Connect with us

Articles

ആദിവാസിക്ക് പട്ടിണി മരണം; 'സാമൂതിരി'മാര്‍ക്ക് രണ്ടരക്കോടി !

Published

|

Last Updated

“പ്രിവി പഴ്‌സ് നിര്‍ത്തലാക്കുക മാത്രമല്ല, രാജാധികാരവുമായി ബന്ധപ്പെട്ട എല്ലാ പ്രതീകങ്ങളും അവസാനിപ്പിക്കുക കൂടി ചെയ്ത അതേ കോണ്‍ഗ്രസിന്റെ, സര്‍ക്കാറാണ് സാമൂതിരി കുടുംബത്തിലെ അംഗങ്ങള്‍ക്ക് “പെന്‍ഷന്‍” അനുവദിച്ച് രാജ ഭരണകാലത്തിന്റെ മഹോന്നത ഉദാരതക്ക് പ്രതിക്രിയ ചെയ്യുന്നത്. സാമൂതിരി കുടുംബം സ്വത്തുക്കള്‍ പൊതു സമൂഹത്തിന് വിട്ടുനല്‍കിയെന്നും ആ ഉദാരമനസ്‌കതയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഖജനാവില്‍ നിന്ന് ആനുകൂല്യം അനുവദിക്കുന്നത് എന്നുമാണ് വിശദീകരണം. എങ്ങനെയാണ് അവര്‍ക്കിത്ര സ്വത്തുക്കളുണ്ടായത്? ആദ്യത്തെ സാമൂതിരി പിറന്നു വീണതു തന്നെ ഇത്രയും സ്വത്തുക്കളുടെ അധിപനായിട്ടല്ലല്ലോ? “അധമര്‍” അധ്വാനിച്ചുണ്ടാക്കിയതിന്റെ നടുക്കഷണം അധികാരത്തിന്റെ ബലത്തില്‍ സ്വന്തമാക്കി, അത് വിപണനം ചെയ്ത് സമ്പാദിച്ച സ്വത്ത് വഹകള്‍. അങ്ങനെ സ്വന്തമാക്കിയ വഹകള്‍, മറ്റ് നിര്‍വാഹമില്ലാതെ വന്ന ഒരു കാലത്ത് പൊതു സമൂഹത്തിന്റെ പ്രയോജനത്തിന് വിട്ടുനല്‍കിയെന്ന് പറയുന്നതില്‍ എന്ത് ഉദാരത?

indhira ganthi

ഇന്ദിരാ ഗാന്ധി

 അട്ടപ്പാടിയില്‍ ആദിവാസിക്കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് മൂലം (ആലങ്കാരിക ഭാഷയില്‍ മാത്രമാണ് പോഷകാഹാരക്കുറവ്, യഥാര്‍ഥത്തില്‍ പട്ടിണിയാണ്) മരിക്കുന്നുവെന്ന വാര്‍ത്ത വസ്തുതയാണെന്ന് ഇതുവരെ കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ? അങ്ങനെ അംഗീകരിച്ചാല്‍ അത് ഭരണ പരാജയമാണെന്ന് സമ്മതിക്കലാകുമെന്നതിനാല്‍, ഒരു സര്‍ക്കാറും (ഇപ്പോഴത്തേത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണെന്ന് മാത്രം) അംഗീകരിക്കാന്‍ ഇടയില്ല. പക്ഷേ, ഇത്തരമൊരു ദുരന്തം അട്ടപ്പാടിയില്‍ അരങ്ങേറാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ ലഭിച്ചിരുന്നു. സി എ ജി റിപ്പോര്‍ട്ടിലും മറ്റും പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ മരിച്ചത് ചൂണ്ടിക്കാട്ടിയത് ഉദാഹരണം. തൊഴിലില്ലാതായ ആദിവാസികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയപ്പോള്‍ മന്ത്രിമാരായവര്‍ക്കൊക്കെ നല്‍കിയ നിവേദനത്തില്‍ അട്ടപ്പാടിയില്‍ പട്ടിണി മരണം നടക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അതിന് കടലാസിലെഴുതിയ അക്ഷരത്തിന്റെ വില പോലും കല്‍പ്പിക്കപ്പെട്ടില്ല. കുഞ്ഞുങ്ങളുടെ മരണം വാര്‍ത്തയായതോടെ അട്ടപ്പാടിയിലേക്ക് മന്ത്രിമാരുടെ നിരന്തര സന്ദര്‍ശനമുണ്ടായി. പാക്കേജുകള്‍ പ്രഖ്യാപിക്കപ്പെട്ടു. അതേ പാക്കേജ് തന്നെ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും സന്ദര്‍ശിച്ചപ്പോള്‍ ആവര്‍ത്തിച്ചു. അതിനൊപ്പം കൗതുകകരമായ ഒരു കണ്ടെത്തലും അവതരിപ്പിക്കപ്പെട്ടു. ഭൂമി അന്യാധീനപ്പെട്ടതാണ് ആദിവാസികളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് കേന്ദ്ര മന്ത്രി കണ്ടെത്തിയതാണ് അത്. ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടതും അത് തിരികെ നല്‍കാന്‍ നിയമം കൊണ്ടുവന്നതും ആ നിയമം ഭേദഗതി ചെയ്ത് പകരം ഭൂമി നല്‍കാന്‍ വ്യവസ്ഥ ചെയ്തതും കണ്ടവരാണ് നമ്മള്‍. പകരം ഭൂമി നല്‍കാനുള്ള നിയമം കൊണ്ടുവന്ന് ഒന്നര ദശകമാകുമ്പോഴാണ് കേന്ദ്ര മന്ത്രിയുടെ കണ്ടെത്തലുണ്ടാകുന്നത്. ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന പ്രഖ്യാപനം ആവര്‍ത്തിച്ചിട്ടുണ്ട്. ഭൂരഹിതരെ കണ്ടെത്താന്‍ പുതിയ പരിശോധന നടക്കുന്നു. ഇത് അട്ടപ്പാടിയുടെ കാര്യം. ഭൂമി അന്യാധീനപ്പെട്ട ഇതര മേഖലകളിലെ ആദിവാസികളുടെ കാര്യമോ? അതേക്കുറിച്ച് എന്തെങ്കിലും ആലോചന ഏതെങ്കിലും തലത്തില്‍ നടക്കുന്നുണ്ടാകുമോ?

KKD-  pk cheriyanujan raja YANNA  SREEMANA VIKRAMAN RAJA  ADUTHA SAMOODIRI RAJA

പി കെ ചെറിയനുജന്‍ രാജ എന്ന മാനവിക്രമന്‍ രാജ

ഇതൊന്നും നടക്കുന്നില്ലെങ്കിലും “പ്രതാപി”കളായിരുന്ന രാജാക്കന്‍മാരുടെ പിന്‍തലമുറക്കാരുടെ സുഖസൗഖ്യങ്ങളെക്കുറിച്ച് ഭരണകൂടത്തിന് ഉത്കണ്ഠയുണ്ട്. അവര്‍ക്ക് ചെയ്യാവുന്നത് ചെയ്തു കൊടുക്കണമെന്നതില്‍ യോജിപ്പുമുണ്ട്, നവീന ജനായത്തത്തിലെ “രാജാക്ക”ന്‍മാര്‍ക്ക്. കോഴിക്കോട് കേന്ദ്രമായി ഭരണം നടത്തിയിരുന്ന സാമൂതിരിയുടെ കുടുംബത്തില്‍ ഇപ്പോഴുള്ള 826 പേര്‍ക്ക് കുറഞ്ഞത് 2,500 രൂപ വീതം പ്രതിമാസം അനുവദിച്ച് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തു. മുതിര്‍ന്ന അംഗങ്ങളില്‍ ചിലര്‍ക്ക് മാസത്തില്‍ 8,000 രൂപ വരെ ലഭിക്കും. ഈ വിതരണം വഴി സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷമുണ്ടാകുന്ന ബാധ്യത രണ്ടരക്കോടി വരുമെന്നാണ് കണക്ക്. പതിനായിരത്തിലധികം കോടി രൂപയുടെ വാര്‍ഷിക പദ്ധതിയുള്ള, ഒരുലക്ഷം കോടി രൂപയിലധികം വാര്‍ഷിക ബജറ്റുള്ള ഒരു സംസ്ഥാനത്തെ സംബന്ധിച്ച് രണ്ടരക്കോടിയെന്നത് വലിയ തുകയല്ല. ഏത് ചെറിയ തട്ടിപ്പ് പോലും കോടികളുടെ കണക്കുകളിലേക്ക് വളര്‍ത്താന്‍ പാകത്തില്‍ സാമ്പത്തിക ത്രാണിയുള്ള ഒരു സമൂഹത്തെ സംബന്ധിച്ച് ഇത് തീരെ ചെറിയ തുകയുമാണ്. പണത്തിന്റെ വലിപ്പത്തിലല്ല, നമ്മുടെ ഭരണാധികാരികളുടെ മുന്‍ഗണനാക്രമത്തിലാണ് പ്രശ്‌നം. അത്തരമൊരു മുന്‍ഗണനാ ക്രമം എന്തുകൊണ്ടുണ്ടാകുന്നുവെന്നതാണ് ആലോചിക്കേണ്ടതും.
ഇന്ത്യന്‍ യൂനിയന്‍ നിലവില്‍ വന്നകാലത്ത്, മുന്‍കാല രാജ പരമ്പരയിലെ കണ്ണികള്‍ക്ക് വര്‍ഷാവര്‍ഷം വലിയ തുക നല്‍കി വന്ന സമ്പ്രദായമുണ്ടായിരുന്നു. രാജ്യത്തെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഉപകാരസ്മരണയായിട്ടും മറ്റുമാണ് ഇത്തരത്തില്‍ പണം നല്‍കിയത്. പ്രിവി പഴ്‌സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ അച്ചാരപ്പണം നിര്‍ത്തലാക്കിയിട്ട് 40 ആണ്ട് കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിക്കാണ് അതിന്റെ ക്രെഡിറ്റ്. ബ്രിട്ടീഷ് ആധിപത്യം അവസാനിക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്ന നാട്ടുരാജാക്കന്‍മാരുടെ എണ്ണം അറുനൂറോളമായിരുന്നു. അയ്യായിരം മുതല്‍ ദശ ലക്ഷങ്ങള്‍ വരെ ഈ രാജ കുടുംബങ്ങള്‍ക്കായി വര്‍ഷത്തില്‍ വിതരണം ചെയ്തു. വര്‍ഷത്തില്‍ പത്ത് ലക്ഷത്തിലധികം രൂപ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ലഭിക്കാന്‍ അര്‍ഹതയുള്ള അപൂര്‍വം രാജ കുടുംബങ്ങളിലൊന്നായിരുന്നു തിരുവിതാംകൂറിലേത്.
പൗരന്‍മാരെയെല്ലാം തുല്യരായി പരിഗണിക്കണമെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുകയും ജനാധിപത്യം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ജന്മിത്വത്തിന്റെയും രാജാധികാരത്തിന്റെയും ശേഷിപ്പുകളെ സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്നതിലെ അനൗചിത്യം വൈകാതെ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇത് അവസാനിപ്പിക്കാനുള്ള ആദ്യ ശ്രമം 1969ലാണുണ്ടായത്. അന്ന് പാര്‍ലിമെന്റില്‍ വേണ്ടത്ര ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല. 1971ല്‍ ഇത് അംഗീകരിക്കപ്പെട്ടു. പ്രിവി പഴ്‌സ് എന്ന വാര്‍ഷിക വിഹിത സമ്പ്രദായം അവസാനിപ്പിക്കുക മാത്രമല്ല ഭരണഘടനാ ഭേദഗതിയിലൂടെ ചെയ്തത്. രാജാധികാരവുമായി ബന്ധപ്പെട്ട എല്ലാ പ്രതീകങ്ങളും അവസാനിപ്പിക്കുക കൂടിയാണ്. രാജാവ്, റാണി, മഹാരാജാവ് എന്ന് തുടങ്ങിയ പദവികള്‍ ഇതോടെ ഇല്ലാതായി.
2009 ജൂണ്‍ 15ന് സോണിയാ ഗാന്ധി അധ്യക്ഷയായ കോണ്‍ഗ്രസ് പാര്‍ട്ടി മറ്റൊരു തീരുമാനമെടുത്തു. കോണ്‍ഗ്രസ് നേതാക്കളോ പ്രവര്‍ത്തകരോ മഹാരാജ, മഹാറാണി, രാജ, റാണി, രാജ്കുമാര്‍, രാജകുമാരി എന്ന് തുടങ്ങിയ വിശേഷണ പദങ്ങള്‍ പേരിനൊപ്പം ചേര്‍ക്കരുത് എന്ന് തീരുമാനിച്ചു. ജന്മിത്വത്തിന്റെ ബാക്കിയായ “കുന്‍വര്‍” എന്ന വിശേഷണ പദം പോലും ഒഴിവാക്കണമെന്ന് അന്ന് നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടിയിലെ നേതാക്കളും പ്രവര്‍ത്തകരും ഇത്തരം വിശേഷണ പദങ്ങള്‍ ഉപയോഗിക്കുന്നത് വ്യാപകമാകുകയും അത് ജന്മിത്വ മനോഭാവത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് അന്ന് വിശദീകരിക്കുകയും ചെയ്തു. പുതിയ കാലത്തെ രാജാക്കന്‍മാര്‍ വിശേഷണ പദങ്ങളുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നവരല്ല, മറിച്ച് അംബാനിയെയോ ടാറ്റയെയോ അദാനിയെയോ പോലുള്ളവരാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത് എന്നതാണ് വസ്തുത. പ്രകൃതി വാതക വില ഇരട്ടിയാക്കി അംബാനി മഹാരാജാവിന് സമ്പത്ത് വര്‍ധിപ്പിക്കാന്‍ പുതിയ അവസരം കേന്ദ്ര സര്‍ക്കാര്‍ തുറന്നു നല്‍കുമ്പോള്‍, കോണ്‍ഗ്രസിന്റെ കാഴ്ചപ്പാട് കുറേക്കൂടി വ്യക്തമാകുന്നുമുണ്ട്.
എന്നിരുന്നാലും ജന്മിത്വത്തിന്റെയും ചൂഷണത്തിന്റെയും പ്രതീകങ്ങളെ മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും സന്നദ്ധരാകണമെന്ന് പറയാനുള്ള ആര്‍ജവം കോണ്‍ഗ്രസ് കാട്ടിയെന്നത് മറക്കാനാകില്ല. അതേ കോണ്‍ഗ്രസിന്റെ നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് സാമൂതിരി കുടുംബത്തിലെ അംഗങ്ങള്‍ക്ക് “പെന്‍ഷന്‍” അനുവദിച്ച് രാജ ഭരണകാലത്തിന്റെ മഹോന്നത ഉദാരതക്ക് പ്രതിക്രിയ ചെയ്യുന്നത്. സാമൂതിരി കുടുംബം അവരുടെ കീഴിലുണ്ടായിരുന്ന സ്വത്തുക്കള്‍ പൊതു സമൂഹത്തിന്റെ പ്രയോജനത്തിന് വിട്ടുനല്‍കിയെന്നും (മാനാഞ്ചിറ മുതല്‍ സാമൂതിരി സ്‌കൂള്‍ വരെ) ആ ഉദാരമനസ്‌കതയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഖജനാവില്‍ നിന്ന് ആനുകൂല്യം അനുവദിക്കുന്നത് എന്നുമാണ് വിശദീകരണം.
എങ്ങനെയാണ് സാമൂതിരി കുടുംബത്തിന് ഇത്ര സ്വത്തുക്കളുണ്ടായത്? ആദ്യത്തെ സാമൂതിരി പിറന്ന് വീണത് തന്നെ ഇത്രയും സ്വത്തുക്കളുടെ അധിപനായിട്ടല്ലല്ലോ? കുലമഹിമ നിര്‍ണയിച്ച് നല്‍കിയ അധികാരം ആസ്വദിച്ച് സ്വന്തമാക്കിയതാണ് ഇവയെല്ലാം. ജന്മിമാരായ ഉയര്‍ന്ന ജാതിക്കാര്‍ക്ക് കീഴില്‍, മണ്ണിനും മാനത്തിനും അവകാശമില്ലാതിരുന്ന “അധമര്‍” അധ്വാനിച്ചുണ്ടാക്കിയതിന്റെ നടുക്കഷണം അധികാരത്തിന്റെ ബലത്തില്‍ സ്വന്തമാക്കി, അത് വിപണനം ചെയ്ത് സമ്പാദിച്ച സ്വത്ത് വഹകള്‍. ഉത്പാദനം നടന്നാലുമില്ലെങ്കിലും “പൊന്നുതമ്പുരാന്റെ” ഓഹരിയില്‍ കുറവുണ്ടാകാറില്ല. എല്ലുമുറിയ പണിയെടുത്തവര്‍ക്കൊന്നും ഭൂമിക്ക് മേല്‍ അവകാശം നല്‍കാതെ വര്‍ഷങ്ങള്‍ അടിമകളാക്കിവെച്ചു. ഓഹരി വിഹിതത്തിന്റെ ഒഴുക്കില്‍ കുറവില്ലാതെ കാത്തു ഈ അടിമത്തം. അങ്ങനെ സ്വന്തമാക്കിയ വഹകള്‍, മറ്റ് നിര്‍വാഹമില്ലാതെ വന്ന ഒരു കാലത്ത് പൊതു സമൂഹത്തിന്റെ പ്രയോജനത്തിന് വിട്ടുനല്‍കിയെന്ന് പറയുന്നതില്‍ എന്ത് ഉദാരത? അതില്‍ ഉദാരത കാണുന്നവര്‍ ചരിത്രം മനഃപൂര്‍വം മറക്കുന്നവരാണ്. അല്ലെങ്കില്‍ ചാലപ്പുറത്തെ നല്ല നായന്‍മാരുടെ കോണ്‍ഗ്രസിന്റെ ചരിത്രം മാത്രം അറിയുന്നവരാണ്.
ഈ വിധേയത്വം സാമൂതിരിയുടെ കാര്യത്തില്‍ മാത്രമല്ല ഉള്ളത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള സമ്പദ് ശേഖരവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മാര്‍ത്താണ്ഡവര്‍മയെയും കുടുംബത്തെയും പിന്തുണക്കാന്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല കാട്ടിയ വലിയ വ്യഗ്രത മറക്കാറായിട്ടില്ല. ക്ഷേത്ര നിലവറയില്‍ സൂക്ഷിച്ച സ്വത്തുക്കള്‍ മാര്‍ത്താണ്ഡ വര്‍മയോ കുടുംബാംഗങ്ങളില്‍ ചിലരോ കടത്തിക്കൊണ്ടുപോയെന്ന ആരോപണം പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദന്‍ ഉന്നയിച്ചപ്പോള്‍ പ്രതിഷേധവുമായെത്തിയവരുടെ മുന്‍ നിരയില്‍ രമേശ് ചെന്നിത്തലയുണ്ടായിരുന്നു. “തിരുവിതാംകൂര്‍ രാജ കുടുംബ” ത്തിന്റെ സത്യസന്ധതയിലും വിശ്വാസ്യതയിലും ഒരു സംശയവുമില്ലെന്ന മട്ടിലായിരുന്നു രമേശിന്റെ പ്രതികരണം. “മഹാരാജാവി”നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നാണ് അന്ന് ചെന്നിത്തല പറഞ്ഞത്.
അട്ടപ്പാടിയിലെ പാവങ്ങളുടെ നിവേദനം അവഗണിക്കപ്പെട്ട കാലത്ത്, ടീം സോളാറിന്റെ പ്രതിനിധികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വസ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്. പുതിയ കാലത്തെ രാജാക്കന്‍മാരുടെ മാത്രമല്ല, ഇടനിലക്കാരുടെ കൂടി ഇംഗിതങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ മടിയില്ലാത്ത ഭരണകൂടം, അവരുടെ മുന്‍ഗാമികളെ നന്ദിയോടെ തന്നെ സ്മരിക്കും. അതിന്റെ പിന്തുടര്‍ച്ചക്കാരുടെ നിവേദനങ്ങള്‍ വേഗത്തില്‍ പരിഗണിച്ച്, ആനുകൂല്യങ്ങള്‍ നല്‍കും. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ മുഴങ്ങുന്ന ബീപ് ശബ്ദത്തില്‍ ജനായത്തം അവസാനിക്കും. പിന്നീടുള്ളത് പഴയ “പൊന്നുതമ്പുരാന്‍ – കുടിയാന്‍” സമ്പ്രദായമാണ്. തമ്പുരാന്‍ തീരുമാനിക്കും കുടിയാന്‍മാര്‍ അനുസരിക്കും. അഞ്ചാണ്ട് കൂടുമ്പോള്‍ കുടിയാന് തീരുമാനമെടുക്കാന്‍ അവസരമുണ്ടാകുമ്പോള്‍ അവന്റെ മുന്നിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഉപജീവനത്തിന്റെയോ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെയോ ആകില്ലെന്ന് തമ്പുരാന്‍മാര്‍ ഉറപ്പാക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യം തുടരുമെന്നതിനാല്‍ “സാമൂതിരി”മാര്‍ക്ക് രണ്ടരക്കോടിയും ആദിവാസിക്കുട്ടികള്‍ക്ക് അമൃത് പൊടിയും ഭരണകൂടത്തിന്റെ ഉചിത വിധിയാകും.

 

 

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest