Connect with us

National

ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു

Published

|

Last Updated

rescue

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്ന് തടസ്സപ്പെട്ട രക്ഷാപ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തീര്‍ഥാടകരെ രക്ഷിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി സൈന്യം അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അങ്ങനെ സംഭവിച്ചാല്‍ ഇനിയും മണ്ണിടിച്ചില്‍ പോലുള്ള ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.
ഇതുവരെ 70,000 തീര്‍ഥാടകരെ രക്ഷപ്പെടുത്തിയതായാണ് ഔദ്യോഗിക കണക്കുകള്‍. രുദ്രപ്രായാഗ്, ചമോലി, ഉത്തരകാശി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കുടുങ്ങിക്കിടന്നത്. കേദാര്‍നാഥ്, ബദ്‌രിനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയവരാണ് ബഹുഭൂരിപക്ഷവും. ഇന്ന് മുതല്‍ മഴ ശക്തമാകുമെന്ന പ്രവചനത്തെ തുടര്‍ന്ന് കഴിയാവുന്നത്ര പേരെ രക്ഷപ്പെടുത്താനാണ് അധികൃതരുടെ ശ്രമം. വനപ്രദേശമായ ഛാത്രി, യമുനോത്രി എന്നിവിടങ്ങളില്‍ നിന്ന് എല്ലാവരെയും രക്ഷിച്ചതായി സൈന്യം അറിയിച്ചു. അതേസമയം, ഇവിടെ തിരച്ചില്‍ തുടരുകയാണ്. ബദരിനാഥ്- ജോഷിമഠ് പാതയിലെ ലംബര്‍ഗ പാലം സൈന്യം പുനഃസ്ഥാപിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിക്കാനായിട്ടുണ്ട്. 40 ഹെലികോപ്റ്ററുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഉള്ളത്. മഴയെ തുടര്‍ന്ന് നിര്‍ത്തിെവച്ചിരുന്ന ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഹെലിപാഡുകളില്‍ ചെളി നിറഞ്ഞത് കോപ്റ്ററുകള്‍ ലാന്‍ഡ് ചെയ്യുന്നതിന് തടസ്സമുണ്ടാക്കിയിരുന്നു. പ്രളയത്തെ തുടര്‍ന്ന് റോഡുകളും പാലങ്ങളും തകര്‍ന്ന് മലഞ്ചെരുവുകളില്‍ ആയിരങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. വ്യോമസേനയുടെ 43 എണ്ണം ഉള്‍പ്പെടെ 61 ഹെലികോപ്റ്ററുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്.
അതിനിടെ, പ്രളയ ദുരന്തത്തില്‍ ആയിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കരുതുന്നതായി മുഖ്യമന്ത്രി വിജയ് ബഹുഗുണ അറിയിച്ചു. പ്രളയത്തില്‍ കുടുങ്ങിയ 73,000 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. ഉത്തരാഖണ്ഡ് പോലീസ് കണ്‍ട്രോള്‍ റൂമും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.