Connect with us

National

ഉത്തരാഖണ്ഡ്: 66,000 പേരെ രക്ഷപ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രളയം രൂക്ഷമായി ബാധിച്ച ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നു. അര ലക്ഷത്തോളം ആളുകള്‍ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. കേദാര്‍നാഥിന് സമീപമുള്ള ഗൗരികുണ്ഡ് രാംബാര മലനിരകളില്‍ കുടുങ്ങിയ ആയിരത്തോളം പേരെ സൈന്യവും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും (ഐ ടി ബി പി) ചേര്‍ന്ന് രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായി കൂടുതല്‍ പ്രദേശങ്ങളില്‍ താത്കാലിക ഹെലിപ്പാഡുകള്‍ സൈന്യം സജ്ജമാക്കി.
വാസയോഗ്യമല്ലാത്ത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് സൈന്യത്തിന് വെല്ലുവിളിയായിട്ടുണ്ട്. റോഡ് ഗതാഗതം തടസ്സപ്പെട്ടതും ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങാന്‍ സാധിക്കാത്തതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയതായി സൈനിക വക്താവ് അറിയിച്ചു. കേദാര്‍നാഥിന് സമീപ പ്രദേശങ്ങളില്‍ നിരവധി തീര്‍ഥാടകര്‍ ഭക്ഷണമില്ലാതെയാണ് മലയിടുക്കുകളില്‍ കുടുങ്ങിക്കിടക്കുന്നത്. മരുന്നും ഭക്ഷണവും കോപ്റ്ററുകളില്‍ വിതരണം ചെയ്യുന്നുണ്ട്. അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം അതീവ ശ്രമകരമാണെന്നാണ് ഐ ടി ബി പി അധികൃതര്‍ അറിയിച്ചത്.
556 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍, മരണ നിരക്ക് ഇനിയും ഉയര്‍ന്നേക്കും. 32,000ത്തിലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പറയുന്നത്. പതിനേഴ് വിദേശ വിനോദസഞ്ചാരികളെ ഇന്നലെ രാവിലെ രക്ഷപ്പെടുത്തി. കേദാര്‍നാഥ് ക്ഷേത്ര പരിസരങ്ങളില്‍ നിന്ന് ഭൂരിഭാഗം പേരെയും ഒഴിപ്പിച്ചിട്ടുണ്ട്. 55 കോപ്റ്ററുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഉപയോഗിക്കുന്നത്. കൂടുതല്‍ മേഖലകളില്‍ കോപ്റ്ററുകള്‍ ഇന്നലെ നിരീക്ഷണ പറക്കലുകള്‍ നടത്തി. സോനപ്രയാഗില്‍ കാല്‍നടയായുള്ള ആദ്യ രക്ഷാപ്രവര്‍ത്തന സംഘമെത്തിയിട്ടുണ്ട്.
66,000 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കാബിനറ്റ് സെക്രട്ടറി അജിത് സേഠ് അറിയിച്ചു. ആയിരം കോടി രൂപ ഉത്തരാഖണ്ഡിന് ദുരന്ത സഹായമായി നല്‍കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നല്‍കി. അടിയന്തര സഹായമെന്ന നിലയില്‍ 145 കോടി രൂപ കേന്ദ്രം അനുവദിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. പതിനായിരത്തോളം സൈനികരും അത്രതന്നെ അര്‍ധസൈനികരും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. പ്രതിരോധ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, കര, വ്യോമ സേനാ മേധാവികള്‍, അര്‍ധ സൈനിക വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രിയെ കാബിനറ്റ് സെക്രട്ടറി വിവരങ്ങള്‍ അറിയിച്ചത്. അതേസമയം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന ഉത്തരാഖണ്ഡില്‍ ശക്തമായ മഴക്ക് ഇനിയും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
കുമാവോണ്‍ മേഖലയില്‍ 24 മുതല്‍ മഴ ശക്തമാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. 25 മുതല്‍ 28 വരെ സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചത്.

 

ഏകോപനത്തില്‍ അപാകം: ഷിന്‍ഡെ

ഡെറാഡൂണ്‍: സര്‍ക്കാര്‍ ഏജന്‍സികള്‍ക്കിടയിലെ ഏകോപനത്തിലെ അഭാവം രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നുണ്ടെന്നും നാല്‍പ്പതിനായിരത്തോളം തീര്‍ഥാടകരാണ് വിവിധ പ്രദേശങ്ങളിലായി കുടുങ്ങിക്കിടക്കുന്നതെന്നും ഷിന്‍ഡെ പറഞ്ഞു. ഉത്തരാഖണ്ഡില്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് നടക്കുന്ന രക്ഷാപ്രവര്‍ത്തനം നേരിട്ട് പരിശോധിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തെ ദേശീയ ദുരന്തമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മലയിടുക്കുകളില്‍ കുടുങ്ങിയവരെ പൂര്‍ണമായും രക്ഷപ്പെടുത്താന്‍ മൂന്ന് ദിവസത്തെ സമയപരിധിയാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. റോഡ് ഗതാഗതം തടസ്സപ്പെട്ട ഗൗരികുണ്ഡ്, കേദാര്‍നാഥ്, ബദ്രിനാഥ് എന്നിവിടങ്ങളില്‍ ചെറിയ പാലങ്ങള്‍ സൈന്യം നിര്‍മിച്ചതായും അദ്ദേഹം പറഞ്ഞു.

Latest