നോര്‍ക്ക ക്ഷേമ പദ്ധതികള്‍ കാര്യക്ഷമമാക്കും

Posted on: June 18, 2013 7:20 pm | Last updated: June 18, 2013 at 7:21 pm
SHARE

norkaദുബൈ: നോര്‍ക്കയുടെ ക്ഷേമ പദ്ധതികള്‍ കാര്യക്ഷമമാക്കാന്‍ മതിയായ ഇടപെടലുകള്‍ നടത്തുമെന്ന് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ഡോ. ആസാദ് മൂപ്പന്‍, ഇസ്മായേല്‍ റാവുത്തര്‍ പ്രവാസി ക്ഷേമ ബോര്‍ഡംഗം എം ജി പുഷ്പാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒരുപാട് ഉത്തരവാദിത്വങ്ങളുള്ള ഏജന്‍സിയാണെങ്കിലും പ്രവാസികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതില്‍ വേണ്ടത്ര വിജയിച്ചിട്ടില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നുവെന്ന് ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു.
ദീര്‍ഘകാല ലക്ഷ്യമുള്ള ആസൂത്രണ പദ്ധതികള്‍ ഉണ്ടായിട്ടില്ല. അതിനു മാറ്റം വരുത്താന്‍ കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ രണ്ടു നിര്‍ദേശങ്ങള്‍ താന്‍ മുന്നോട്ടുവെച്ചു. പഞ്ചായത്തുകള്‍ തോറും പ്രവാസി സഹകരണ സംഘങ്ങള്‍ നടപ്പാക്കുക എന്നതാണ് അതിലൊന്ന്. അതിന്റെ വിശദമായ കര്‍മപദ്ധതി തയാറാക്കാന്‍ എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഗള്‍ഫില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് അതാത് പഞ്ചായത്തുകളില്‍ സഹകരണ സംഘം ഉണ്ടാക്കാന്‍ നോര്‍ക്ക രക്ഷാകര്‍തൃത്വം നല്‍കും. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ പരീക്ഷണാര്‍ഥം നടപ്പാക്കാം. തൊഴില്‍ വൈദഗ്ധ്യം ഉള്ളവരും നിക്ഷേപകരും ചേര്‍ന്ന് പഞ്ചായത്തിന്റെ സവിശേഷത കൂടി കണക്കിലെടുത്ത് സഹകരണ സംഘങ്ങള്‍ തുടങ്ങിയാല്‍ പല പദ്ധതികളും നടപ്പാക്കാം. മാലിന്യ സംസ്‌കരണം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ ലാഭകരമായ പദ്ധതികള്‍ തുടങ്ങാന്‍ സഹകരണ സംഘങ്ങള്‍ക്കു കഴിയും.
മറ്റൊന്ന്, മടങ്ങിപ്പോകുന്നവരുടെ ആരോഗ്യ പരിരക്ഷാ പദ്ധതിയാണ്. ശസ്ത്രക്രിയ ആവശ്യമുള്ള അസുഖങ്ങള്‍ പിടിപെട്ട് നാട്ടിലെത്തിയാല്‍ പ്രവാസിയുടെ ആജീവനാന്ത നീക്കിയിരിപ്പ് നഷ്ടമാകുന്നത്ര ഭീമമായ തുക ചികിത്സക്കു വേണ്ടിവരുന്നു. ഇത് ഒഴിവാക്കാന്‍ ഇന്‍ഷ്വറന്‍സ് പദ്ധതി ആരംഭിക്കും-ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ് ഡെസ്‌ക് ഉടന്‍ ആരംഭിക്കുമെന്ന് ഇസ്മായേല്‍ റാവുത്തര്‍ അറിയിച്ചു. നോര്‍ക്ക റൂട്ട്‌സിന്റെ ജീവകാരുണ്യ പദ്ധതികള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ഡെസ്‌കിന്റെ പ്രവര്‍ത്തനം സഹായകരമാകും. മരണാനന്തര സഹായം 20,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കും. രോഗികള്‍ക്ക് ഒരു ലക്ഷം രൂപ വരെ സഹായമുണ്ട്. പുനരധിവാസ പദ്ധതി ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും-ഇസ്മായേല്‍ റാവുത്തര്‍ പറഞ്ഞു. മടങ്ങിപ്പോകുന്നവരുടെ പുനരധിവാസത്തിന് നോര്‍ക്ക ക്ഷേമബോര്‍ഡ് 16 കമ്പനികളുടെ നിര്‍ദേശങ്ങള്‍ ലഭ്യമായിട്ടുണ്ടെന്ന് എം ജി പുഷ്പാകരന്‍ പറഞ്ഞു. ഈ മാസം 26ന് ബോര്‍ഡ് യോഗം ചേര്‍ന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. ബോര്‍ഡ് ഇതേവരെ ഒരു കോടിയുടെ സഹായധനം വിതരണം ചെയ്തിട്ടുണ്ട്. പെന്‍ഷന്‍ തുക ആയിരത്തില്‍ നിന്ന് 2,000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്ത്യന്‍ സ്ഥാനപതിമാര്‍
നോര്‍ക്കയെ അവഹേളിക്കുന്നു’

ദുബൈ: ഗള്‍ഫില്‍, നോര്‍ക്ക റൂട്ട്‌സിന്റെ സദുദ്ദേശങ്ങള്‍ക്ക് ചില ഇന്ത്യന്‍ സ്ഥാനപതിമാര്‍ തടസം സൃഷ്ടിക്കുകയാണെന്ന് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മായേല്‍ റാവുത്തര്‍ കുറ്റപ്പെടുത്തി.
കുവൈത്ത് സന്ദര്‍ശിക്കാന്‍ നോര്‍ക്ക മന്ത്രി കെ സി ജോസഫ് ശ്രമം നടത്തിയിരുന്നു. പക്ഷേ, അവിടത്തെ ഇന്ത്യന്‍ സ്ഥാനപതി സതീഷ് മേത്ത തടസം സൃഷ്ടിച്ചു. കുവൈത്തിലെ മലയാളികളില്‍ വലിയൊരു വിഭാഗം അനധികൃത താമസക്കാരാണെന്ന് കുറ്റപ്പെടുത്തി. കുവൈത്തില്‍ ഇത്രയധികം പ്രശ്‌നമുണ്ടെന്നറിഞ്ഞിട്ടും സ്ഥാനപതി വിദേശ പര്യടനം നടത്തി. യു എ ഇയില്‍ പൊതുമാപ്പ് വേളയില്‍ നിര്‍ധനര്‍ക്ക് സാമ്പത്തിക സഹായം നോര്‍ക്ക പ്രഖ്യാപിച്ചിരുന്നു. മലയാളികള്‍ക്കു മാത്രമായി സഹായം നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് ഇന്ത്യന്‍ നയതന്ത്രകാര്യാലയം സ്വീകരിച്ചത്. സ്ഥാനപതിമാര്‍ക്ക് കൊമ്പ് മുളച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. പ്രവാസികള്‍ പ്രയാസത്തിലാകുമ്പോള്‍ സ്ഥാനപതിമാര്‍ നാടുചുറ്റുകയാണ്.
അതേസമയം സഊദി-ഇന്ത്യന്‍ സ്ഥാനപതി രാപ്പകലില്ലാതെ ഇന്ത്യക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇസ്മായേല്‍ റാവുത്തര്‍ പറഞ്ഞു.