കോഴിക്കോട്ടും മലപ്പുറത്തും ഇടത് യുവജന മാര്‍ച്ചുകള്‍ അക്രമാസക്തമായി

Posted on: June 27, 2013 12:20 pm | Last updated: June 27, 2013 at 3:58 pm
SHARE

marchകോഴിക്കോട്/മലപ്പുറം: സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്, മലപ്പുറം കലക്ടറേറ്റുകളിലേക്ക് ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് രണ്ടിടങ്ങളിലും പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ്  റിയാസടക്കം ഇരുപത്തിയഞ്ചോളം പ്രവര്‍ത്തകര്‍ക്കും 12 പോലീസുകാര്‍ക്കും പരിക്കേറ്റു. ഒന്നര മണിക്കൂര്‍ നേരം സ്ഥലത്ത് ഭീകരാന്തരീക്ഷം നിലനിന്നു. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെ പോലീസ് ഗ്രനേഡും ക്ണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു.

കോഴിക്കോട്ട് 11 മണിയോടെയാണ് ഡി വൈ എഫ് ഐ – എ ഐ വൈ എഫ് സംഘടനകളുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. മുദ്രാവാക്യം വിളികളുമായി ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഇതിനിടെ പോലീസിന് നേരെ കല്ലേറുമുണ്ടായി. തുടര്‍ന്ന് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചുവെങ്കിലും പ്രവര്‍ത്തകര്‍ കൂടുതല്‍ വീറോടെ നിലനിന്നത് യുദ്ധസമാന അന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ ഏതാനും പോലീസുകാര്‍ക്കും പരുക്കേറ്റു.

തുടര്‍ന്ന് പിരിഞ്ഞ് പോയ പ്രവര്‍ത്തകര്‍ 12.15ഓടെ വീണ്ടും തിരിച്ചെത്തി മുദ്രാവാക്യം മുഴക്കി. പോലീസ് സംയമനം കാണിച്ചതിനാല്‍ ഇത്തവണ അക്രമമുണ്ടായില്ല.