ജംഷീറും ജുറൈദും ഫാരിസും അന്തിയുറങ്ങുക ഇനി സ്‌നേഹത്തില്‍ പണിതീര്‍ത്ത വീടുകളില്‍

Posted on: June 23, 2013 3:21 am | Last updated: June 23, 2013 at 3:21 am
SHARE

കോഴിക്കോട്: ചോര്‍ന്നൊലിക്കുന്ന കൂരയുടെ സ്ഥാനത്ത് സ്‌നേഹത്തില്‍ പണിതീര്‍ത്ത വീടുകളിലാണ് ഇനി മുതല്‍ ജംഷീറും ജുറൈദും ഫാരിസും അന്തിയുറങ്ങുക. ഹിമായത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂനിറ്റ് ‘സഹപാഠിക്കൊരു വീട്’ പദ്ധതിയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാന ചടങ്ങ് ഈ മാതൃകാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങ് കൂടിയായി.
സംസ്ഥാനത്തെ മികച്ച എന്‍ എസ് എസ് യൂനിറ്റിനുള്ള പുരസ്‌കാരം ലഭിച്ച ഹിമായത്തുല്‍ ഇസ്‌ലാം സ്‌കൂളിനു കീഴില്‍ നിര്‍മിച്ചുനല്‍കുന്ന മൂന്നാമത്തെ വീടാണിത്. സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ‘സഹപാഠിക്കൊരു വീട്’ പദ്ധതി ആരംഭിച്ചത്. വീടിന്റെ താക്കോല്‍ദാനം വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നിര്‍വഹിച്ചു. കുട്ടികളില്‍ സേവന തത്പരതയും അര്‍പ്പണബോധവും ഉണ്ടാക്കുന്നതില്‍ എന്‍ എസ് എസ് വഹിക്കുന്ന പങ്കിനെ മന്ത്രി പ്രശംസിച്ചു.
28 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളും അടങ്ങുന്ന എന്‍ എസ് എസ് സന്നദ്ധ പ്രവര്‍ത്തകര്‍ ചടങ്ങിന്റെ ആദരം ഏറ്റുവാങ്ങി. മേയര്‍ പ്രൊഫ. എ കെ പ്രേമജം മുഖ്യാതിഥിയായിരുന്നു.കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി ഉഷാദേവി ടീച്ചര്‍ ഫോട്ടോ പ്രകാശനം ചെയ്തു. സ്‌കൂള്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ടി പി മുഹമ്മദ് ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ പ്രദീപ്കുമാര്‍ എംഎല്‍ എ അധ്യക്ഷനായിരുന്നു. റീജ്യനല്‍ സെന്റര്‍ എന്‍ എസ് എസ് മേധാവി സാമുവല്‍ ചെല്ലയ്യ, കൗണ്‍സിലര്‍മാരായ കെ. മുഹമ്മദലി, പി കിഷന്‍ചന്ദ്, ടി സുജന്‍,ഹിമായത്തുല്‍ ഇസ്‌ലാം എച്ച് എസ് എസ് മാനേജര്‍ കെ ഹസന്‍കോയ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി കെ അബ്ദുന്നാസര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി കെ ഫൈസല്‍, വെള്ളയില്‍ ജി എഫ് യു പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ ജെ ഹില്‍ഡ പങ്കെടുത്തു.