Connect with us

Kozhikode

കലിയടങ്ങാതെ കാലവര്‍ഷം: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

Published

|

Last Updated

കുറ്റിയാടി: കനത്ത മഴ കുന്നുമ്മല്‍ പഞ്ചായത്തിലെ പാതിരിപ്പറ്റ, കുളങ്ങരത്ത്, വട്ടോളി ഒതയോത്ത് താഴ, അമ്പലക്കുളങ്ങര പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. ഉള്‍നാടന്‍ റോഡുകള്‍ തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായി.
നരിപ്പറ്റ കണ്ടോത്ത് കുനിക്കടുത്ത് പാലോക്കുനി രാജന്‍, പാലോക്കുനി മോഹനന്‍ എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. കുന്നുമ്മല്‍ പഞ്ചായത്തിലെ കുളങ്ങരത്ത് നരിക്കാട്ടേരി റോഡരികിലെ നിരവധി വീടുകളിലും വെള്ളം കയറി. വണ്ണത്താംവീട്ടില്‍ ചന്ദ്രന്റെ വീടിന് അകത്ത് വരെ വെള്ളം കയറിയതിനെ തുടര്‍ന്ന് വീടൊഴിഞ്ഞു.
നരിക്കാട്ടേരി തോട് കര കവിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെ വാഴ, കമുക്, മരച്ചീനി എന്നിവയും നശിച്ചു. വേളം പഞ്ചായത്തിലെ തീക്കുനി-കക്കട്ട് റോഡില്‍ ചന്തമുക്ക്, അരൂര്‍ ഭാഗങ്ങളില്‍ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹന ഗതാഗതം നിലച്ചു. ചന്തമുക്ക് – കക്കട്ട് റോഡും വെള്ളത്തിനടിയിലായി. കുറ്റിയാടി പഴയ ആശുപത്രി ക്വാര്‍ട്ടേഴ്‌സ് മതില്‍ കനത്ത മഴയില്‍ തകര്‍ന്നുവീണു. ഓത്യോട്ട്കരങ്ങോട് റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
തളീക്കര-കായക്കൊടി റോഡില്‍ മുട്ടുനട മുതല്‍ തളീക്കര വരെ റോഡില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി. കായക്കൊടി ഞേണോല്‍താഴ മുതല്‍ കോവുകുന്ന് ഭാഗം വരെ റോഡ് വെള്ളത്തിനടിയിലാണ്.
ചങ്ങരംകുളം-മൊകേരി റോഡില്‍ കണ്ണങ്കൈതാഴയിലാണ് വെള്ളം കയറിയത്. തളീക്കര-ചങ്ങരംകുളം റോഡില്‍ മൂരിപ്പാലം ഭാഗം റോഡും കായക്കൊടി-കൈവേലി റോഡിലെ കണയങ്കോട്ട്, കുഴിപ്പാട് പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കായക്കൊടി ഭാഗത്തേക്ക് വാഹനങ്ങളില്‍ എത്താന്‍ കഴിയാത്ത അവസ്ഥയാണ്.
കുറ്റിയാടി പുഴയുടെ കരയിടിച്ചില്‍ ഭയന്ന് കാവിലുംപാറ പഞ്ചായത്തിലെ ചോയിച്ചുണ്ട്, പൈക്കളങ്ങാടി പുഴയോരത്തെ ആറ് കുടുംബങ്ങള്‍ വീടൊഴിഞ്ഞു. ചോയിച്ചുണ്ടില്‍ കൊരഞ്ഞാറ്റി കൃഷ്ണന്‍, മണാട്ടില്‍ കല്യാണി, പൂതര്‍പൊയില്‍ മജീദ്, പൈക്കളങ്ങാടിയില്‍ പുഴക്കല്‍ ഷമീന, പുഴക്കല്‍ ജോണ്‍സണ്‍, അശോകന്‍ എന്നിവരാണ് വീടൊഴിഞ്ഞ് ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചത്.
ഈ ഭാഗങ്ങളില്‍ പുഴയുടെ ഇരുഭാഗങ്ങളും ഇടിഞ്ഞ് മരങ്ങള്‍ കടപുഴകി വീണുകൊണ്ടിരിക്കുകയാണ്. കുറ്റിയാടി പുഴയില്‍ ചേരുന്ന തൊട്ടില്‍പാലം പുഴ കരകവിഞ്ഞ് ഒഴുകുന്നത് കാരണം പുഴയോര നിവാസികളും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളും ഭീതിയിലാണ്.
ചോയിച്ചുണ്ട് പുഴയില്‍ അശാസ്ത്രീയമായി നിര്‍മിച്ച തടയണ ഭാഗികമായി തകര്‍ന്നു. ഇതാണ് തീരങ്ങള്‍ ഇടിഞ്ഞുവീഴാന്‍ കാരണമെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
കാവിലുംപാറ പഞ്ചായത്തിലെ മുറ്റത്തെ പ്ലാവ് – കുരുടന്‍ കടവ് റോഡ് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചു. മുറ്റത്തെ പ്ലാവ് – പി ടി ചാക്കോ സ്മാരക റോഡ് മണ്ണിടിഞ്ഞ് വീണ് റോഡ് വെള്ളത്തില്‍ ഒലിച്ചുപോയി. ഇതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
നാദാപുരം: വെള്ളം കയറിയതിനെ തുടര്‍ന്ന് നാദാപുരം മേഖലയില്‍ നൂറോളം കുടുംബങ്ങള്‍ വീടൊഴിഞ്ഞു. കക്കംവള്ളി , അരയാക്കൂല്‍, താഴെക്കുനി, ചേറ്റുവെട്ടി, ചാലപ്പുറം, ചെക്യാട്, ചേലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് ആളുകള്‍ ബന്ധുവീടുകളിലും അഭയാര്‍ഥി ക്യാമ്പുകളിലും അഭയം തേടിയത്.
നാദാപുരം ബസ്സ്റ്റാന്‍ഡിലെ വി എ കെ ഹാളിലാണ് ക്യാമ്പ് തുടങ്ങിയത്. ഇന്നലെ പുലര്‍ച്ചെ പലരും എഴുന്നേറ്റപ്പോള്‍ വീട്ടില്‍ വെള്ളം ഇരച്ചുകയറുന്നതാണ് കണ്ടത്. വീടിന് പുറത്ത് പോകാന്‍ പറ്റാതായതോടെ വൃദ്ധന്‍മാരെയും കുട്ടികളെയും സ്ത്രീകളെയും ചേലക്കാട് നിന്ന് ഫയര്‍ ഫോഴ്‌സെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ സുരക്ഷിത സ്ഥാനത്തേക്കെത്തിച്ചത്. പല വീടുകളിലെയും ഉപകരണങ്ങള്‍ ഒലിച്ചുപോയി.
ചാലപ്പുറത്ത് ഒരു പശുവിനെയും പട്ടിയെയും വീടിന്റെ ടെറസിന് മുകളില്‍ കയറ്റിയാണ് രക്ഷപ്പെടുത്തിയത്. നിരവധി വളര്‍ത്തുമൃഗങ്ങള്‍ ഒഴുക്കില്‍പ്പെടുകയും ചെയ്തു.
പലയിടത്തും റോഡ് തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. നാദാപുരത്തെ സ്‌കൂളുകള്‍ക്കെല്ലാം ഇന്നലെ അവധിയായിരുന്നു. കല്ലാച്ചിയില്‍ കടകളില്‍ വെള്ളം കയറി നിരവധി സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തണ്ണീര്‍പന്തല്‍ ഭാഗത്ത് പൂര്‍ണമായും ഗതാഗതം തടസ്സപ്പെട്ടു.