്‍സിക്ക് സൈന്യം അന്ത്യ ശാസന നല്‍കിയത്.