Malappuram
മഞ്ചേരി മെഡിക്കല്‍ കോളജ്: പ്രിന്‍സിപ്പലും സംഘവും ഈ മാസം ഡല്‍ഹിയിലേക്ക്

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിക്കുന്നതിനാവശ്യമായ മെഡിക്കല്‍ കൗണ്‍സിലിന്റെ ലെറ്റര്‍ ഓഫ് പെര്‍മിഷന്‍ (എല്‍ ഒ പി) നേടിയെടുക്കുന്നതിനായി പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണന്റെ നേതൃത്വത്തിലുള്ള സംഘം ഈമാസം നാലിന് ഡല്‍ഹിയിലേക്ക് പുറപ്പെടും.
ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സവ്വീസ് (ഡി എച്ച് എസ്), ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ (ഡി എം ഇ) എന്നീ വകുപ്പുകള്‍ക്ക് കീഴിലുള്ള മഞ്ചേരി മെഡിക്കല്‍ കോളജിന് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയുടെ അംഗീകാരം ഇതിനകം ലഭ്യമായിട്ടുണ്ട്. നിലവിലുള്ള ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ മെഡിക്കല്‍ കോളജിലെ സ്റ്റാഫുകളായി മാറും.
അധ്യാപനത്തിനായി പ്രൊഫസര്‍മാര്‍, അസോസിയേറ്റ് പ്രൊഫസര്‍മാര്‍ എന്നിവരടക്കം 54 പേരെ നിയമിച്ചു കഴിഞ്ഞു. നിലവില്‍ വിവിധ മെഡിക്കല്‍ കോളജുകളിലായി ജോലി ചെയ്തുവരുന്ന ഇവര്‍ വിടുതല്‍ നേടി മഞ്ചേരിയില്‍ ജോലിയില്‍ പ്രവേശിച്ചു കൊണ്ടിരിക്കുകയാണ്.
ഏപ്രില്‍ അവസാനവാരത്തിലാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മഞ്ചേരി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് പരിശോധന നടത്തിയത്. ബീഹാര്‍ പാറ്റ്‌ന ഇന്ദിരാഗാന്ധി മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡിപാര്‍ട്‌മെന്റ് ഓഫ് കമ്മ്യൂണിറ്റി വിഭാഗം മേധാവി ഡോ. അശോക് ശരണ്‍, കര്‍ണ്ണാടക ഹാസന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മേധാവി ഡോ. ആര്‍ എം സുരേഷ്, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വിമല എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഉടന്‍ എം സി ഐയുടെ അംഗീകാരം ലഭ്യമാകുമെന്നുമായിരുന്നു സംഘം എം എല്‍ എ, ജില്ലാകലക്ടര്‍ എന്നിവരെ അറിയിച്ചിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ ക്രമക്കേട് സംഭവിച്ചത് ഇതിന് തടസമായി. പ്രതിദിനം രണ്ടായിരത്തോളം രോഗികള്‍ ഒ പിയിലെത്തുന്ന മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ 850 രോഗികള്‍ മാത്രമേ എത്തുന്നുള്ളു എന്നും ആവശ്യമായ നിയമനങ്ങള്‍ നടന്നിട്ടില്ലെന്നും ഒരംഗം റിപ്പോര്‍ട്ട് നല്‍കിയതാണ് വൈകാന്‍ കാരണമായത്. ഇതോടെ നിലവിലുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ കാലാവധി തീര്‍ന്നതും കൂടുതല്‍ വിനയായി. തെറ്റായി റിപ്പോര്‍ട്ട് നല്‍കിയ കൗണ്‍സില്‍ അംഗം ഡോ. ആര്‍ എം സുരേഷിനെ അന്വേഷണ വിധേയമായി തല്‍സ്ഥാനത്തു നിന്ന് നീക്കുകയായിരുന്നു. പുതിയ കൗണ്‍സിലംഗങ്ങള്‍ പരിശോധനക്കായി വീണ്ടും മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. പി ജി ആര്‍ പിള്ള അറിയിച്ചിരുന്നു. ഈ സന്ദര്‍ശനം ഒഴിവാക്കാനാണ് നാലിന് പ്രിന്‍സിപ്പല്‍, സ്‌പെഷ്യല്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിലവിലുള്ള സ്ഥിതിവിവരകണക്കുമായി ഡല്‍ഹിയിലേക്ക് തിരിക്കുന്നത്. സംസ്ഥാനത്തെ പുതുതായി ആരംഭിക്കുന്ന മെഡിക്കല്‍ കോളജുകളുടെ സ്ഥിതിവിവര കണക്കുകള്‍ തയ്യാറാക്കിയ ഡോ. അസീര്‍ നാല് ദിവസം മഞ്ചേരിയില്‍ തങ്ങിയാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ശുദ്ധജല ലഭ്യതയാണ് മെഡിക്കല്‍ കോളജ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. ആനക്കയം പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനാവശ്യമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.