Gulf
പ്രതിദിന സാലിക് പരിധി അവസാനിപ്പിക്കുന്നു

ദുബൈ:ഒരു ദിവസം സാലിക് ഗേറ്റിലൂടെ കടന്നു പോകാന്‍ പരമാവധി 24 ദിര്‍ഹം നല്‍കിയാല്‍ മതിയെന്ന നിലവിലെ രീതി ആര്‍ ടി എ അവസാനിപ്പിക്കുന്നു. നഗരത്തിലെ വിവിധ നിരത്തുകളില്‍ സ്ഥാപിച്ച സാലിക് ടോള്‍ ഗേറ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് ജൂലൈ 15 മുതല്‍ ഓരോ തവണ സാലിക് ഗേറ്റ് കടക്കുമ്പോഴും നാലു ദിര്‍ഹം വീതം നല്‍കേണ്ടി വരും.
സാലിക് ഗേറ്റുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ 95 ശതമാനവും ആറു തവണ സാലിക് ഗെയ്റ്റുകള്‍ ഉപയോഗിക്കുന്നില്ലെന്ന് തീരുമാനം അറിയിച്ചു കൊണ്ട് ആര്‍ ടി എ അധികൃതര്‍ വ്യക്തമാക്കി. സാലിക് ഗേറ്റുകളില്‍ അനുഭവപ്പെടുന്ന കനത്ത തിരക്ക് ഒഴിവാക്കാനും ബദല്‍ റോഡുകള്‍ ഉപയോഗിക്കാന്‍ നിരവധി തവണ ഗേറ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ പ്രേരിപ്പിക്കാനുമാണ് 24 ദിര്‍ഹം പരിധി അവസാനിപ്പിക്കുന്നതെന്നാണ് ആര്‍ ടി എയുടെ വിശദീകരണം. കൂടുതല്‍ തവണ ഈ വഴി വാഹനം ഓടിക്കുന്നവര്‍ അല്‍ ഖൈല്‍ റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് (എമിറേറ്റ്‌സ് റോഡ്) തുടങ്ങിയ ബദല്‍ റോഡുകളിലേക്ക് മാറുന്നത്് സാലിക് ഗേറ്റുകളിലെ തിരക്കിന് പരിഹാരമാവുമെന്നാണ് ആര്‍ ടി എ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 15 മുതല്‍ പുതിയ രണ്ട് ടോള്‍ ഗേറ്റുകള്‍ കൂടി ആര്‍ ടി എ ആരംഭിച്ചിരുന്നു. അല്‍ മംസാര്‍ മേഖലയിലും എയര്‍പോര്‍ട്ട് ടണല്‍ ഭാഗത്തുമായിരുന്നു ഇവ സ്ഥാപിച്ചത്. സാലിക് ഗേറ്റുകള്‍ സ്ഥാപിച്ചത് ഈ റോഡുകളില്‍ അനുഭവപ്പെടുന്ന കനത്ത തിരക്കിന് പരിഹാരമായിട്ടുണ്ടെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മാത്താര്‍ അല്‍ തായര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ശൈഖ് സായിദ് റോഡില്‍ ഗതാഗതക്കുരുക്കിന് 44 ശതമാനത്തോളം കുറവും സാലിക് ഗേറ്റിലൂടെ നേടാന്‍ സാധിച്ചു. തിരക്കുള്ള അവസരത്തില്‍ ദുബൈ മറീനയില്‍ നിന്നും ട്രേഡ് സെന്റര്‍ ഭാഗത്തേക്കുള്ള ദിശയിലാണ് ഗതാഗതക്കുരുക്കിന് കുറവുണ്ടായത്. മുമ്പ് ഈ ദുരം താണ്ടാന്‍ 34 മിനുട്ട് വേണ്ടിയിരുന്നെങ്കില്‍ സാലിക് ഗേറ്റ് വന്നതോടെ ഇത് 19 മിനുട്ടായി കുറഞ്ഞു.
ബിസിനസ് ബേ ക്രോസിംഗ് മേഖല സാലിക് വന്നതോടെ കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്നതും ഇതിന്റെ നേട്ടമാണ്. സാലിക് നടപ്പാക്കുന്നതിന് മുമ്പ് ഈ റോഡില്‍ വാഹന ഗതാഗതം താരതമ്യേന കുറവായിരുന്നു. അല്‍ ഗര്‍ഹൂദ് ബ്രിഡ്ജിലും അല്‍ മക്തൂം ബ്രിഡ്ജിലും വാഹനങ്ങള്‍ തിങ്ങിനിറഞ്ഞ് കനത്ത ഗതാഗതക്കുരുക്ക് സംഭവിക്കുന്നതിന് പരിഹാരവും സാലിക് ഗേറ്റിലൂടെ സംഭവിച്ചു. മുമ്പ് 20 മിനുട്ട് വേണ്ടിയിരുന്നു ഒരു വാഹനത്തിന് ഈ പാലങ്ങള്‍ താണ്ടാനെങ്കില്‍ ഇപ്പോഴത് ഒരു മിനുട്ടില്‍ കുറവ് മാത്രമായി മാറിയിരിക്കയാണെന്നും തായര്‍ പറഞ്ഞു.