സാമ്പത്തിക തിരിമറി: വത്തിക്കാനില്‍ ബിഷപ്പ് അറസ്റ്റില്‍

Posted on: June 29, 2013 5:59 am | Last updated: June 28, 2013 at 11:17 pm

വത്തിക്കാന്‍ സിറ്റി: സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് ബിഷപ്പ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. വത്തിക്കാന്‍ ബേങ്കിനെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ സലേര്‍നൊയില്‍ നിന്നുള്ള ബിഷപ്പ് നുന്‍സിയോ സ്‌കരാനോയാണ് അറസ്റ്റിലായത്. വത്തിക്കാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിലീജ്യസ് വര്‍ക്‌സ് അക്കൗണ്ടിലാണ് തിരിമറി നടന്നത്. മുന്‍ ഇന്റലിജന്‍സ് ഓഫീസര്‍ ജിയോവാനി മാരിയ സിറ്റു, സാമ്പത്തിക ദല്ലാള്‍ ജിയോവാനി കാരിന്‍സോ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍. പോപ്പാണ് അഴിമതി സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. ഇറ്റാലിയന്‍ സര്‍ക്കാറിന്റെ വിമാനം ഉപയോഗിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്ന് ഇറ്റലിയിലേക്ക് 2.6 കോടി യൂറോ കടത്താന്‍ നാല് ലക്ഷം യൂറോയാണ് ബിഷപ്പ് കൂട്ടുപ്രതികള്‍ക്ക് വാഗ്ദാനം ചെയ്തതെന്ന് പോലീസ് പറയുന്നു.