Connect with us

Articles

ദുരിതക്കയത്തിലകപ്പെടുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം

Published

|

Last Updated

ഇടതുപക്ഷ സര്‍ക്കാര്‍ 1988ല്‍ പരീക്ഷണാര്‍ഥം കേരളത്തിലെ 86 സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി നടപ്പില്‍ വരുത്തിയപ്പോള്‍ അതൊരു മാറ്റത്തിന്റെ കാലാള്‍പ്പടയായിരിക്കും എന്ന് കരുതിയവര്‍ക്ക് തെറ്റി. യു ജി സി പോലെ തന്നെ ഹയര്‍ സെക്കന്‍ഡറിയും ഇപ്പോള്‍ ചീഞ്ഞുനാറി ആളുകള്‍ മൂക്ക് പൊത്തിയാണ് നടക്കുന്നത്. സെന്‍ട്രല്‍ സ്‌കൂളിലും നവോദയ സ്‌കൂളിലും ഇത് നടപ്പില്‍ വരുത്തിയ രീതി പഠിക്കാതെ കേരളത്തില്‍ എട്ടും പൊട്ടും തിരിയാത്ത മൂക്കണാഞ്ചിമൂപ്പന്‍മാര്‍ ഈ രംഗം കീഴടക്കിയതിന്റെ ഫലമാണിന്ന് അനുഭവിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ എണ്ണം ക്രമാതീതമായി പെരുകി. 1914 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഇന്ന് നിലവിലുണ്ട്. 760 സര്‍ക്കാര്‍ സ്‌കൂളുകളിലും ബാക്കി വരുന്നവ എയിഡഡ് സ്‌കൂളുകളിലും കുറച്ച് അണ്‍ എയിഡഡ് കേരള സ്‌കൂളുകളിലുമായി പരന്നുകിടക്കുന്ന കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം, രാജ്യത്തിന് മാതൃകയായി മാറേണ്ടതിനു പകരം പൂരപ്പറമ്പാക്കി മാറ്റിയത് മാറിമാറി ഭരണത്തില്‍ വരുന്ന രാഷ്ട്രീയ നേതാക്കളുടെ നിരന്തര ഇടപെടലുകളാണ്. എട്ട് ലക്ഷം കുട്ടികളുടെ ഭാവിയുടെ താക്കോല്‍ സൂക്ഷിപ്പുകാരാണ് ഹയര്‍ സെക്കന്‍ഡറിയെന്ന മഹാനാടകം രംഗത്ത് അവതരിപ്പിക്കുന്നവര്‍.
റെഗുലര്‍ കോളജുകളില്‍ നിന്ന് പ്രീ ഡിഗ്രി അറുത്ത് മാറ്റുമ്പോള്‍ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ പറഞ്ഞ ന്യായം ശബ്ദങ്ങളുടെ ഘോഷയാത്രകള്‍ അല്ലാതെ പ്രീ ഡിഗ്രി വിദ്യാഭ്യാസം മറ്റൊന്നുമല്ല. കാരണം, ക്ലാസ് മുറികളില്‍ കരകവിഞ്ഞൊഴുകുന്ന ക്രമാതീതമായ കുട്ടികളുടെ ബാഹുല്യം ക്രിയാത്മകമായി ഒന്നും നടക്കാന്‍ അനുവദിക്കുന്നില്ല. 75-80 കുട്ടികള്‍ പ്രീ ഡിഗ്രി ക്ലാസ് മുറികളില്‍ ഉണ്ടായിരുന്നു. ഇതിനെ മറികടക്കാനും പത്താം തരം കഴിഞ്ഞെത്തുന്ന 15 വയസ്സുകാരെ അഭിരുചിയുടെയും വൈജ്ഞാനികതയുടെയും പുതിയ ആകാശങ്ങളിലേക്ക് നയിക്കാനും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് കഴിയുമെന്ന് വിശ്വസിച്ചവര്‍ക്ക് തെറ്റി. ഇന്ന് ഹയര്‍ സെക്കന്‍ഡറി ക്ലാസ് അനുപാതം 1:60 വരെയാണ്. 70 കുട്ടികളെയിരുത്തി ക്ലാസ് മുറികള്‍ മാര്‍ക്കറ്റാക്കി നടത്തുന്ന സ്‌കൂളുകളും കേരളത്തിലുണ്ട്. കോണിച്ചുവട്ടിലും ജനല്‍പ്പടികളിലുമിരുന്ന് പഠിക്കുന്ന കുട്ടികളെ ചില സ്‌കൂളുകളില്‍ കാണാന്‍ കഴിയും. 1:40 എന്ന അനുപാതത്തില്‍ സെക്കന്‍ഡറി കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തണം എന്ന ആവശ്യം ഇടത് വലത് സര്‍ക്കാറുകള്‍ അംഗീകരിച്ചിട്ടില്ല. സി ബി എസ് ഇ സ്‌കൂളുകളില്‍ ക്ലാസ് മുറികളില്‍ ശരാശരി 45 കുട്ടികളാണ് ഇരിക്കുന്നത്. പ്രീഡിഗ്രി റിസല്‍ട്ട് വരുമ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയിലും കേരള സര്‍വകലാശാലയിലും 20 ശതമാനവും 25 ശതമാനവും കുട്ടികളാണ് കടല്‍ നീന്തിക്കടന്ന് മറുകരയില്‍ എത്താറുള്ളത്. ഇംഗ്ലീഷിലാണ് മിക്ക കുട്ടികളും പരാജയപ്പെട്ടത്. ഇംഗ്ലീഷിനെ ഒരു “ജയന്റ് കില്ലര്‍” എന്ന് വിളിച്ചിരുന്ന കാലം കഴിഞ്ഞു എന്ന് വാദിക്കുന്നതിലും അര്‍ഥമില്ല. കാരണം, ഹയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് നിലവാരം അങ്ങേയറ്റം പരിതാപകരമാണ്. കുട്ടികള്‍ എന്തെഴുതിയാലും പോയിന്റ് ഉണ്ടെങ്കില്‍ ഭാഷയിലെ തെറ്റുകള്‍ നോക്കണ്ട എന്നതാണ് പുതിയ കണ്ടെത്തല്‍. അതു കൊണ്ട് തന്നെ കുട്ടികള്‍ go, goes, went, has gone ഇവയില്‍ ഏതെഴുതിയാലും മാര്‍ക്ക് കൊടുത്തിരിക്കണം. ഹയര്‍ സെക്കന്‍ഡറി കഴിഞ്ഞ് പുറത്തുവരുന്ന കുട്ടികള്‍ക്ക് ഏതാനും വാചകങ്ങള്‍ തെറ്റ് കൂടാതെ എഴുതാന്‍ കഴിയില്ല.
ഈ ലേഖകന്‍ വിദേശത്ത് ഒന്നില്‍ കൂടുതല്‍ രാജ്യങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. സി ബി എസ് ഇ സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേഷന്‍ ജോലി മാത്രം ചെയ്താല്‍ മതി. പക്ഷ, കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. ക്ലാസുകള്‍ മുറ പോലെ കൈകാര്യം ചെയ്യണം. മറ്റ് ഓഫീസ് കാര്യങ്ങള്‍ എല്ലാം ചെയ്യണം.
ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ആര്‍ ഡി ഡിയുമായി ബന്ധപ്പെടണം. സ്‌കൂള്‍ ഹെഡ് മാസ്റ്ററും റെഗുലര്‍ കോളജ് പ്രിന്‍സിപ്പലും ആഴ്ചയില്‍ എട്ട് പീരിയഡ് പഠിപ്പിച്ചാല്‍ മതിയെന്ന വ്യവസ്ഥ എന്തു കൊണ്ട് നടപ്പില്‍ വന്നില്ല എന്ന ചോദ്യവും ശൂന്യതയില്‍ വിലയം പ്രാപിച്ചു. സെന്‍ട്രല്‍ സ്‌കൂള്‍ , നവോദയ പ്രിന്‍സിപ്പല്‍ 75,000 രൂപ വരെ വാങ്ങി റെഗുലര്‍ കോളജ് പ്രിന്‍സിപ്പല്‍ വാങ്ങുന്ന ശമ്പളത്തിന്റെ തൊട്ടടുത്ത് നില്‍ക്കുമ്പോള്‍, പാവം കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ 40,000 രൂപ വരെ വാങ്ങി ജീരകം കൊറിക്കുന്ന കാഴ്ച ഒരു ഷെയിക്‌സ്പിയര്‍ ദുരന്തനാടകത്തിലെ നായകനെ ഓര്‍മിപ്പിക്കുന്നു.
കാസര്‍കോട്, കണ്ണൂര്‍ , കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ആയിരത്തോളം സ്‌കൂളുകളിലെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത് കോഴിക്കോട് പരപ്പില്‍ ഉള്ള ഹയര്‍ സെക്കന്‍ഡറി റീജ്യനല്‍ ഓഫീസിലാണ്. പരപ്പില്‍ എന്ന സ്ഥലത്തെ പ്രൈമറി സ്‌കൂളിന് മുകളില്‍ വിരലില്‍ എണ്ണാവുന്ന ജീവനക്കാരാണ് മുള്‍ക്കുരിശേന്തുന്നത്. ഇവിടെ ജോലി ചെയ്യുന്ന പത്തില്‍ കുറഞ്ഞ ജീവനക്കാര്‍ അവര്‍ക്ക് ചെയ്യാവുന്നതിന്റെ ഇരട്ടി ജോലി ചെയ്താലും പണി തീരില്ല. ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ഭാവിയുടെ പെന്‍ഡുലം ആടുന്നതും അത് പെട്ടെന്ന് നിര്‍ത്തുന്നതും പരപ്പില്‍ വെച്ചാണ്. ഓരോ ജില്ലയിലും ഒരു ഹയര്‍ സെക്കന്‍ഡറി ഓഫീസ് എന്ന വാദം കേട്ടുതുടങ്ങിയിട്ട് കാലം കുറേയായി. പക്ഷേ, അത് സാക്ഷാത്കരിക്കാന്‍ പുതിയ പ്രൊമിത്യൂസ് പിറവിയെടുക്കണം. വിദ്യാഭ്യാസ മന്ത്രിക്ക് ഇതൊന്നും അറിയാതെ വരില്ല. പക്ഷേ, പരല്‍മീന്‍ നീന്തിക്കളിക്കുന്ന നെല്‍ വയലുകളില്‍ ഇറങ്ങി കാലില്‍ ചളിയാകേണ്ട എന്ന് കരുതി അദ്ദേഹം “എല്ലാം പാക്കലാം” എന്ന മട്ടില്‍ ഇരിക്കുകയാണ്. കുട്ടികള്‍ക്ക് കായിക പരിശീലനം വേണം പക്ഷേ, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്ക് അത് വേണ്ട. എന്നാണ് സര്‍ക്കാര്‍ നിലപാട്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ കായികാധ്യാപകര്‍ ഇല്ല. ലാബുകളും ലൈബ്രറികളും സെമിത്തേരി പോലെ ശ്മശാന മൂകതയുടെ ആദ്യ പാഠം ഏറ്റുവാങ്ങുന്നു.
തിരുവനന്തപുരത്തുള്ള എവറസ്റ്റിയന്‍ ഡയറക്ടറേറ്റിന്റെ പ്രധാന പണി പരീക്ഷകള്‍ ഇടക്കിടെ നടത്തലാണ്. ക്ഷയ രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കുന്നത് പോലെ വര്‍ഷം മുഴുവന്‍ അവസാനിക്കാത്ത പരീക്ഷ. ഇതിന്റെ മൂല്യനിര്‍ണയം നടത്തേണ്ടത് ഹയര്‍ സെക്കന്‍ഡറി അധ്യാപകരാണ്. പഠിപ്പിക്കാനുള്ള സമയം പേപ്പര്‍ വാല്വേഷ്യനില്‍ ചോര്‍ന്നു പോകുന്നു. ചോദിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെല്ലാം ഈ വര്‍ഷം ഹയര്‍ സെക്കന്‍ഡറി അനുവദിക്കുന്ന സര്‍ക്കാര്‍ നയം ശരിയല്ല. കാരണം, ഡിവിഷന്‍ ഫാള്‍ എന്ന മഹാദുരന്തത്തിന്റെ ഊടുവഴിയിലേക്കാണിത് അധ്യാപകരെ ചെന്നെത്തിക്കുക. അണ്‍ എയ്ഡഡ് മേഖല രാക്ഷാത്കാരം പൂണ്ട് എല്ലാറ്റിനേയും വിഴുങ്ങാന്‍ പാകത്തില്‍ നില്‍ക്കുമ്പോള്‍ എന്തിന് നാം വിദ്യാഭ്യാസ മേഖലയെ പത്ത് പൈസക്കും അഞ്ച് പൈസക്കും തീറെഴുതിക്കൊടുക്കണം? കൊടുങ്കാറ്റ് പോലുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തെ കീഴടക്കിയ യു ജി സി പദ്ധതി ചത്ത കാട്ടുപോത്തിനെ പോലെ മലര്‍ന്നുകിടക്കുകയാണിപ്പോള്‍. ഉന്നത വിദ്യാഭ്യാസരംഗം ദുര്‍ഗന്ധം കൊണ്ട് മലീമസമായിരിക്കുന്നു. ഇതേ അവസ്ഥ ഹയര്‍ സെക്കന്‍ഡറിയിലും ഉണ്ടാകും. കാത്തിരിക്കാം, സാമുവല്‍ ബക്കറ്റിന്റെ അബ്‌സേര്‍ഡ് ഡ്രാമ കാണാന്‍ കാത്തിരിക്കുക.

 

rhd-pnr@yahoo.com