Connect with us

Wayanad

ഏകീകൃത പാഠ്യപദ്ധതി വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ ബാധിച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: തമിഴ്‌നാട്ടില്‍ രണ്ടുവര്‍ഷമായി നടന്നുവരുന്ന ഏകീകൃത പാഠ്യപദ്ധതി വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ ബാധിച്ചതായി പരാതി. നേരെത്തെ സംസ്ഥാനത്ത് സ്റ്റേറ്റ് ബോര്‍ഡ്, മെട്രിക്കുലേഷന്‍, ആഗ്ലോ ഇന്ത്യന്‍ എന്നി പാഠ്യപദ്ധതികളാണ് നടപ്പാക്കിയിരുന്നത്.
ഇതിന് പുറമെ നിരവധി സ്‌കൂളുകളില്‍ സി ബി എസ് ഇ സിലബസും പഠിപ്പിക്കുന്നു. ഡി എം കെ സര്‍ക്കാരിന്റെ കാലത്താണ് സി ബി എസ് ഇ സിലബസ് ഒഴികെ മറ്റ് മെട്രിക്കുലേഷന്‍ ഉള്‍പ്പെടെയുള്ള പാഠ്യപദ്ധതികള്‍ ഒഴിവാക്കി ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കിയത്. സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളില്‍ ഒരേ സിലബസ് നടപ്പാക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. സ്വകാര്യ മേഖലകളിലാണ് മെട്രിക്കുലേഷന്‍, ആഗ്ലോ ഇന്ത്യന്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇവര്‍ ഏകീകൃത പാഠ്യ പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഫലംഉണ്ടായിരുന്നില്ല. ജയലളിത സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രസ്തുത സിലബസ് മാറ്റാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സുപ്രീംകോടതി പുതിയ പാഠ്യപദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഏകീകൃത പാഠ്യപദ്ധതിയില്‍ ഇപ്പോള്‍ എട്ടാം ക്ലാസില്‍ പഠിപ്പിക്കുന്ന സിലബസില്‍ മിക്കവയും മെട്രിക്കുലേഷന്‍ സിലബസില്‍ നാലും അഞ്ചും ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നതാണ്. ഈ പാഠ്യ പദ്ധതി വഴി പത്താംക്ലാസ് പാസാവുന്ന വിദ്യാര്‍ഥിക്ക് പ്ലസ് വണ്‍, പ്ലസ്റ്റു, കോഴ്‌സുകള്‍ കഠിനമാകുന്നതായാണ് അനുഭവപ്പെടുന്നത്. രക്ഷിതാക്കള്‍ ഇപ്പോള്‍ ട്യൂഷന്‍ ഏര്‍പ്പാടാക്കുകയാണ് ചെയ്യുന്നത്. അഖിലേന്ത്യാതലത്തില്‍ നടക്കുന്ന പരീക്ഷയില്‍ തമിഴ്‌നാട്ടിലെ വിദ്യാര്‍ഥികളുടെ വിജയശതമാനം കുറയുന്നത് പ്രസ്തുത പാഠ്യപദ്ധതിയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ പാഠ്യപദ്ധതിയെ അനുകൂലിക്കുന്നവരും ഉണ്ട്. പഠന രീതികളും പ്രൊജക്ട് തയ്യാറാക്കലും വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്.
പാഠ്യപദ്ധതിയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യവും ശക്തമായിട്ടുണ്ട്.