Connect with us

Kerala

സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കൂടുതല്‍ തെളിവുകള്‍

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ സരിത എസ് നായരേയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ബന്ധിപ്പിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. മുഖ്യമന്ത്രിയെ കാണാന്‍ സമയം ലഭിച്ചിട്ടുണ്ടെന്ന് കാണിച്ച് സരിത എസ് നായര്‍ ശ്രീധരന്‍ നായര്‍ക്ക് അയച്ച ഇമെയില്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് തട്ടിപ്പ് സംഘവും ജോപ്പനും കൂടിക്കാഴ്ച്ച നടത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.

അതേസമയം സോളാര്‍ തട്ടിപ്പില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് എഴുതിച്ചേര്‍ത്തത് താനാണെന്ന് അദ്ദേഹത്തിന്റെ വക്കീല്‍ ഗുമസ്തന്‍ വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് ഗുമസ്തന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി. അഭിഭാഷകന്റെ നിര്‍ദേശ പ്രകാരമാണ് താന്‍ പരാതി തിരുത്തിയതെന്നാണ് അദ്ദേഹത്തിന്റെ മൊഴി.

എന്നാല്‍ താന്‍ തിരുത്തല്‍ വരുത്താനാവശ്യപ്പെട്ടിട്ടില്ലെന്ന് അഭിഭാഷകന്‍ സോണി ഭാസ്‌കര്‍ പറഞ്ഞു. അതെസമയം മാധ്യമങ്ങളാണ് ഇത് തിരുത്തിയതെന്ന് പറഞ്ഞുകൊണ്ട് ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയിലെ ഒപ്പും കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലെ ഒപ്പും രണ്ടാണെന്ന് കണ്ടെത്തി. ഇതിലും ദുരൂഹത തുടരുകയാണ്.

കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ലീഗുമായുള്ള പ്രശ്‌നങ്ങള്‍ വലിയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഇതിന്റെ ഭാഗമാണെന്നും കോടിയേരി ആരോപിച്ചു.