ജില്ലയില്‍ പനി ബാധിച്ച് മരിച്ചത് 13 പേര്‍

Posted on: June 18, 2013 6:00 am | Last updated: June 17, 2013 at 10:30 pm
SHARE

fever deathപാലക്കാട്: ജില്ലയില്‍ ഈ മാസം ഇതേവരെ പനി ബാധിച്ച് മരിച്ചത് 13 പേര്‍. ഇന്നലെ മൂന്ന് വയസ്സുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.
കൊല്ലങ്കോട് ഭവ്യശ്രീ (3)തൃശൂര്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യും മംഗലം ഡാം തളികക്കില്‍ ഒരു യുവതിയുമാണ് ഇന്നലെ മരിച്ചത്. ഞായറാഴ്ച ആലത്തൂര്‍ കാവശ്ശേരി ചുണ്ടക്കാട് കുംഭാരത്തറയില്‍ പരേതനായ കുഞ്ചാണ്ടിയുടെ മകള്‍ ബിന്ദുവും ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് പാലക്കാട് വടക്കന്തറ എം കെ സ്ട്രീറ്റ് രുഗ്മിണി നിവാസില്‍ അപ്പുക്കുട്ടന്റെ മകന്‍ ഉണ്ണികൃഷ്ണനും (57) മരിച്ചിരുന്നു.
പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് പ്രതിദിനം ആശുപത്രികളില്‍ ചികിത്സക്കെത്തുന്നത് ആയിരങ്ങളാണ്. കാലവര്‍ഷം ശക്തിപ്പെടുന്നതോടെ ഗുരുതര പ്രത്യാഘാതമാണ് ജില്ലയെ കാത്തിരിക്കുന്നത്.
ഡെങ്കിപ്പനി ബാധിച്ച് മൂന്ന് പേരാണ് ജില്ലയില്‍ മരിച്ചത്. പനിബാധിച്ച് 2394 പേര്‍ ചികിത്സ തേടി. ശ്രീകൃഷ്ണപുരം, കൊഴിഞ്ഞമ്പാറ, വണ്ടാഴി, കുനിശ്ശേരി, നെല്ലിപ്പതി, കുഴല്‍മന്ദം, ചിറ്റൂര്‍, പുതുനഗരം, നെല്ലായ, കൊല്ലങ്കോട് എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി സംശയത്തെ തുടര്‍ന്ന് 13 പേര്‍ ചികിത്സ തേടി.
പട്ടാമ്പിയില്‍ ഒരാള്‍ മലേറിയക്കും, എലവഞ്ചേരി, നെന്മാറ എന്നിവിടങ്ങളിലായി രണ്ട് പേരെ ടൈഫോയ്ഡിനും ചികിത്സ തേടി എത്തിയിട്ടുണ്ട് ആരോഗ്യവകുപ്പിന്റെ പനി സെല്ലില്‍ രേഖപ്പെടുത്തിയിരിക്കുന്ന കണക്കാണിത്. സ്വകാര്യആശുപത്രികളിലും ഹോമിയോ ആയുര്‍വേദ ആശുപത്രികളിലും ചികിത്സ തേടുന്നവരുടെ എണ്ണം ഇതിന്റെ ഇരട്ടിയാണ്.
അതിനിടെ മരുന്നിന്റെയും ഡോക്ടര്‍മാരുടെയും കുറവ് ചികിത്സയെ ബാധിക്കുന്നുണ്ട്. ജില്ലയിലെ 337 ഡോക്ടര്‍മാരുടെ തസ്തികയുള്ളതില്‍ 54പേരുടെ ഒഴിവുണ്ട്. എന്‍ ആര്‍ എച്ച് എം വഴിയും ഡി എം ഒ ഓഫീസ് വഴിയും താത്കാലികനിയമനം നടത്തിയാണ് നിത്യേനയുള്ള കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. അതേസമയം, ജില്ലയിലെ നഗരങ്ങളാകെ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്.
മാലിന്യങ്ങള്‍ നീക്കാന്‍ അടിയന്തരനടപടിസ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്.