ചൂടുകാലത്തെ അതിജയിക്കാന്‍

Posted on: July 2, 2013 7:58 pm | Last updated: July 2, 2013 at 11:44 pm

1369379518_hottest-Temperature-APവേനല്‍ക്കാലം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. കടുത്ത ചൂടുള്ള സൂര്യരശ്മികള്‍ ശരീരത്തില്‍ പതിക്കുമ്പോള്‍ ശരീരം വിവിധ രീതിയിലാവും പ്രതികരിക്കുക. അന്തരീക്ഷത്തില്‍ ഈര്‍പ്പം (ഹ്യുമിഡിറ്റി) കൂടുന്നതു കാരണം ശരീരത്തില്‍ നിന്നുള്ള വിയര്‍പ്പ് ആവിയാകാതെ പോകുന്നു. വര്‍ധിച്ച രീതിയില്‍ ഇത് ശരീരത്തില്‍ നിലനില്‍ക്കുമ്പോള്‍ അലര്‍ജി അടക്കമുള്ള അസുഖങ്ങള്‍ക്ക് കാരണമാവുമെന്ന് ഡോ. ടി സി സതീഷ് പറയുന്നു.
സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ വിവിധങ്ങളാണ്. മൂത്രത്തിന്റെ കടുത്ത നിറം, ശ്രദ്ധക്കുറവ് അനുഭവപ്പെടുക, ചൊറിച്ചില്‍, രക്തസമ്മര്‍ദം തുടങ്ങിയവ അതില്‍ ചിലതാണ്. ശക്തമായ രീതിയില്‍ സൂര്യാഘാതം ഉണ്ടാവുമ്പോള്‍ ബോധക്ഷയം അനുഭവപ്പെടും. ഈ ഘട്ടത്തിലെത്തിയ ആളെ പെട്ടെന്ന് തണല്‍ ഉള്ള സ്ഥലത്തേക്ക് മാറ്റി ശരീരം തണുപ്പിക്കാന്‍ ശ്രദ്ധിക്കണം. വേഗത്തില്‍ തൊട്ടടുത്ത ക്ലിനിക്കില്‍ എത്തിക്കാനും ശ്രദ്ധിക്കണം.
സൂര്യാഘാതം ഏല്‍ക്കുന്നത് ഒരു പരിധിവരെ തടുക്കാന്‍ സാധിക്കും. തണുപ്പ് കാലാവസ്ഥയില്‍ വസിക്കുന്നവര്‍ ചൂട് കൂടിയ രാജ്യങ്ങളിലേക്ക് വരുമ്പോഴാണ് പ്രശ്‌നം ഉണ്ടാവുന്നത്. സൂര്യാഘാതത്തെ ശരിയായ രീതിയില്‍ ബോധവാന്മാരാകേണ്ടതുണ്ട്. കനത്ത ചൂടില്‍ ഓവര്‍ലോഡ് ചെയ്യുക, വെള്ളം കുടിക്കാതിരിക്കുക തുടങ്ങിയവയിലൂടെ സൂര്യാഘാതം അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണ്. ശരീരത്തില്‍ നിന്ന് ക്ലോറൈഡുകള്‍, പൊട്ടാസ്യം പോലുള്ളവ നഷ്ടപ്പെടുമ്പോഴാണ് സ്ഥിതി ഗുരുതരമാവുന്നത്. ഇവ ശരീരത്തിന് എത്രയും വേഗത്തില്‍ പുനഃസ്ഥാപിക്കലാണ് സൂര്യാഘാതം ഏറ്റ വ്യക്തിയില്‍ ചെയ്യേണ്ടത്. സൂര്യാഘാതത്തെ കുറിച്ചുള്ള ബോധവത്കരണവും ഏറെ പ്രധാനപ്പെട്ടതാണ്.
വിശ്രമം പ്രധാനമാണ്. യു എ ഇയില്‍ കര്‍ശനമായ നിയമവ്യവസ്ഥ ഇതിനുണ്ട്. അത് ആശ്വാസകരമാണ്. ചൂടില്‍ ത്വക്കിലുണ്ടാവുന്ന അലര്‍ജി പോലുള്ള പ്രതിഭാസങ്ങള്‍ തടയാന്‍ ശരീരം പരമാവധി വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ആന്റി ബാക്ടീരിയല്‍, ക്ലീനിംഗ് പൗഡറുകള്‍ ഉപയോഗിക്കണം. സിമന്റ് പോലുള്ള വസ്തുക്കള്‍ ശരീരത്തില്‍ പറ്റിപ്പിടിച്ച് വിയര്‍പ്പ് പുറത്ത് പോവുന്നത് തടയാറുണ്ട്. അത് കഴുകി കളയാനോ തൊലിയില്‍ എത്താതിരിക്കാനോ സംവിധാനം കാണണം.
ഭക്ഷണത്തിലും പാനീയത്തിലും അല്‍പം ഉപ്പ് അധികമാക്കുന്നത് ഉചിതമായിരിക്കും. സണ്‍ പ്രൊട്ടക്ഷന്‍ ക്രീമുകള്‍, യു വി പ്രൊട്ടക്ഷന്‍ ക്രീമുകള്‍ തുടങ്ങിയവ ഉപയോഗിച്ച് ശരീരത്തിന്റെ യംഗ് ലുക്കിംഗ് സ്‌കിന്‍ നിലനിര്‍ത്താന്‍ സാധിക്കും. ശരിയായ പരിചരണത്തിലൂടെയും സംരക്ഷണത്തിലൂടെയും ചൂടുകാലത്ത് അനുഭവപ്പെടുന്ന ശരീര പ്രതിഭാസങ്ങളെ സംരക്ഷിക്കാനാവും.