ക്രിസ്തീയ ഭക്തിഗാന ശാഖയില്‍ ശാസ്ത്രീയ സംഗീതത്തെ ലയിപ്പിച്ച് ഫാ. ജോര്‍ജ്

Posted on: June 28, 2013 7:18 pm | Last updated: June 28, 2013 at 7:21 pm

ദുബൈ:ക്രിസ്തീയ ഭക്തിഗാനശാഖക്ക് ശാസ്ത്രീയ സംഗീതത്തിന്റെ ചേരുവ ഉപയോഗപ്പെടുത്തി പുതിയ സംഗീത ചരിത്രം രചിക്കുകയാണ് ഫാ. ഡോ. എം പി ജോര്‍ജ്. കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശ്രുതി സ്‌കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക് ഡയറക്ടറായ ഫാ. ജോര്‍ജ്ജ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇത്തരം ഒരു പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിട്ട്.

കര്‍ണാടക സംഗീതമെന്ന ശാസ്ത്രീയ സംഗീതം ഹൈന്ദവമാണെന്ന് സഭക്ക് അകത്തും പുറത്തും നിന്നും വിമര്‍ശനം ഉയര്‍ന്നപ്പോഴും തെല്ലും പതറാതെ മുന്നോട്ട് പോയാണ് ഫാ. ജോര്‍ജ് ഈ മേഖലയില്‍ വ്യത്യസ്തനായത്. കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കില്‍ സെമിനാരിയില്‍ പഠിക്കാന്‍ ചെല്ലുന്നതോടെയാണ് സംഗീത പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ജോര്‍ജ്ജ് സംഗീതവുമായി അടുക്കുന്നത്.
സെമിനാരിയില്‍ സുറിയാനി ഭക്തിഗാനങ്ങള്‍ അറിയുന്നതിനാല്‍ പ്രാര്‍ഥനാ ഗാനം ആലപിക്കുന്ന സംഘത്തില്‍ ചേര്‍ന്നു. യൂസ്‌തോസ് ജോസഫ് ചിട്ടപ്പെടുത്തിയ സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെ… എന്ന ഗാനമായിരുന്നു അന്ന് ഏറ്റവും പ്രശസ്തം. സുറിയാനി ഭാഷ നല്ല വശമായതിനാല്‍ പാട്ടിലും മികവ് പുലര്‍ത്താനായി. സെമിനാരി പ്രിന്‍സിപ്പല്‍ ബിഷപ് ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയായിരുന്നു സംഗീതാഭിരുചി തിരിച്ചറിഞ്ഞ് ശാസ്ത്രീയ സംഗീതം പഠിക്കാന്‍ പണം നല്‍കിയത്. കോട്ടയത്തെ അംബി സ്വാമി(ടി രാമനാഥന്‍) ഭാഗവതര്‍ക്ക് കീഴിലായിരുന്നു നാലു വര്‍ഷത്തെ പഠനം. 1984ല്‍ നവരാത്രി മഹോത്സവ സമയത്തായിരുന്നു അരങ്ങേറ്റം. പിന്നീട് തിരുമേനി തന്നെ വെസ്റ്റേണ്‍ മ്യൂസിക്കിലെ ശാഖായ ഹാര്‍മണി പഠിക്കാന്‍ ജോര്‍ജിനെ റഷ്യയില്‍ അയച്ചു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലെ മ്യൂസിക് അക്കാദമിയിലായിരുന്നു പഠനം. അവിടെ മൂന്നര വര്‍ഷം പഠിച്ചു. ഉന്നത പഠനത്തിനായി പിന്നീട് ലണ്ടനിലെ സെന്റ് ആല്‍ബണ്‍ സിറ്റിയിലെത്തി.
റഷ്യയില്‍ നിന്നും പഠിച്ചതിന്റെ തുടര്‍ പഠനമായിരുന്നു അത്. ശാസ്ത്രീയ സംഗീതത്തോട് ഹാര്‍മണിയെ ചേര്‍ത്തുവെക്കാന്‍ സാധിച്ചതോടെ ക്രിസ്തീയ സംഗീതത്തിന് നാളിതു വരെ നേടാന്‍ സാധിക്കാത്ത സ്വരമാധുരിയും ആഴവും ലഭിച്ചെന്നാണ് ഫാദറിന്റെ അഭിപ്രായം.
തിരുവാര്‍പ്പ് അമ്പലത്തില്‍ ചെമ്പൈ സംഗീത മഹോത്സവത്തില്‍ എല്ലാ വര്‍ഷവും ഫാ. ജോര്‍ജ് സംഗീത കച്ചേരി അവതരിപ്പിക്കാറുണ്ട്. അമേരിക്ക, കാനഡ, ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെ 500ല്‍ പരം കച്ചേരികള്‍ നടത്തിയിട്ടുണ്ട്.
കേരളത്തില്‍ മുസ്‌ലിം സഹോദരന്‍മാര്‍ അറബി ഭാഷക്ക് നല്‍കുന്ന പ്രാധാന്യം അറബ് സംഗീതത്തിനും നല്‍കണമെന്നാണ് ഈ വൈദികന്റെ അഭിപ്രായം. ശാസ്ത്രീയ സംഗീതം പോലെ ഏറെ ആഴവും പരപ്പുമുള്ള അറബിക് സംഗീതം സര്‍വകലാശാല തലത്തില്‍ പാഠ്യവിഷയമായി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടതാണെന്നും ഫാ. ജോര്‍ജ് അഭിപ്രായപ്പെടുന്നു.