Connect with us

International

രഹസ്യ ചോര്‍ച്ച: എഡ്വേഡ് നോഡനെതിരെ ചാരവൃത്തിക്ക് കേസ്

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തല്‍ രഹസ്യം പുറത്തുവിട്ട എഡ്വേര്‍ഡ്‌സ് നോഡനെതിരെ ചാരവൃത്തിക്ക് കേസെടുത്തു. അമേരിക്കയുടെ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി പരസ്യപ്പെടുത്തിയെന്നതുള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ അറസ്റ്റ് ഭയന്ന് സി ഐ എയുടെ മുന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായ നോഡന്‍ ഹോംഗോംഗിലേക്ക് രക്ഷപ്പെട്ടു. ഇവിടെ നിന്നും ഐസ്‌ലാന്‍ഡിലേക്ക് ഇയാളെ കൊണ്ടുപോകുന്നതിന് വിക്കിലീക്‌സിന്റെ വിമാനം എത്തിയതായും ഐസ് ലാന്‍ഡ് ഇയാള്‍ക്ക് അഭയം നല്‍കാമെന്ന് സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഫോണ്‍, നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് എഡ്വേര്‍ഡ് പുറത്തുവിട്ടിരുന്നത്. മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിള്‍ എന്നിവയടക്കം ഒന്‍പത് അമേരിക്കന്‍ ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. ഈ വിവരങ്ങള്‍ ഇയാള്‍ പത്രങ്ങള്‍ക്ക് കൈമാറുകയായിരുന്നു. വിക്കിലീക്‌സിനു ശേഷം അമേരിക്കയെ ഞെട്ടിച്ച വലിയ രഹസ്യ ചോര്‍ച്ചയായിരുന്നു ഇത്. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഒബാമ ഭരണകൂടം തീരുമാനമെടുത്തിരുന്നു.

അതേമസമയം, എഡ്വേര്‍ഡ് സ്‌നോഡനെ ഇനി അമേരിക്കക്ക് വിട്ടുകിട്ടണമെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം വേണ്ടിവരുമെന്ന് ഹോംഗോംഗിലെ നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

Latest