കെ എസ് ആര്‍ ടി സി സബ് ഡിപ്പോയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Posted on: June 22, 2013 6:00 am | Last updated: June 21, 2013 at 10:45 pm
SHARE

മണ്ണാര്‍ക്കാട്: മേഖലയിലെ യാത്രക്ലേശത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിച്ച കെ എസ് ആര്‍ ടി സി സബ് ഡിപ്പോയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍.
ഗാരേജിന്റെ സൗകര്യക്കുറവും സ്‌പെയര്‍ പാര്‍ട്ട്‌സിന്റെ കുറവുമൊക്കെ ഡിപ്പോയെ അലട്ടുന്നുണ്ട്.
37 ഷെഡ്യൂളുകളുള്ള ഡിപ്പോയില്‍ 41 ബസുകളുണ്ടെങ്കിലും കാലപ്പഴക്കം മൂലം മിക്ക ബസുകളും സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. മറ്റു ഡിപ്പോകളില്‍ നിന്ന് കാലപ്പഴക്കം മൂലം ഒഴിവാക്കിയ ബസുകളാണ് ഇവിടെയുള്ളതെന്നും പറയുന്നു.
ഇത് മൂലം ദിവസവും ഏറെ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുന്നു. അട്ടപ്പാടിയിലേക്കും ഉപ്പുക്കുളം ഭാഗത്തേക്കുമുള്ള സര്‍വീസുകള്‍ മിക്ക ദിവസവും റദ്ദാക്കുകയാണ്. അന്തര്‍സംസ്ഥാന റൂട്ടായ മണ്ണാര്‍ക്കാട്-മേട്ടുപ്പാളയം-കോയമ്പത്തൂര്‍ ബസ്സും മണ്ണാര്‍ക്കാട്- തൃശൂര്‍ റൂട്ടിലെ ബസും ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല. അഞ്ചിലേറെ ബസുകള്‍ സ്ഥിരമായി കട്ടപ്പുറത്താണ്.
പുതിയ ബസുകള്‍ അനുവദിക്കുമെന്ന വാഗ്ദാനവും നടപ്പായിട്ടില്ല. ഡിപ്പോയിലെ ലാഭകരമായ റൂട്ടുകളിലെ സര്‍വീസുകള്‍ ബസുകളില്ലാതെ റദ്ദാക്കുന്നത് വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.