Connect with us

Kerala

ഉമ്മന്‍ ചാണ്ടിയും മൊബൈല്‍ വാങ്ങുന്നു

Published

|

Last Updated

oommenchandiതിരുവനന്തപുരം:

സോളാര്‍ തട്ടിപ്പ് കേസ് തലവേദനയായതോടെ സ്വന്തം പേരില്‍ മൊബൈല്‍ കണക്ഷനെടുക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം. ഇന്റലിജന്‍സും അടുപ്പമുള്ള രാഷ്ട്രീയക്കാരും കുടുംബവും നിര്‍ബന്ധിച്ചതോടെയാണ് സ്വന്തംപേരില്‍ ഫോണ്‍ എടുക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം.
തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുമായി പേഴ്‌സനല്‍ സ്റ്റാഫിലെ മൂന്ന് പേരും ഡല്‍ഹിയിലെ സന്തത സഹചാരിയും ഫോണില്‍ സംസാരിച്ചത് തന്നെയും പ്രതിക്കൂട്ടിലാക്കിയതോടെയാണ് സ്വന്തമായൊരു ഫോണിന്റെ ആവശ്യകത മുഖ്യമന്ത്രിക്കും ബോധ്യപ്പെട്ടത്. ഫോണ്‍ വാങ്ങുന്നതിനൊപ്പം ഓഫീസില്‍ ചില ക്രമീകരണങ്ങള്‍ വരുത്താനും ഉമ്മന്‍ ചാണ്ടി ആലോചിക്കുന്നുണ്ട്.
സ്വന്തം പേരില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ പേഴ്‌സനല്‍ സ്റ്റാഫിന്റെ ഫോണ്‍ ആണ് മുഖ്യമന്ത്രി ഉപയോഗിച്ചിരുന്നത്. തിരുവനന്തപുരത്താണെങ്കില്‍ നടപടിക്ക് വിധേയനായ പേഴ്‌സനല്‍ സ്റ്റാഫ് ടെന്നി ജോപ്പന്റെയും മറ്റു ജില്ലകളില്‍ പോകുമ്പോള്‍ ജിക്കു ജോസഫിന്റെയും യാത്രകളില്‍ ഗണ്‍മാനായിരുന്ന സലീംരാജിന്റെയും ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ സന്തത സഹചാരി തോമസ് കുരുവിളയുടെയും ഫോണ്‍ ആണ് മുഖ്യമന്ത്രി ഉപയോഗിച്ചിരുന്നത്. ഈ നാല് പേരുടെ ഫോണില്‍ നിന്നും സോളാര്‍ കേസിലെ പ്രതി സരിത എസ് നായരെ വിളിച്ചെന്ന് കണ്ടെത്തിയതാണ് ഉമ്മന്‍ ചാണ്ടിക്ക് ഇത്രയും വലിയ തലവേദന ഉണ്ടാക്കിയത്. പേഴ്‌സനല്‍ സ്റ്റാഫ് ഉണ്ടാക്കിയ പൊല്ലാപ്പ് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയതോടെ സഹപ്രവര്‍ത്തകരും എം എല്‍ എമാരും ഫോണ്‍ കണക്ഷനെടുക്കാന്‍ മുഖ്യമന്ത്രിയെ നിര്‍ബന്ധിക്കുകയായിരുന്നു. ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയന്ത്രണം വേണമെന്ന് പല വട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

 

Latest