ഡെങ്കിപ്പനി; ഏഴ് ജില്ലകള്‍ക്ക് പ്രത്യേക കര്‍മ പദ്ധതി തയ്യാറാക്കുന്നു

Posted on: June 29, 2013 6:00 am | Last updated: June 28, 2013 at 11:49 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല രോഗ നിയന്ത്രണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഡെങ്കിപ്പനി കൂടുതലായി കണ്ടുവരുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകള്‍ക്കായി പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. ഇതിനായി ഈ ജില്ലകളില്‍ ജൂലൈ രണ്ടിന് അതത് ജില്ലകളുടെ പ്രത്യേക ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് ഭാരവാഹികളുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ സംസ്ഥാനതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ തലയോഗങ്ങളില്‍ മേയര്‍മാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍മാര്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ പങ്കെടുക്കും. സംസ്ഥാനത്ത് പനി പൊതുവേ നിയന്ത്രണവിധേയമാണെന്നും പനിയുടെ തോത് കുറഞ്ഞിട്ടുണ്ടെന്നും യോഗം വിലയിരുത്തി. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സേവന ലഭ്യതയും മരുന്നുകളുടെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ കൊതുക് നശീകരണവും ഡെങ്കിപ്പനി നിയന്ത്രണവും ഊര്‍ജിതമാക്കാനും ഇതിനായി വാര്‍ഡ് തല ശുചിത്വ സമിതികള്‍ക്കനുവദിച്ച ഫണ്ട് പരമാവധി പ്രയോജനപ്പെടുത്താനും യോഗം തീരുമാനിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടികളുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്ന 1,902 ഉദ്യോഗസ്ഥര്‍ക്കുള്ള ശമ്പളക്കുടിശ്ശിക നല്‍കുതിനായി മന്ത്രിസഭ അനുവദിച്ച നാല് കോടി രൂപ അവര്‍ക്ക് ഉടന്‍ ലഭ്യമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍, എന്‍ ആര്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. എം ബീന, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി കെ ജമീല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ പങ്കെടുത്തു.