Connect with us

International

ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ജൂലിയാ ഗില്ലാര്‍ഡിന് പരാജയം

Published

|

Last Updated

***രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും: ഗില്ലാര്‍ഡ്
***കെവിന്‍ റഡ്ഡിന് രണ്ടാം വരവ്

സിഡ്‌നി: ആസ്‌ത്രേലിയന്‍ ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു നിന്ന് പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് പുറത്തായി. പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ഏഴ് വോട്ടുകള്‍ക്ക് പാര്‍ട്ടിയുടെ മുന്‍ നേതാവ് കെവിന്‍ റഡ്ഡിനോട് ഗില്ലാര്‍ഡ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. റഡ്ഡിന് 57 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഗില്ലാര്‍ഡിന് 45 വോട്ടുകള്‍ മാത്രമാണ് നേടാനായത്. പാര്‍ട്ടി യുടെ നേതൃസ്ഥാനം ഒഴിയുന്നതോടെ താന്‍ രാഷ്ട്രീയ ജീവിതവും അവസാനിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം ഗില്ലാര്‍ഡ് പ്രഖ്യാപിച്ചു. അടുത്ത സെപ്തംബറില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭരണപക്ഷ പാര്‍ട്ടിയുടെ നേതാവിന് വേണ്ടി തിരഞ്ഞെടുപ്പ് നടന്നത്. 2010ലെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ റഡ്ഡിനെ പരാജയപ്പെടുത്തി ഗില്ലാര്‍ഡ് പാര്‍ട്ടി നേതൃത്വത്തിലേക്കും പിന്നീട് പ്രധാനമന്ത്രി പദത്തിലേക്കും എത്തുകയായിരുന്നു. ആസ്‌ത്രേലിയയിലെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു ഗില്ലാര്‍ഡ്.
പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വിജയിച്ച് രണ്ടാമതും പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കാന്‍ സാധിക്കുമെന്നുള്ള ആത്മവിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും ഇത്രയും കാലം പാര്‍ട്ടിയെയും രാജ്യത്തെയും നയിച്ചതില്‍ അഭിമാനം കൊള്ളുന്നുവെന്നും ഗില്ലാര്‍ഡ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ജൂലിയാ ഗില്ലാര്‍ഡ് അസാധാരണ കഴിവുള്ള പ്രധാനമന്ത്രിയാണെന്നും പാര്‍ട്ടിക്കും രാജ്യത്തിനും ഒരുപാട് നേട്ടങ്ങള്‍ നല്‍കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന് ശേഷം കെവിന്‍ റഡ്ഡ് പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജൂലിയാ ഗില്ലാര്‍ഡിന് വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പ് നടന്നത്. ഗില്ലാര്‍ഡിനേക്കാള്‍ ജനസ്വാധീനം കെവിനുണ്ടെന്ന് നേരത്തെ പാര്‍ട്ടി വക്താക്കള്‍ അറിയിച്ചിരുന്നു.
മൂന്ന് വര്‍ഷത്തിന് ശേഷം ശക്തമായ തിരിച്ചുവരവാണ് റഡ്ഡ് നടത്തിയതെന്ന് ആസ്‌ത്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

---- facebook comment plugin here -----

Latest