അയിലക്കാട് എ എം എല്‍ പി സ്‌കൂളില്‍ മികവ് പദ്ധതിക്ക് തുടക്കം

Posted on: July 3, 2013 1:08 pm | Last updated: July 3, 2013 at 1:08 pm

എടപ്പാള്‍: വിദ്യാര്‍ഥികളുടെ പഠന നിലവാരവും വിവിധ വിഷയങ്ങളില്‍ പ്രാവീണ്യവും ഉയര്‍ത്താന്‍ അയിലക്കാട് എ എം എല്‍ പി സ്‌കൂളില്‍ ആവിഷ്‌കരിച്ച മികവ് 2013-14 പദ്ധതിക്ക് തുടക്കമായി. സ്‌കൂള്‍ പി ടി എ, എസ് എസ് ജി, വെല്‍ഫെയര്‍ കമ്മിറ്റി, സ്‌കൂള്‍ മാനേജ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂളിന്റെ ഭൗതിക സാഹചര്യം വര്‍ധിപ്പിക്കല്‍, മാസത്തില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഒരു വിഷയത്തില്‍ കേന്ദ്രീരിച്ചുള്ള പ്രവര്‍ത്തനം, എല്ലാ ആഴ്ചയിലും കായിക പരിശീലനം, എല്ലാ മാസവും പഠനനിലവാരം ഉയര്‍ത്തുന്നതിനെ സംബന്ധിച്ച അവലോകനം, ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സജ്ജമാക്കല്‍, വായനാകളരി, ആക്ഷേപങ്ങള്‍, അഭിപ്രായങ്ങള്‍, അഭിനന്ദനങ്ങള്‍ എന്നിവ രേഖപ്പെടുത്താന്‍ വോയ്‌സ് ബോക്‌സ് എന്നീ പദ്ധതികളാണ് മികവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം എടപ്പാള്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ഷീജ നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് ടി ഹൈദര്‍ അലി അധ്യക്ഷത വഹിച്ചു.