വൈത്തിരിയില്‍ അനധികൃത നിര്‍മാണവും മരം മുറിയും

Posted on: July 2, 2013 6:00 am | Last updated: July 1, 2013 at 10:47 pm

വൈത്തിരി: വൈത്തിരിയില്‍ ആശ്രമത്തിന്റെ പേരില്‍ അനധികൃത നിര്‍മാണവും മരംമുറിയും ശക്തമാവുന്നതായി പരാതി.
വൈത്തിരി കുന്നത്തിടവക വില്ലേജിലെ ബ്ലോക്ക് 25-ല്‍ റീസര്‍വ്വെ നമ്പര്‍ 565ല്‍പ്പെട്ട വി കെ പ്ലാന്റേഷനില്‍ നിന്നും മുറിച്ചുവില്‍പ്പന നടത്തിയ തോട്ടഭൂമിയിലാണ് അനധികൃത നിര്‍മ്മാണവും മരംമുറിയും നടക്കുന്നത്. ഇവിടുത്തെ തോട്ടം തൊഴിലാളികളെ ഒന്നൊന്നായി ഒഴിവാക്കിയതിന് ശേഷമാണ് ഹരിയാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രസ്റ്റിന് 40 ഏക്കര്‍ വരുന്ന തോട്ടഭൂമി 2012ല്‍ മുറിച്ച് വില്‍പ്പന നടത്തിയത്. ഈ ഭൂമിയിലാണ് ആശ്രമത്തിന്റെ പേരില്‍ റോഡ്‌വെട്ടും ഇടിച്ചുനിരത്തലും നടക്കുന്നത്.
തോട്ടങ്ങള്‍ മുറിച്ചുവില്‍ക്കുന്നതിനും തരംമാറ്റുന്നതിനും കര്‍ശനനിയമം നിലനില്‍ക്കുമ്പോഴാണ് കെ എല്‍ യു നിയമത്തിന്റെ നേര്‍ലംഘനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്നത്. നിര്‍ധനരും തോട്ടം തൊഴിലാളികളുമായ നൂറുകണക്കിന് പേര്‍ പത്തും പതിനഞ്ചും സെന്റുകള്‍ തോട്ടങ്ങളില്‍ നിന്നും മുറിച്ചുവാങ്ങി എന്ന ഒറ്റക്കാരണത്താല്‍ നികുതി എടുക്കാതെയും കൈവശം നല്‍കാതെയും കഷ്ടപ്പെടുത്തുമ്പോഴാണ് ഇത്തരം വന്‍കിടക്കാര്‍ക്ക് അധികാരികള്‍ ഒത്താശ ചെയ്തുകൊടുക്കുന്നത്. ഇത്തരക്കാരെ സഹായിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ തമ്മില്‍ മത്സരിക്കുകയാണ്. ഇതിന്റെ ഫലമായാണ് വെറും മൂന്ന് ദിവസം കൊണ്ട് 12,000-ത്തോളം സ്‌ക്വയര്‍ഫീറ്റ് വരുത്ത കെട്ടിടത്തിന് വൈത്തിരി പഞ്ചായത്ത് അനുമതി നല്‍കിയത്. ഭൂപരിഷ്‌ക്കരണനിയമം നടപ്പില്‍വരുത്തിയപ്പോള്‍ തൊഴിലാളികളുടെ പേര് പറഞ്ഞ് വന്‍കിടതോട്ടങ്ങള്‍ കൈവശം വെക്കുകയും തുടര്‍ന്ന് തൊഴിലാളികളെ ഒന്നൊന്നായി പുറത്ത് ചാടിച്ച് തോട്ടങ്ങള്‍ മറിച്ചുവില്‍ക്കുകയുമാണ്. ഇവിടങ്ങളില്‍ ഒറ്റ തൊഴിലാളികളും ഇല്ലെന്ന വസ്തുത അധികാരികള്‍ മറച്ചുവെക്കുകയാണ്. തോട്ട വിസ്തൃതിയുടെ അനുപാതത്തിന് തൊഴിലാളികള്‍ വേണമെങ്കിലും ഇവയൊന്നും ഇല്ലാത്ത എസ്റ്റേറ്റുകളെ സഹായിക്കുന്ന അധികാരികളും ഭൂമാഫിയകളുമാണ് ഇതിന് കൂട്ടുനില്‍ക്കുന്നത്. വയനാടിന്റെ സംതുലിതാവസ്ഥ തകിടം മറയുന്ന തരത്തിലുള്ള ഇത്തരം വില്‍പ്പനയും നിര്‍മ്മാണങ്ങളും തടഞ്ഞുകൊണ്ട് വയനാടിന്റെ ഭൂപ്രകൃതി സംരക്ഷിക്കണമെന്നും ഇത്തരം ചെയ്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥ മാഫിയ കൂട്ടുകെട്ടുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.