Connect with us

Palakkad

ബി ജെ പി മുന്‍ മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു

Published

|

Last Updated

ഒറ്റപ്പാലം: ബി ജെ പി മുന്‍ മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു.
നഗരസഭയില്‍ കഴിഞ്ഞവര്‍ഷം സി പി എമ്മിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച പാര്‍ട്ടി നിലപാടിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട കെ ബിശശികുമാറിന്റെ നേതൃത്വത്തിലാണ് നീക്കം.
ഇത് സംബന്ധിച്ചു കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നാണു വിവരം. അടുത്തമാസം രണ്ടാം വാരം സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ഒറ്റപ്പാലത്തു നടത്തുന്ന പൊതുയോഗത്തില്‍വച്ചാകും പാര്‍ട്ടി പ്രവേശനം.
മഹിളാമോര്‍ച്ച, യുവമോര്‍ച്ച തുടങ്ങിയ പോഷക സംഘടനകളിലെയും പ്രാദേശിക നേതാക്കളില്‍ ചിലരും പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുമെന്നാണ് സൂചന.
ബി ജെ പി ജില്ലാ, നിയോജക മണ്ഡലം നേതൃത്വത്തിലെ ചിലരുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് കെ ബി ശശികുമാര്‍ പറഞ്ഞു. സി പി എമ്മുമായി ഇവര്‍ക്കുള്ള അവിശുദ്ധ ബന്ധം മൂലമാണ് ഒന്നര വര്‍ഷം മുമ്പ് ഒറ്റപ്പാലം നഗരസഭയില്‍ പാര്‍ട്ടിയുടെ സ്വതന്ത്ര നിലപാടു വിട്ടു സി പി എമ്മിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
നഗരസഭയില്‍ സി പി എം-കോണ്‍ഗ്രസ് വിമതസഖ്യത്തെ പിന്തുണക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഒറ്റപ്പാലത്തു ബി ജെ പിയില്‍ വിഭാഗീയത രൂക്ഷമായത്. തീരുമാനത്തോടു വിയോജിപ്പു പരസ്യമായി രേഖപ്പെടുത്തിയതോടെയാണു ശശികുമാറിനെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും പിന്നീട് അംഗത്വത്തില്‍ നിന്നും നീക്കിയത്.
നടപടിക്കു ശേഷവും ആര്‍ എസ് എസുമായി ബന്ധം ഉണ്ടായിരുന്ന ശശികുമാറും കൂട്ടരും പാര്‍ട്ടി പുനഃസംഘടന വരെ കാത്തു നില്‍ക്കുകയായിരുന്നു.
ജില്ലയിലും മണ്ഡലത്തിലും നേതൃമാറ്റം നടക്കാതിരുന്നതോടെയാണു ബി ജെ പി ബന്ധം ഉപേക്ഷിക്കുന്നതും കോണ്‍ഗ്രസിലേക്കു ചേക്കേറുന്നതും.